Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടയാറിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താണ സഹപാഠിയെ ജീവന്‍ പണയംവെച്ച് രക്ഷിച്ച അനന്തുവിന് മുഖ്യമന്ത്രിയുടെ ധീരതക്കുള്ള അവാര്‍ഡ്.
30/12/2015
ഇടയാറില്‍ മുങ്ങിത്താണ സഹപാഠിയെ രക്ഷിച്ച വെച്ചൂര്‍ ദേവീവിലാസം സ്‌ക്കൂളിലെ അനന്തുവും രക്ഷപെട്ട സൂര്യദേവും
ഇടയാറിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താണ സഹപാഠിയെ ജീവന്‍ പണയംവെച്ച് രക്ഷിച്ച അനന്തുവിന് മുഖ്യമന്ത്രിയുടെ ധീരതക്കുള്ള അവാര്‍ഡ്. അവാര്‍ഡിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ നില്‍ക്കുന്ന അനന്തു വെള്ളത്തിലൂടെ നീന്തിച്ചെന്ന് രക്ഷിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ട ഒരു ജീവന്‍ രക്ഷിക്കണമെന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. നീട്ടിയ ഒരു കൈ ഒഴികെ ബാക്കി മുങ്ങിത്താഴുകയായിരുന്ന സൂര്യദേവെന്ന ഒന്‍പതാം ക്ലാസുകാരനെ രക്ഷിച്ച് കരക്ക് എത്തിച്ചപ്പോള്‍ മാത്രമാണ് സ്വന്തം കയ്യിലൂടെ ജീവിതത്തിന്റെ കരപററിയ വിദ്യാര്‍ത്ഥി തന്റെ സഹപാഠി തന്നെയെന്ന് അനന്ദു തിരിച്ചറിയുന്നത്. കുടവെച്ചൂര്‍ കാവടേഴത്തുതറ ദിലീപിന്റെയും സുഗതയുടെയും മകനായ അനന്തുവും അനന്തു അപകടത്തില്‍ നിന്നും രക്ഷിച്ച കുടവെച്ചൂര്‍ തറയില്‍ പരേതനായ സുദര്‍ശനന്റെ മകനായ സൂര്യദേവും വെച്ചൂര്‍ ദേവീവിലാസം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ജൂലൈ 28ന് വൈകുന്നേരം സ്‌ക്കൂളില്‍നിന്നും വന്നതിനുശേഷം ട്യൂഷന് സൈക്കിളില്‍ പോകുന്നതിനിടയില്‍ ഈരയില്‍ പാലത്തിനുകീഴെ ഇടയാറില്‍ സൂര്യദേവ് മുങ്ങിത്താഴുന്നതാണ് ദൂരെനിന്ന് അനന്തു കാണുന്നത്. സൈക്കളില്‍ നിന്ന് അനന്തു മറെറാന്നും ആലോചിക്കാതെ ഇടയാറിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇടയാറില്‍ നിന്ന് രണ്ടര മീററര്‍ ഉയരത്തിലാണ് കൈവരിയില്ലാത്ത പാലം സ്ഥിതിചെയ്യുന്നത്. മഴ കനത്തുപെയ്യുന്ന സമയത്തായിരുന്നു അപകടം. പാലത്തിന്റെ കീഴെ മരക്കുററികള്‍ ധാരാളുണ്ടായിരുന്നതിനാല്‍ അപകടസാധ്യത ഏറെയായിരുന്നു. ആഴം ഏറെയുള്ള ഇവിടെ വര്‍ഷങ്ങള്‍ക്കുമുന്‍പ് നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തൊഴിലാളി സ്ത്രീക്ക് ദാരുണഅന്ത്യവും ഇവിടെ ഉണ്ടായിട്ടുണ്ട്. അമ്പലക്കുളത്തിലൂടെ നീന്തല്‍ പഠിച്ച അനന്തു അധ്യാപക പ്രേരണയില്‍ നിരവധി നീന്തല്‍ മത്സരത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ സമ്മാനങ്ങളുടെ കൈക്കരുത്താണ് അനന്തുവിനെ സൂര്യദേവിനെ രക്ഷിക്കാന്‍ പ്രാപ്തനാക്കിയത്. തന്നെ രക്ഷിച്ച അനന്തുവിനെ നീന്തല്‍ വശമില്ലാത്ത സൂര്യദേവ് എന്നും ദൈവത്തെപ്പോലെയാണ് കാണുന്നതെന്ന് അടിവരയിടുന്നു. പിതാവ് മരിച്ച കുടുംബത്തിലെ ഏകആശ്രയമാണ് സൂര്യദേവ്. നാടും സ്‌ക്കൂളും നിരവധി ചടങ്ങുകള്‍ സംഘടിപ്പിച്ചും പൊന്നാടയും ക്യാഷും ട്രോഫിയും അനുമോദനങ്ങളും നല്‍കുമ്പോഴും തന്റെ സഹപാഠിയെ രക്ഷിച്ചതുതന്നെയാണ് ഏററവും വലിയ അവാര്‍ഡെന്ന് അനന്തു ദിലീപ് ഓര്‍മപ്പെടുത്തുന്നു.