Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തനസജ്ജമായി പൊതുശ്മശാനം
22/05/2017
വൈക്കം നഗരസഭ പൊതുശ്മശാനം പ്രവര്‍ത്തന പരീക്ഷണം വിജയകരം

വൈക്കം: വൈക്കം നഗരസഭയുടെ പൊതുശ്മശാനം പ്രവര്‍ത്തന സജ്ജമായി. സംസ്‌ക്കരണ യൂണിറ്റിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനുവേണ്ടി നഗരസഭാധികൃതരും യൂണിറ്റ് സ്ഥാപിച്ച ഹൈടെക് ഏജന്‍സിയുടെ ഉദ്യോഗസ്ഥരുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിച്ചത്. 2009-ല്‍ ജനകീയാസൂത്രണ ഫണ്ടും, ചന്ദ്രന്‍പിള്ള എം.പി അനുവദിച്ച ഫണ്ടും ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൊതുശ്മശാനം സാങ്കേതിക കാരണങ്ങളാല്‍ നാളിതുവരെ പ്രവര്‍ത്തിച്ചിരുന്നില്ല. പുതിയ നഗരസഭാ കൗണ്‍സില്‍ അധികാരമേറ്റതിനുശേഷം ശ്മശാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചു. അപ്പോഴേക്കും സുപ്രധാനമായ ഫയല്‍ കാണാതെ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണ നടപടികള്‍ ആരംഭിച്ചപ്പോഴേക്കും ഫയല്‍ തിരികെ കിട്ടി. നിലവിലുള്ള യന്ത്രോപകരണങ്ങള്‍ പ്രവര്‍ത്തനയോഗ്യമല്ലായെന്ന് മാവേലിക്കര പൊതുമരാമത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടിന് ശേഷമാണ് പുതിയ യൂണിറ്റിന്റെ നിര്‍മ്മാണം ആരംഭിച്ചത്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കോസ്റ്റ്‌ഫോര്‍ഡിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നഗരത്തിലുള്ളവര്‍ക്ക് നാലായിരം രൂപയും നഗരത്തിന് പുറത്തുള്ളവര്‍ക്ക് 4500 രൂപയുമായിരിക്കും ശവസംസ്‌ക്കാരത്തിന് ഈടാക്കുക. ശ്മശാന നടത്തിപ്പിനുള്ള ജീവക്കാര്‍ക്കുള്ള പരിശീലനവും നല്‍കി കഴിഞ്ഞു. രണ്ടു മണിക്കൂര്‍ സമയം കൊണ്ട് ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാ ഗോപി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്, ഇന്ദിരാദേവി, കൗണ്‍സിലര്‍ എ സി മണിയമ്മ, ആര്‍ സന്തോഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ പ്രസന്നന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. 25ന് 4.30ന് കപ്പോളച്ചിറയിലുള്ള ശ്മശാനം ഗ്രൗണ്ടില്‍ വച്ച് നഗരസഭാ ചെയര്‍മാന്‍ അനില്‍ബിശ്വാസ് ശ്മശാനം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. എ സി മണിയമ്മ അദ്ധ്യക്ഷത വഹിക്കും.