Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് ഭരണസമിതി
30/05/2017

വൈക്കം: ഒന്നരവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തിന്റെ നേതൃത്വത്തില്‍ നിന്നും സി.പി.ഐയുടെ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് സ്ഥാനമൊഴിഞ്ഞു. മുന്നണി ധാരണയനുസരിച്ചാണ് ചെയര്‍മാന്‍ പദവിയില്‍ നിന്നും രാജിവെക്കുന്നത്. തുടര്‍ന്ന് ഇന്ദിരാദേവി ചെയര്‍പേഴ്‌സണ്‍ ആകും. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സുതാര്യമായും വേഗതയിലും പാലിക്കാനുള്ള പരിശ്രമത്തിലാണ് എല്‍ ഡി എഫ് നേതൃത്വത്തിലുള്ള ഭരണസമിതി. ഭരണം ഒന്നര വര്‍ഷം പിന്നിടുന്നു. നിലച്ചുപോയ വൈക്കം തവണക്കടവ് ജങ്കാര്‍ സര്‍വ്വീസ് പുനസ്ഥാപിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാന ജനകീയാവശ്യം. തടസ്സങ്ങള്‍ എല്ലാം പരിഹരിച്ച് സമയബന്ധിതമായി ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചു.
മൂന്നു സിനിമ തീയറ്റര്‍ ഉണ്ടായിരുന്ന വൈക്കത്ത് തീയറ്ററുകള്‍ ഇല്ലാതായിട്ട് വര്‍ഷങ്ങളേറെയായി. അത്യാധുനിക മള്‍ട്ടീപ്ലസ് എയര്‍കണ്‍ണ്ടീഷന്‍ഡ് തീയേറ്റര്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി ധാരണയിലെത്തുകയും കായലോരബീച്ചിന് സമീപത്തായി 40 സെന്റ് സ്ഥലം തീയേറ്റര്‍ നിര്‍മ്മിക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന് കൈമാറുകയും ചെയ്തു. ഈ വര്‍ഷാവസാനം നിര്‍മ്മാണം ആരംഭിക്കും. അടഞ്ഞു കിടന്ന നഗരസഭാ വക ലോഡ്ജ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. വൈദ്യുതി കണക്ഷന്‍ ലഭിക്കാതിരുന്നതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതിരുന്ന ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം പ്രവര്‍ത്തനയോഗ്യമാക്കി ലാബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
ആധുനിക ഓപ്പറേഷന്‍ തീയേറ്ററിനും വൈദ്യുതി ലഭ്യമാക്കി. 89 ലക്ഷം രൂപ എന്‍.ആര്‍.എച്ച്.എം ഫണ്ടില്‍ നിന്നും തീയേറ്റര്‍ ഉപകരണങ്ങള്‍ക്കും, 9 ലക്ഷം രൂപ ഫര്‍ണീച്ചറിനും അനുവദിച്ചു. ആധുനിക മോര്‍ച്ചറി നിര്‍മ്മിക്കാന്‍ എം.പി ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ലഭ്യമാക്കി. പ്രരംഭ ജോലികള്‍ നടന്നു വരുന്നു. നഗരസഭയിലെ കുട്ടികളുടെ പാര്‍ക്ക് മനോഹരമായി നവീകരിച്ച് പുനരാരംഭിച്ചു. പാര്‍ക്കിനോട് ചേര്‍ന്ന് കുടുംബശ്രീയുടെ ലഘുഭക്ഷണശാല തുടങ്ങി.കായലോര ബീച്ചില്‍ കളിക്കളവും സ്റ്റേഡിയവും നിര്‍മ്മിക്കുകയെന്നത് നാടിന്റെ ചിരകാല സ്വപ്നമാണ്. ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി കളിക്കള നിര്‍മ്മാണവും വൈദ്യുതാലങ്കാരവും ഇരിപ്പിടങ്ങളും വാക് വേയും പൂര്‍ത്തിയായി വരുന്നു.
മുന്‍ എം.എല്‍.എ കെ.അജിത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കായലോരവും ശില്‌പോദ്യാനവും ടൈലുകള്‍ പാകി മനോഹരമാക്കി ലൈറ്റുകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചു. സ്പീഡ് ബോട്ട്, കയാക്കിംഗ്, പെഡല്‍ ബോട്ട് സൗകര്യങ്ങള്‍ ഉടന്‍ ആരംഭിക്കും. നഗരത്തിന്റെ വികസനവും തീര്‍ത്ഥാടക-കായല്‍ ടൂറിസവും ലക്ഷ്യമിട്ട് ഉത്തരവാദിത്വ ടൂറിസം മാതൃകയില്‍ വൈക്കം ഫെസ്റ്റിന് ആദ്യമായി തുടക്കം കുറിച്ചു. കുടുംബശ്രീകളെ ശക്തിപ്പെടുത്തി നഗരശ്രീ എന്ന പേരില്‍ കറിപ്പൊടി നിര്‍മ്മാണ യൂണിറ്റ്, പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റ്, തയ്യല്‍ യൂണിറ്റ് തുടങ്ങിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുടുംബശ്രീ വിപണനകേന്ദ്രത്തിന് സൗകര്യമേര്‍പ്പെടുത്തി.
