Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്‍പത്തിയേഴിലെ സി പി ഐ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയാണ് പിണറായി സര്‍ക്കാരെന്ന് സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം
23/05/2017
വൈക്കത്ത് എന്‍ ദാമോദരന്‍ അനുസ്മരണം സി പി ഐ ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അന്‍പത്തിയേഴിലെ സി പി ഐ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയാണ് പിണറായി സര്‍ക്കാരെന്ന് സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. വൈക്കത്ത് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് എന്‍ ദാമോദരന്റെ (ബോസ് ചേട്ടന്‍) ചരമവാര്‍ഷികത്തോടനുബന്ധിച്ച് സി പി ഐ ടൗണ്‍ ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കച്ചേരിക്കവലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 57 മുതലുള്ള എല്ലാ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെയും പാരമ്പര്യം പിണറായി ഗവണ്‍മെന്റിനുണ്ട്. സി പി ഐ ഈ സര്‍ക്കാരിനെ കാണുന്നത് രാജ്യത്തിന് മുഴുവന്‍ മാതൃകയായിട്ടാണ്. പാര്‍ട്ടിക്ക് വ്യക്തമായ ലക്ഷ്യബോധമുണ്ട്. സി പി ഐ ഈ ഗവണ്‍മെന്റിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു രക്ഷിക്കും. മുഖ്യമന്ത്രി കസേരയെ പരമപദമായി ഇന്ന് പലരും കാണുന്നു. എന്നാല്‍ ഇടതുപക്ഷം എന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടി അതിനെ പുല്ലുപോലെ വലിച്ചെറിഞ്ഞ പാരമ്പര്യമാണ് സി പി ഐക്കുള്ളത്. സോളമന്‍ രാജാവിന് മുന്നില്‍ രണ്ട് അമ്മമാര്‍ ഒരു കുഞ്ഞിന്റെ അവകാശ വാദവുമായെത്തിയ കഥയുണ്ട്. രണ്ടാള്‍ക്കുമായി കുഞ്ഞിനെ പകുത്ത് നല്‍കാമെന്ന് പറഞ്ഞ രാജാവിനോട് കുഞ്ഞിനെ മറ്റേയാള്‍ക്ക് കൊടുത്തേക്കുക, തന്റെ കുഞ്ഞിനെ വെട്ടിമുറിക്കരുതെന്ന് പറഞ്ഞ ആ അമ്മയുടെ മനസ്സാണ് സി പി ഐക്ക്. അടിയന്തിരാവസ്ഥയെ ഏററവും വലിയ പീഢനകാലമായി പലരും വിശേഷിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ നൂറോ ആയിരമോ മടങ്ങ് അടിയന്തിരാവസ്ഥകളുടെ പീഢനങ്ങളേററു വാങ്ങിയാണ് പണ്ടുള്ളവര്‍ ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തത്. പുന്നപ്രയും വയലാറും കയ്യൂരും, കരിവെള്ളൂരുമൊക്കെ ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്. ആ പാരമ്പര്യം കമ്മ്യൂണിസ്‌ററ് പാത പിന്‍തുടരുന്നവര്‍ക്കുള്ള ഒരു ഒസ്യത്താണ്. അത് സി പി ഐക്ക് മാത്രമല്ല, സി പി എമ്മിനും സി പി ഐ എം എല്‍നും എല്ലാം അവകാശപ്പെട്ടതാണ്. പഴയ തലമുറയുടെ ത്യാഗത്തിന്റെ പാരമ്പര്യം മറന്നുകൊണ്ട് മുന്നോട്ടുപോകാന്‍ പുതിയ തലമുറയ്ക്ക് കഴിയില്ല. അതിനുള്ള ഏറ്റവും നല്ല പാഠപുസ്തകമാണ് ബോസ്‌ചേട്ടനെ പോലുള്ളവരുടെ ത്യാഗനിര്‍ഭരമായ പൊതുജീവിതമെന്ന് ബിനോയ വിശ്വം പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം ടി എന്‍ രമേശന്‍, ജില്ല അസിസ്റ്റന്റ് സെക്രട്ടറി ആര്‍ സുശീലന്‍, മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍, മുന്‍ എം എല്‍ എ മാരായ കെ അജിത്ത്്, പി നാരായണന്‍, ജില്ലാ പഞ്ചായത്തംഗം പി സുഗതന്‍, ആര്‍ ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വ. കെ പ്രസന്നന്‍ സ്വഗതവും എന്‍ മോഹനന്‍ നന്ദിയും പറഞ്ഞു.