Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബൈബിള്‍ പകര്‍ത്തിയെഴുതിക്കൊണ്ട് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് ഇടവക ചരിത്രത്തിലേക്ക് നടന്നു കയറി
24/05/2017
തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് ഇടവകാംഗങ്ങള്‍ ബൈബിള്‍ പകര്‍ത്തിയെഴുതുന്നു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് ഇടവക ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു, ബൈബിള്‍ പകര്‍ത്തിയെഴുതിക്കൊണ്ട്. 2014ല്‍ ഒരുമണിക്കൂര്‍ മുപ്പത്തിനാല് മിനിറ്റുകൊണ്ട് 1264 പേര്‍ ബൈബിള്‍ പകര്‍ത്തിയെഴുതിയ നിലവിലെ റെക്കോര്‍ഡാണ് തലയോലപ്പറമ്പ് ഇടവക തിരുത്തിക്കുറിച്ചത്. 790 പേര്‍ ഒരു മണിക്കൂര്‍ പന്ത്രണ്ട് മിനിറ്റുകൊണ്ട് കത്തോലിക്കാ ബൈബിളിലെ പഴയനിയമവും പുതിയ നിയമവും ഉള്‍പ്പെടെ 73 പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ നിലവിലെ റെക്കോര്‍ഡ് തിരുത്തി. ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെയും ഒരുക്കത്തിന്റെയും ഫലമായി ബൈബിള്‍ പകര്‍ത്തിയെഴുത്ത് എന്ന ഈ യജ്ഞം അക്ഷരാര്‍ത്ഥത്തില്‍ പുതുതലമുറയ്ക്ക് ബൈബിള്‍ എന്തെന്ന് മനസ്സിലാക്കുവാനുള്ള അവസരമായിരുന്നു. സ്വന്തം കൈയ്യക്ഷരത്തില്‍ ബൈബിള്‍ പകര്‍ത്തിയെഴുതുവാന്‍ പത്ത് വയസ്സുമുതല്‍ എഴുപത്തിയഞ്ച് വയസ്സുവരെ പ്രായമുള്ളവരും മറ്റ് മതസ്ഥരും പങ്കാളികളായി. പുതിയ തലമുറ ഏറെ ഉത്സാഹത്തോടെയാണ് പങ്കുചേരാന്‍ എത്തിയതെന്നും വിശുദ്ധ ഗ്രന്ഥത്തെ അടുത്തറിയാനും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും ബൈബിള്‍ പകര്‍ത്തിയെഴുത്തുകൊണ്ട് സഹായകരമായി എന്നും വികാരി ഫാ. ജോണ്‍ പുതുവ പറഞ്ഞു. മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും സ്വാധീനം വെല്ലുവിളിയായിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ 790 പേര്‍ ബൈബിള്‍ പകര്‍ത്തിയെഴുതുവാന്‍ എത്തിയത് ആഴമായ വിശ്വാസത്തിന്റെയും ക്രിസ്തുസ്‌നേഹത്തിന്റെയും ഉദാഹരണമാണെന്ന് ഫാദര്‍ പുതുവ ചൂണ്ടിക്കാട്ടി. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ചീഫ് എഡിറ്റര്‍ ഗിന്നസ് സുനില്‍ ജോസഫ്, റെക്കോര്‍ഡ് ജേതാക്കളും യു.ആര്‍.എഫ്. പ്രതിനിധികളുമായ വി. ടി ജോളി, അമല്‍ എബി ജോസഫ്, യു.ആര്‍.എഫ്. കേരള റിപ്പോര്‍ട്ടര്‍ ലിജോ ജോര്‍ജ്ജ്, ഷൈനി ജോസഫ് എന്നിവര്‍ നിരീക്ഷകരായിരുന്നു. ഫാദര്‍ ജിജു വലിയകണ്ടത്തില്‍, ജോസഫ് മണ്ണാര്‍കണ്ടം, ജോര്‍ജ്ജ് നാവംകുളങ്ങര, ആന്റണി കളമ്പുകാടന്‍, സെബാസ്റ്റ്യന്‍ കെ.ജെ. എന്നിവരും ഇടവകയിലെ മതബോധന വിഭാഗവും നേതൃത്വം നല്‍കി.