കപ്പോളച്ചിറയിലെ മാലിന്യ സംസ്‌ക്കരണകേന്ദ്രത്തിന്റെ ചുറ്റുമതിലും എയ്‌റോബിക് പ്ലാന്റ് നിര്‍മ്മാണവും പൂര്‍ത്തിയാക്കി. ജൈവകൃഷി സജീവമാക്കുന്നതിന് 700റോളം കുടുംബങ്ങള്‍ക്ക് ഗ്രോബാഗുകളില്‍ പച്ചക്കറി തൈകള്‍ നല്‍കി. മുട്ടഗ്രാമം, ആടുഗ്രാമം പദ്ധതി, ജനകീയ മത്സ്യകൃഷി തുടങ്ങിയവ വാര്‍ഡുതലങ്ങളില്‍ സജീവമായി. 2016-17-ലെ സംസ്ഥാന ജൈവകൃഷി അവാര്‍ഡില്‍ നഗരസഭ 2-ാം സ്ഥാനം നേടി. സ്‌കൂള്‍ പച്ചക്കറിത്തോട്ടങ്ങളില്‍ മടിയത്ര സ്‌കൂള്‍ ജില്ലയിലെ 1-ാം സ്ഥാനം കരസ്ഥമാക്കി. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന സ്വാപ്പ് ഷോപ്പിന് ജില്ലയിലെ 1-ാം സ്ഥാനം നഗരസഭ നേടി. കിടപ്പു രോഗികളുടെ പരിചരണത്തിനുള്ള പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി രോഗീ ബന്ധുജനസംഗമം നടത്തി. വയോജനങ്ങള്‍ക്കുള്ള വയോമിത്രം പദ്ധതി കാര്യക്ഷമമാക്കി.
2009ല്‍ പണിപൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതെ പോയ താലൂക്കിലെ ആദ്യത്തെ പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ദളവാക്കുളം ബസ് ടെര്‍മിനല്‍ നവീകരിച്ചു. പ്രവാസികളായ വൈക്കത്തുകാരുടെ സംഘടനയായ വീനിക്‌സും സേവയും ആയി ചേര്‍ന്ന് ബോട്ടുജെട്ടിക്ക് സമീപം അക്വേറിയം കോമ്പൗണ്ടില്‍ ആധുനിക നിലവാരത്തിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് കരാറിലേര്‍പ്പെട്ടു. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ജില്ലയിലാദ്യമായി സംസ്ഥാനത്ത് രണ്ടാമതായും തെരുവുനായ വന്ധ്യംകരണത്തിനുള്ള എ ബി സി പ്രോഗ്രാം നഗരസഭ വിജയകരമായി നടപ്പിലാക്കി വരുന്നു. ജൈവകൃഷി വ്യാപനത്തിനുള്ള ഇക്കോ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനും വിവിധ ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ അടഞ്ഞു കിടന്നിരുന്ന മുറികള്‍ ലേലം ചെയ്യുന്നതിനും നടപടി സ്വീകരിച്ചു.കെ വി കനാല്‍ ടൂറിസം പദ്ധതി, ദളവക്കുളം പോരാളികള്‍ക്ക് സമുചിതസ്മാരകം, അന്ധകാരത്തോടിന് സമീപം വൈക്കം സത്യാഗ്രഹസ്മാരക അലങ്കാര ഗോപുരം, 100 വര്‍ഷം പൂര്‍ത്തിയാകുന്ന നഗരസഭയ്ക്ക് നാലു നിലകളുള്ള ശതാബ്ദി സ്മാരക മന്ദിരവും നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ കൗണ്‍സില്‍ ആവിഷ്‌ക്കരിച്ച് അതിനുള്ള പ്രരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
കെ.അജിത്ത്, സി.കെ ആശ എം.എല്‍.എമാരുടെയും സര്‍ക്കാരിന്റെയും സഹായത്തോടെ മുടങ്ങിക്കിടന്ന വൈക്കം ഫയര്‍‌സ്റ്റേഷന്‍, ഡി.വൈ.എസ്.പി ഓഫീസ് എന്നിവ യാഥാര്‍ത്ഥ്യമാക്കി. നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന അന്ധകാരത്തോട് നവീകരണജോലികള്‍ പുരോഗമിക്കുകയാണ്. കൂട്ടായപരിശ്രമവും കൃത്യതയാര്‍ന്ന ആസൂത്രണത്തിലൂടെയുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനായത്. അഞ്ചുവര്‍ഷക്കാലം കൊണ്ട് പൈതൃക നഗരിയുടെ സമഗ്രവികസനം സാധ്യമാക്കുന്ന പദ്ധതികളാണ് എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള കൗണ്‍സില്‍ നടപ്പിലാക്കി വരുന്നത്. പിന്നിട്ട ഒന്നരവര്‍ഷക്കാലം വികസനവഴിയില്‍ പിന്‍ന്തുണയും പ്രചോദനവും നല്‍കിയ മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകള്‍, നഗരത്തിന്റെ വികസനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും അനില്‍ ബിശ്വാസ് നന്ദി രേഖപ്പെടുത്തി.