Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിജയലക്ഷ്മി പറന്നുയരുന്നത് ലോകത്തിന്റെ നെറുകയിലേക്കാണെന്ന് സിനിമ സംവിധായകന്‍ കമല്‍.
30/05/2017
വൈക്കം വിജയലക്ഷ്മിയുടെ സംഗീതോത്സവത്തില്‍ കുടുംബ ക്ഷേത്രത്തിന്റെ പേരിലുള്ള നാഗ ചാമുണ്ടേശ്വരി സംഗീതരത്‌ന പുരസ്‌കാരം ദേശീയ അവാര്‍ഡ് ജേതാവ് എം.ജയചന്ദ്രന് സിനിമ സംവിധായകന്‍ കമല്‍ സമ്മാനിക്കുന്നു.

വൈക്കം: എം.ജയചന്ദ്രന്‍ സംഗീതസംവിധാനം ചെയ്ത പാട്ട് പാടി വൈക്കം വിജയലക്ഷ്മി പറന്നുയരുന്നത് ലോകത്തിന്റെ നെറുകയിലേക്കാണെന്ന് സിനിമ സംവിധായകന്‍ കമല്‍. ഈശ്വരന്റെ വലിയ കൃപ കിട്ടിയ വൈക്കം വിജയലക്ഷ്മി വൈക്കത്തിന്റെ മണ്ണിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. സംഗീതരംഗത്ത് മുപ്പതാണ്ട് പിന്നിട്ട വൈക്കം വിജയലക്ഷ്മിയുടെ പേരില്‍ ആദ്യമായി തുടങ്ങിയ വൈക്കം വിജയലക്ഷ്മി സംഗീതോത്സവത്തില്‍ ദേശീയ പുരസ്‌കാര ജേതാവും സംഗീത സംവിധായകനുമായ എം.ജയചന്ദ്രന് വിജയലക്ഷ്മിയുടെ കുടുംബക്ഷേത്രത്തിന്റെ പേരിലുള്ള നാഗചാമുണ്ടേശ്വരി സംഗീതരത്‌ന പുരസ്‌കാരം നല്‍കി ആദരിക്കുകയായിരുന്നു അദ്ദേഹം.മലയാളിയുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ഒട്ടേറെ പാട്ടുകള്‍ക്ക് ഈണം മീട്ടിയ ജയചന്ദ്രന്‍ മലയാള സിനിമാലോകത്തിന് പ്രിയപ്പെട്ടവനായി മാറിയെന്ന് കമല്‍ പറഞ്ഞു. സംഗീത ലോകത്ത് മികവുറ്റ സിദ്ധികൊണ്ട് ഉന്നതങ്ങളിലേക്ക് ഉയരുന്ന വൈക്കം വിജയലക്ഷ്മി ചെറിയപ്രായത്തില്‍ തന്നെ ഡോക്ടറേറ്റ് നേടിയത് വലിയ ബഹുമതിയാണെന്ന് എം.ജയചന്ദ്രന്‍ പറഞ്ഞു.സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ രോഹിണിക്കുട്ടി അയ്യപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.സംഗീത സംവിധായകരായ ആചാര്യ ആനന്ദ് കൃഷ്ണ, കെ.ജി വിജയകുമാര്‍, വൈക്കം വിജയലക്ഷ്മി, വിജയലക്ഷ്മിയുടെ അച്ഛന്‍ വി.മുരളീധരന്‍, അമ്മ വിമല എന്നിവര്‍ പ്രസംഗിച്ചു. വൈക്കം വിജയലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഥമ ചികിത്സ സഹായമായ രണ്ട് ലക്ഷം രൂപയും വീല്‍ച്ചെയറും നിര്‍ധന കുടുംബാംഗമായ ആന്‍ഡ്രൂസിന് സി.കെ.ആശ എം.എല്‍.എ കൈമാറി.