Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ വിനീത് വിഷ്ണുവിനു വീടൊരുങ്ങി.
23/05/2017
ഫെയ്‌സ് ബുക്ക് കൂട്ടായ്മയായ ഡിഫറന്റ് തിങ്കേഴ്‌സ് വിനീത് വിഷ്ണുവിന് വാങ്ങി നല്‍കിയ വീടിന്റെ താക്കോല്‍ ദാനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ വിനീത് വിഷ്ണുവിനു വീടൊരുങ്ങി. ചിങ്ങവനം സ്വദേശിയായ വിനീത് വിഷ്ണുവിന് മൂന്ന് വര്‍ഷം മുന്‍പ് വാഹനപകടത്തില്‍ പരിക്കേറ്റിരുന്നു. തടിപണി ചെയ്താണ് വിനീതും അമ്മയും അടങ്ങിയ കുടുംബം ഉപജീവനം നടത്തി വന്നിരുന്നത്. എന്നാല്‍ അപകടം വിഷ്ണുവിന്റെ ജീവിതത്തെയാകെ തകര്‍ത്തുകളഞ്ഞു. കാലിന്റെ ഇടുപ്പിന് സാരമായി പരിക്കേറ്റതോടെ വിഷ്ണുവിന് ജോലിചെയ്യാന്‍ കഴിയാതെയായി. ചികിത്സക്കായി വീടും സ്ഥലവും വിറ്റ് വാടകവീട്ടിലായിരുന്നു താമസം. തുടര്‍ചികിത്സക്കും പണമില്ലാതെയായി. തനിയെ നടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. അതിനിടയിലാണ് 'ഡിഫറന്റ് തിങ്കേഴ്‌സ്' എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയില്‍ അംഗമാകുന്നത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ഉള്ള 30 ഓളം അഡ്മിന്‍മാര്‍ കൂടി ചേരുന്ന അഡ്മിന്‍ പാനല്‍ ആണ് ഈ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്. നാട്ടിലും വിദേശത്തുമായി ഏകദേശം 97000 ത്തോളം അംഗങ്ങളുണ്ട് ഈ കൂട്ടായ്മക്ക്. കൂടുതലും മലയാളികളാണ്. നിരവധി പേര്‍ക്ക് ഇവര്‍ സഹായം എത്തിച്ചിട്ടുണ്ട്. ഇതറിഞ്ഞ് വിനീത് ഗ്രൂപ്പില്‍ തന്റെ ദുരവസ്ഥ പോസ്റ്റു ചെയ്തു. ഗ്രൂപ്പ് അംഗങ്ങള്‍ കഴിഞ്ഞവര്‍ഷം ഒന്നരലക്ഷം രൂപ സമാഹരിച്ച് ചികിത്സ ചെലവിനായി കൊടുത്തു. തുടര്‍ന്ന് വിനീതിന്റെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഗ്രൂപ്പ് ശ്രമം തുടങ്ങി. വൈക്കം മറവന്‍തുരുത്തില്‍ നാലു സെന്റ് സ്ഥലവും ചെറിയ വീടും പത്ത് ലക്ഷം രൂപ മുടക്കി വാങ്ങി. തുടര്‍ന്ന് വീട് നവീകരിച്ചു. വീടിന്റെ താക്കോല്‍ സി.കെ ആശ എം.എല്‍.എ വിനീതിന് കൈമാറി. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അപ്പു അജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സുഷമ സന്തോഷ്, ഡിഫറന്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് അഡ്മിന്‍മാരായ ബിജുകുമാര്‍, വിനോദ് പെറ്റേക്കാട്ട്, ജല്‍ജാസ് എന്നിവര്‍ പ്രസംഗിച്ചു.