Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളവാക്കുളം ബസ് സ്റ്റാന്റിനെ പ്രവര്‍ത്തനക്ഷമമാക്കാന്‍ വൈക്കം നഗരത്തിലെ ഗതാഗതസംവിധാനം പരിഷ്‌ക്കരിക്കുന്നു
17/06/2017

വൈക്കം: ദളവാക്കുളം ബസ് സ്റ്റാന്റിനെ ഉപയോഗപ്രദമാക്കുംവിധം നഗരത്തിലെ ഗതാഗതസംവിധാനം അടിമുടി പരിഷ്‌ക്കരിക്കാന്‍ സി.കെ ആശ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി. നിലവില്‍ വലിയകവലയിലെ അലങ്കാരഗോപുരത്തിലൂടെ കടന്നുവരുന്ന വണ്‍വേ സംവിധാനം ജൂലൈ ഒന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു മാസത്തേക്ക് വലിയകവലയില്‍ നിന്നും കൊച്ചുകവല, കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി, കച്ചേരിക്കവല, പടിഞ്ഞാറെനട, തെക്കേനട വഴി ദളവാക്കുളം ബസ് ടെര്‍മിനലില്‍ എത്തുന്ന തരത്തിലാണ് പരിഷ്‌ക്കരിച്ചിരിക്കുന്നത്. നഗരത്തിലേക്കെത്തുന്ന കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇപ്രകാരമാകും സര്‍വീസ് നടത്തുക. തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ലിങ്ക് റോഡിലൂടെ സഞ്ചരിച്ച് വലിയകവല വഴി എറണാകുളത്തേക്കും, കോട്ടയം ഭാഗത്തേക്കുള്ളവ ലിങ്ക് റോഡ് വഴി കോട്ടയത്തേക്കും പോകണം. വെച്ചൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ തെക്കേനടയിലെത്തി ദളവാക്കുളം സ്റ്റാന്റില്‍ കയറി ലിങ്ക് റോഡ്, വലിയകവല, കെ.എസ്.ആര്‍.ടി.സി, ബോട്ട്‌ജെട്ടി, പടിഞ്ഞാറെനട വഴി തിരികെ ദളവാക്കുളത്തെത്തും. ആലപ്പുഴ, ചേര്‍ത്തല, വെച്ചൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ദളവാക്കുളത്തുനിന്നും ആരംഭിച്ച് ലിങ്ക് റോഡ് വഴി കെ.എസ്.ആര്‍.ടി.സി, പടിഞ്ഞാറെനട, തെക്കേനട വഴി പോകുന്ന തരത്തിലാണ് ഗതാഗത സംവിധാനം പരിഷ്‌ക്കരിച്ചിരിക്കുന്നത്. പടിഞ്ഞാറെ ഗോപുരം മുതല്‍ കച്ചേരിക്കവല വരെ കര്‍ശനമായ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. ഇതോടെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ വാഹന പാര്‍ക്കിംഗ് മൂലം വടക്കേനടയില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്ന് എം.എല്‍.എ അറിയിച്ചു. ദീര്‍ഘകാലമായി വൈക്കത്തെ റസിഡന്റ്‌സ് അസോസിയേഷനുകളും വിവിധ സംഘടനകളും ഉന്നയിച്ചിരുന്ന ആവശ്യമാണ് ദളവാക്കുളം ബസ് ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാക്കുകയെന്നത്. ഗതാഗത പരിഷ്‌ക്കാരം നടപ്പിലാകുന്നതോടെ ടെര്‍മിനല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികള്‍. യോഗത്തില്‍ ജോയിന്റ് ആര്‍.ടി.ഒ, പോലീസ്, കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് ഓണേഴ്‌സ് പ്രതിനിധികള്‍, നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ശശിധരന്‍, എന്‍.അനില്‍ബിശ്വാസ്, അഡ്വ. കെ.പ്രസന്നന്‍, ബി.ശശിധരന്‍, അഡ്വ. എ.മനാഫ്, ഇന്ദിരാദേവി, ആര്‍.രഘുനന്ദനന്‍ എന്നിവര്‍ പങ്കെടുത്തു.