Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞു താഴ്ന്ന പാലാംകടവ്-അടിയം- വെട്ടിക്കാട്ട്മുക്ക് റോഡ് മാസങ്ങളായി അപകടാവസ്ഥയില്‍.
31/05/2017
പാലാംകടവ്- അടിയം-വെട്ടിക്കാട്ട്മുക്ക് റോഡില്‍ കഴിഞ്ഞ വര്‍ഷം മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞു താഴ്ന്ന ഭാഗം.

തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞു താഴ്ന്ന പാലാംകടവ്-അടിയം- വെട്ടിക്കാട്ട്മുക്ക് റോഡ് മാസങ്ങളായി അപകടാവസ്ഥയില്‍. കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിന് റോഡരികില്‍ നിന്ന തണല്‍ മരം ആറ്റിലേക്ക് കട പുഴകി വീണതോടെയാണ് ആറ്റുതീരവും അനുബന്ധ റോഡും പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. തുടര്‍ന്ന് എം.പി, എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇടിഞ്ഞ ഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിക്കുന്നതിന് വേണ്ടി റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ അധികൃതര്‍ അനുവദിച്ചിരുന്നു. എന്നാല്‍ തീരമിടിഞ്ഞ ഭാഗത്ത് തെങ്ങിന്‍ കുറ്റികള്‍ ഉപയോഗിച്ച് ഏരി താഴ്ത്തി അതില്‍ മണല്‍ചാക്കുകള്‍ നിരത്തി തിട്ട ഉയര്‍ത്തുക മാത്രമാണ് അധികൃതര്‍ ചെയ്തത്. ആറ്റുതീരം ഇടിഞ്ഞതോടെ റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞുപോയതിനാല്‍ ഒരു വാഹനം മാത്രമേ കഷ്ടിച്ച് ഇതുവഴി കടന്നുപോവുകയുള്ളു. ഇതോടെ വാഹനങ്ങള്‍ ഈ ഭാഗത്ത് അപകടത്തില്‍പ്പെടുന്നത് പതിവായി. അടിയം ചാല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി പുത്തന്‍ തോടിന്റെ ഇരുവശങ്ങളിലും ബോക്‌സ് കള്‍വര്‍ട്ടര്‍ സ്ഥാപിക്കുന്ന ജോലികള്‍ നടത്തുന്നതിനായി ഏതാനും മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ വെട്ടിക്കാട്ട്മുക്ക് ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ അപകടാവസ്ഥയിലായ റോഡിലൂടെയാണ് കടന്നുപോകുന്നത്. മഴക്കാലം ആരംഭിക്കുന്നതോടെ റോഡ് പൂര്‍ണമായും തകര്‍ന്ന് വന്‍ ദുരന്തം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് പ്രദേശ വാസികള്‍ പറയുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനാല്‍ വഴി തടയല്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.