Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണല്‍മരക്കൊമ്പുകള്‍ ആശുപത്രി കെട്ടിടങ്ങള്‍ക്ക് ഭീഷണിയാകുന്നു
13/06/2017
താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ ആശുപത്രി കെട്ടിടങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന തണല്‍മരത്തിന്റെ കൊമ്പുകള്‍.

വൈക്കം: താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ വേമ്പനാട്ട് കായലിനോടു ചേര്‍ന്ന് തണല്‍മരത്തിന്റെ കൊമ്പുകള്‍ ആശുപത്രി കെട്ടിടങ്ങള്‍ക്ക് ഭീഷണിയാകുന്നു. ഇവിടെ വളര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മരത്തിന്റെ അടിഭാഗത്ത് മണ്ണുമാറി ചുവടുകള്‍ വേരുകളുടെ ബലത്തിലാണ് പിടിച്ചുനില്‍ക്കുന്നത്. മരിച്ചാലും രക്ഷയില്ലാത്ത ആശുപത്രി മോര്‍ച്ചറിയുടെ സമീപത്തുനിന്നും പഴക്കം ചെന്ന മരച്ചില്ലകള്‍ കാറ്റിലും മഴയിലും ഒടിഞ്ഞുവീണാല്‍ മോര്‍ച്ചറി തകരുമെന്ന അവസ്ഥയിലാണ്. മറ്റ് വാര്‍ഡുകളുടെയും ഗതി ഇതുതന്നെ. നദീതീര സംരക്ഷണനിയമം പാലിക്കാതെ നിര്‍മിച്ച ആശുപത്രി കോമ്പൗണ്ടിലെ മിക്ക കെട്ടിടങ്ങള്‍ക്കും ഈ മരച്ചില്ലകള്‍ ഭീഷണിയാണ്. വളരെ ദയനീയമായ മോര്‍ച്ചറി കെട്ടിടത്തിന്റെ മുകളില്‍ ഒരു ചെറിയ കമ്പു വീണാല്‍ പോലും ഈ ദ്രവിച്ച കെട്ടിടം തകരാവുന്ന അവസ്ഥയിലാണ്. മോര്‍ച്ചറിക്ക് എം.പി ഫണ്ട് അനുവദിച്ചെങ്കിലും പുനര്‍നിര്‍മിക്കാന്‍ പറ്റാത്ത നിയമവ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണ്. രാത്രി കാലങ്ങളില്‍ വാര്‍ഡിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. മരച്ചില്ലകള്‍ വളര്‍ന്നു പന്തലിച്ച് ഈ ഭാഗമാകെ ഇരുട്ടിലാണ്. അത്യാവശ്യത്തിനുപോലും വെളിച്ചമില്ലാത്ത അവസ്ഥയാണിവിടെ. ആശുപത്രിയോടു ചേര്‍ന്ന് കായല്‍ തീരം മുഴുവന്‍ കാടും പുല്ലുകളും വളര്‍ന്നുനില്‍ക്കുകയാണ്. ഈ ഭാഗത്ത് രാത്രി കാലങ്ങളില്‍ ഇഴജന്തുക്കളെ പേടിച്ച് രോഗികള്‍ ആരും തന്നെ പുറത്തിറങ്ങാറില്ല. ആശുപത്രി കെട്ടിടങ്ങള്‍ക്ക് സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരച്ചില്ലകള്‍ വീണു കെട്ടിടങ്ങള്‍ക്കു നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടി മരച്ചില്ലകള്‍ മുറിച്ചുമാറ്റുവാന്‍ വനം വകുപ്പ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതോടൊപ്പം കുണ്ടും കുഴിയുമായി കിടക്കുന്ന മോര്‍ച്ചറിയുടെ ഭാഗത്ത് രാത്രികാലത്ത് കായലിനോടു ചേര്‍ന്ന് വെളിച്ചം കിട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകേണ്ടതാണ്.