Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാവില്‍ ഓഫീസിനു മുന്നില്‍ കൂട്ടധര്‍ണ നടത്തി.
30/12/2015
സര്‍ക്കാര്‍ ഏജന്‍സിയായ 'കാവിലി'ന്റെ (കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിററഡ്) പേരില്‍ അലങ്കാര മത്സ്യകൃഷി നടത്തി കടക്കെണിയിലായ കുടുംബങ്ങള്‍ കാവില്‍ ഓഫീസിനു മുന്നില്‍ കൂട്ടധര്‍ണ നടത്തി. സര്‍ക്കാരിന്റെ വാക്കു വിശ്വസിച്ച് മത്സ്യകൃഷി ചെയ്ത മൂന്നൂറോളം കുടുംബങ്ങളാണ് പെരുവഴിയിലായത്. അലങ്കാര മത്സ്യകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാധാരണക്കാരായ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ സ്ഥാപനമാണ് കാവില്‍. കോട്ടയം, ആലപ്പുഴ, എറണാകുളം തൃശൂര്‍ ജില്ലകളിലായി ആയിരത്തിലധികം കര്‍ഷകര്‍ അലങ്കാര മത്സ്യകൃഷിയില്‍ ഏര്‍പ്പെട്ടിരുന്നു. മത്സ്യക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ കൊടുക്കുകയും വളര്‍ന്ന മീനുകളെ തിരിച്ചെടുത്ത് സ്ഥിരമായി ഒരു വരുമാനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു കാവിലിന്റെ ഉദ്ദേശലക്ഷ്യം. കാവില്‍ നടത്തിയ ക്ലാസുകളിലൂടെ ആവേശം ഉള്‍ക്കൊണ്ട കുടുംബങ്ങള്‍ പലരും അലങ്കാര മത്സ്യകൃഷിയില്‍ സജീവമായി. നാല് ജില്ലകളില്‍ നിന്ന് ഏററവുമധികം ആളുകള്‍ ഇതില്‍ പങ്കാളിത്തം വഹിച്ചത് വൈക്കം, കടുത്തുരുത്തി മേഖലകളില്‍ നിന്നുമായിരുന്നു. മുന്നൂറിലധികം കുടുംബങ്ങളാണ് മത്സ്യകൃഷിയില്‍ ഏര്‍പ്പെട്ടത്. ഉദയനാപുരം, ചെമ്പ്, തലയാഴം, ടി.വി പുരം, ബ്രഹ്മമംഗലം, വടയാര്‍, കടുത്തുരുത്തി മേഖലകളില്‍ നിന്നാണ് കൂടുതല്‍ പേരും കൃഷിയിലേര്‍പ്പെട്ടത്. ഒരു വീട്ടില്‍ മൂന്ന് ടാങ്ക് മുതല്‍ 16 ടാങ്ക് വരെ പലരും നിര്‍മിച്ചു. 30,000 രൂപ വരെ ചെലവുവരും ഒരു ടാങ്കിന്റെ നിര്‍മാണത്തിന്. പലരും പുരയിടങ്ങളിലെ വാഴകളും, മരങ്ങളുമെല്ലാം വെട്ടിമാററിയാണ് ടാങ്ക് നിര്‍മാണത്തിന് സ്ഥലം കണ്ടെത്തിയത്. 2009ലാണ് കാവിലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓരോ കുടുംബത്തിനും 50,000 മുതല്‍ 75,000 രൂപ വരെ സബ്‌സിഡി ലഭിച്ചിരുന്നു. ബാക്കി തുക സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്താണ് ഇവര്‍ തുക കണ്ടെത്തിയത്. ആരംഭത്തില്‍ വലിയ കുഴപ്പമില്ലാതെയാണ് ഇതിന്റെ പ്രവര്‍ത്തനം മുന്നോട്ടു നീങ്ങിയത്. എറണാകുളം ജില്ലയിലെ ആലുവയിലാണ് കാവിലിന്റെ ആസ്ഥാനം. എന്നാല്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് സ്ഥിരമായി ജീവനക്കാര്‍ പോലുമില്ലെന്ന് പിന്നീടാണ് സാധാരണക്കാരായ കര്‍ഷകര്‍ അറിയുന്നത്. ഇപ്പോള്‍ ടാങ്കില്‍ വളര്‍ത്തുന്ന അലങ്കാര മത്സ്യങ്ങളെ എന്തു ചെയ്യണമെന്ന് അറിയാതെ കര്‍ഷകര്‍ വലയുകയാണ്. പലരും വായ്പ കുടിശികയുടെ പേരില്‍ ജപ്തി ഭീഷണി നേരിടുന്നു. പുരയിടങ്ങളിലെ ടാങ്കുകള്‍ പൊളിച്ചുമാററുവാന്‍ പോലും സാമ്പത്തികശേഷിയില്ലാതെ ഇവര്‍ വട്ടം കറങ്ങുകയാണ്. കാനറ ബാങ്ക് തലയോലപ്പറമ്പ് ശാഖയില്‍ നിന്നാണ് കാവിലിന്റെ നിര്‍ദ്ദേശപ്രകാരം ഇവര്‍ വായ്പയെടുത്തത്. കുടിശ്ശികയുടെ പേരില്‍ ഭൂരിഭാഗത്തിനും ബാങ്ക് അധികാരികള്‍ നോട്ടീസ് അയച്ചുകഴിഞ്ഞു. കാവിലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സര്‍ക്കാര്‍ തലങ്ങളില്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അലങ്കാര മത്സ്യകൃഷി നടത്തി സ്വകാര്യ സംരഭകര്‍ വലിയ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കൃഷിയിലിറങ്ങിയ സാധാരണക്കാര്‍ പെരുവഴിയില്‍ നട്ടംതിരിയുകയാണ്. ഇതിനെതിരെയാണ് ആലുവയിലെ കാവില്‍ ഓഫീസിനു മുന്നില്‍ ധര്‍ണനടത്തിയത്. കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ടി.പുരുഷോത്തമന്‍ ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു. കാവില്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മേരി തോമസ്, സെക്രട്ടറി സി.സി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.