Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ മദ്യനയം കള്ള് വ്യവസായ പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ല: ചെത്തുതൊഴിലാളി ഫെഡറേഷന്‍
16/06/2017

വൈക്കം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെട്ട കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കാന്‍ പര്യാപ്തമല്ലെന്ന് കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) എക്‌സി. യോഗം വിലയിരുത്തി. ബാറുകളില്‍ കള്ള് വില്‍ക്കാനുള്ള തീരുമാനം ഒട്ടേറെ ആശങ്ക ഉണ്ടാക്കുന്നതാണ്. എല്‍.ഡി.എഫിന്റെ പ്രഖ്യാപിതമായ നയം ഉദയഭാനു കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു മദ്യനയം നയപ്പിലാക്കുക എന്നതാണ്. വീര്യം കൂടിയ മദ്യം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടു വരണമെന്നും മദ്യാസക്തിയുള്ളവരെ വീര്യം കുറഞ്ഞ മദ്യത്തിലേക്ക് ആകര്‍ഷിക്കത്തക്ക നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കള്ള് വ്യവസായത്തെ സംരക്ഷിക്കണമെന്നുമാണ് ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും കള്ള് വ്യവസായം ഗുരുതരമായ തകര്‍ച്ചയിലാണ്. ചില ജില്ലകളില്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു. ആകെയുള്ള 5185 ഷാപ്പുകളില്‍ ലൈസന്‍സ് ചെയ്ത 4234ല്‍ 3953 (ഡി.എം ഉള്‍പ്പെടെ) പ്രവര്‍ത്തിക്കുന്നതായിട്ടാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്രയും ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ആയിരത്തോളം ഷാപ്പുകളാണ് അടഞ്ഞുപോയത്. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണക്കുപ്രകാരം ആകെയുള്ള തൊഴിലാളികള്‍ 31648 ആണ്. ഇതില്‍ പകുതിയോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുവാന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ മദ്യനയത്തില്‍ കാണുന്നില്ല.
കള്ള് ചെത്തും അതിന്റെ ഉപയോഗവും നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ഒരു പാരമ്പര്യ തൊഴിലാണ്. കേരളത്തിന്റെ കാര്‍ഷിക ജീവിതവുമായും സാംസ്‌കാരിക പാരമ്പര്യവുമായും അഭേദ്യമായി ബന്ധമുള്ള ഒരു തൊഴിലും അതിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന അനേകായിരങ്ങളുടെ ജീവിതവുമാണ് വ്യവസായ തകര്‍ച്ചമൂലം തകര്‍ക്കപ്പെട്ടത്.
കഴിഞ്ഞ മെയ് മൂന്നിന് സര്‍ക്കാര്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സുപ്രീം കോടതി ഉത്തരവില്‍ നിന്നും കള്ള് ഷാപ്പുകളെ ഒഴിവാക്കിയെടുക്കാന്‍ വേണ്ടിവന്നാല്‍ അബ്കാരി ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിക്കൊണ്ടാണെങ്കിലും ശ്രമം നടത്തണമെന്ന അഭിപ്രായം പൊതുവെ ഉയര്‍ന്നു വന്നിരുന്നു. കള്ള് ഷാപ്പുകളുടെ എലുക വിപുലീകരിക്കണമെന്നും ദൂരപരിധി ഏകീകരിക്കണമെന്നും ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ കാര്യങ്ങളോട് ഗവണ്‍മെന്റ് ക്രിയാത്മകമായി പ്രതികരിച്ചെങ്കിലും നയത്തില്‍ ഒന്നും പ്രതിഫലിച്ചില്ല. ടോഡി ബോര്‍ഡ് എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത് കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ ആണ്. കള്ള് വ്യവസായം പൊതുമേഖലയില്‍ കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. മദ്യനയത്തില്‍ ടോഡി ബോര്‍ഡ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. അതിന്റെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും ഘടനയും വ്യക്തമാക്കേണ്ടതാണ്.
കള്ള് വ്യവസായം നേരിടുന്ന മുഖ്യവിഷയം ആവശ്യത്തിന് കള്ള് ഉല്‍പാദനം നടക്കുന്നില്ലെന്നതാണ്. അതിനുള്ള സാഹചര്യമൊരുക്കാന്‍ ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അത്യുല്‍പാദന ശേഷിയുള്ള ഉയരം കുറഞ്ഞ തെങ്ങിന്‍ തൈകള്‍ വ്യാപകമായി കൃഷി ചെയ്യുക, അട്ടപ്പാടിയിലും ഗവണ്‍മെന്റ് ഫാമുകളിലും കള്ള് ചെത്താന്‍ അനുവാദം നല്‍കുക, കള്ള് കേടുകൂടാതെ സൂക്ഷിക്കാനും സംസ്‌കരിക്കാനും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും പദ്ധതി ആവിഷ്‌ക്കരിക്കുക തുടങ്ങിയ സമഗ്രമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. കേരളത്തിന്റെ തനതുമദ്യമെന്ന നിലയില്‍ ശുദ്ധമായ കള്ള് ടൂറിസ്റ്റുകള്‍ക്കുകൂടി ലഭ്യമാക്കുന്നതിനുവേണ്ടി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ടോഡി പാര്‍ലര്‍ ആരംഭിക്കേണ്ടതാണ്. തൃശൂര്‍ കെ.കെ വാര്യര്‍ സ്മാരകഹാളില്‍ ചേര്‍ന്ന ഫെഡറേഷന്‍ എക്‌സി. യോഗത്തില്‍ പ്രസിഡന്റ് കെ.പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. വി.ബി ബിനു, ഇ.എ കുമാരന്‍, ഡി.പി മധു, പി.ജി സുകുമാരന്‍, കെ.എന്‍ ഗോപി, പി.കെ ഷാജകുമാര്‍, എം.വി ജനാര്‍ദ്ദനന്‍, പി.ആര്‍ ശശി, കെ.കെ സിദ്ധാര്‍ത്ഥന്‍, സുനില്‍ മതിലകം, കെ.എം ജയദേവന്‍, യു.എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.