Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംവരണം നിര്‍ത്തലാക്കാനുള്ള ഗൂഢനീക്കത്തിനും ദളിത് പീഡനത്തിനും എതിരെ പുലയസമുദായ ഏകോപനസമിതി രൂപീകരിച്ചു
12/11/2015
സംവരണം നിര്‍ത്തലാക്കാനുള്ള ഗൂഢനീക്കത്തിനും ദളിത് പീഡനത്തിനും എതിരെ പുലയസമുദായ ഏകോപനസമിതി രൂപീകരിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന പട്ടിക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള സംവരണം ഭരണഘടനാപരമായ അവകാശമാണ്. സംവരണം അവസാനിപ്പിക്കണമെന്നുള്ള ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധവും ഇതുവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്താന്‍ കഴിയാത്ത പട്ടികവിഭാഗങ്ങളെ വീണ്ടും അടിമത്തത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗവുമാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ച ശക്തികള്‍ തന്നെയാണ് ഇന്നും രംഗത്തുള്ളത്. യൂണിവേഴ്‌സിററികളിലെ ഉയര്‍ന്ന തസ്തികകളിലെ നിയമനങ്ങള്‍ പൂര്‍ണമായും മെറിററ് അടിസ്ഥാനത്തില്‍ വേണമെന്ന കോടതിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിത് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടെരിക്കുകയും ചെയ്ത സംഭവങ്ങള്‍ രാജ്യത്തിനാകെ അപമാനകരമാണ്. ദളിത് വിഭാഗങ്ങള്‍ക്കെതിരായ ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിന് എല്ലാ പട്ടികജാതി സംഘടനകളും അഭിപ്രായഭിന്നതകള്‍ മറന്ന് യോജിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ തുടക്കമായാണ് പുലയസമുദായ ഏകോപനസമിതിക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ.കെ കുട്ടപ്പന്‍, കെ.ചെല്ലപ്പന്‍, പി.കെ മുരളീധരന്‍, എ.ഭാസ്‌ക്കരന്‍, സി.ടി അപ്പുക്കുട്ടന്‍, ശശിധരന്‍ അക്കരപ്പാടം, ടി.സി ഗോപി എന്നിവര്‍ പങ്കെടുത്തു.