Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിസന്ധികളെ അതിജീവിച്ച് കൊപ്രാക്കളങ്ങള്‍ സജീവമാകുന്നു
18/05/2017
വൈക്കത്തെ ഒരു കൊപ്രാക്കളം.

വൈക്കം: നാളികേരത്തിന്റെ വില കുതിച്ചുയരുമ്പോള്‍ കൊപ്രാകളങ്ങളും സജീവമാകുന്നു.നാളികേരത്തിന്റെ വിലയ്ക്കനുസരിച്ച് കൊപ്രയുടെ വില വര്‍ദ്ധിക്കാത്തതും തൊഴിലാളികളുടെ കൂലി വര്‍ദ്ധനവും ആവശ്യത്തിനു തേങ്ങാ ലഭിക്കാത്തതും ചെറിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം വെളിച്ചെണ്ണയുടെ വില ഉയരുന്നത് ആശ്വാസമേകുന്നുണ്ട്. ഈ രീതി തുടര്‍ന്നാല്‍ വരുംനാളുകളില്‍ അടച്ചുപൂട്ടിപ്പോയ കൊപ്രാകളങ്ങള്‍ പലതും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കപ്പെട്ടേക്കാം. ഒരുകാലത്ത് കൊപ്രാകളങ്ങളുടെ പ്രതാപം നിലനിന്നിരുന്ന തലയാഴം, വെച്ചൂര്‍, ടി.വി.പുരം പഞ്ചായത്തുകളില്‍ ഇന്ന് വിരലിലെണ്ണാവുന്ന കളങ്ങള്‍ മാത്രമാണുള്ളത്. ടി.വി.പുരം പഞ്ചായത്തില്‍ 32 കളങ്ങള്‍ മൂന്നായും, വെച്ചൂര്‍ പഞ്ചായത്തില്‍ 44 കളങ്ങള്‍ ആറായും, തലയാഴം പഞ്ചായത്തില്‍ 37 കളങ്ങള്‍ നാലായും ചുരുങ്ങി. ഇവിടെയെല്ലാം വെള്ളിച്ചെണ്ണയുടെ വിലക്കുറവും തേങ്ങയുടെ ഉല്‍പാദനക്കുറവുമെല്ലാമായിരുന്നു പ്രശ്‌നമുണ്ടാക്കിയിരുന്നത്. കൊപ്രാ മേഖലയില്‍ പണിയെടുത്തിരുന്ന ആയിരത്തിലധികം തൊഴിലാളികള്‍ ഇന്നു മറ്റ് മേഖലകളിലേക്കും ചേക്കേറി. ഇപ്പോള്‍ ഉടമകളും വീട്ടിലുള്ളവരും കൂടി ചേര്‍ന്നാണ് കളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. അപൂര്‍വം കളങ്ങളില്‍ മാത്രമാണ് പണിക്കാരുള്ളത്. വര്‍ഷങ്ങളായി കൊപ്രാകളങ്ങള്‍ നടത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഉടമകള്‍ പറയുന്നു. നാളികേരത്തിന്റേയും വെളിച്ചെണ്ണയുടേയും വില താഴ്ന്നപ്പോഴും കൊപ്രാകളങ്ങള്‍ പിടിച്ചുനിന്നു. ഈ സമയത്ത് സഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഒന്നും കിട്ടിയില്ല. റബര്‍ മേഖലയ്ക്കു വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ നാളികേര മേഖലയോട് അവഗണനയാണ് പുലര്‍ത്തിപ്പോന്നിരുന്നത്. ഇതിനെയെല്ലാം അതിജീവിച്ചാണ് നാളികേര മേഖല പിടിച്ചുനിന്നത്. എണ്ണയുടെയും തേങ്ങയുടെയും വില വര്‍ദ്ധനവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും അവകാശവാദം ഉന്നയിക്കേണ്ടതില്ല. കാരണം ഒരു മേഖലയെ ആശ്രയിച്ചിരുന്നു ഒരുകൂട്ടം തൊഴിലാളികള്‍ കടക്കെണിയിലും പിടിച്ചുനിന്നതാണ് ഈ മേഖലയ്ക്ക് ഇന്നുണ്ടായ ഉയര്‍ച്ചയുടെ കാരണം. ഇപ്പോള്‍ തേങ്ങയ്ക്ക് ഒരു കിലോയ്ക്ക് 35 മുതല്‍ 40 രൂപ വരെ എത്തിയിരിക്കുകയാണ്. വെളിച്ചെണ്ണയുടെ വലി ഡബിള്‍ സെഞ്ചുറി കടക്കുകയാണ്. ഓണക്കാലമാകുന്നതോടെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് വിലനിലവാരം ഉയരാനാണ് സാധ്യത. വെളിച്ചെണ്ണക്ക് പകരം കാറ്ററിംഗ് സര്‍വീസ് നടത്തുന്നവര്‍ പാംഓയില്‍ ഉള്‍പ്പെടെയുള്ള മറ്റ് എണ്ണകളെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ അവിയല്‍ ഉള്‍പ്പെടെയുള്ള വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്ക് സ്വാദ് പകരുന്നത് വെളിച്ചെണ്ണ തന്നെയാണ്. ഉപ്പേരികള്‍ക്ക് ഗുണനിലവാരം നല്‍കുന്നതിലും വെളിച്ചെണ്ണക്കുള്ള സ്ഥാനം പ്രഥമമാണ്. ഇപ്പോള്‍ ഈ മേഖല നേരിടുന്ന ഒരു പ്രശ്‌നം വ്യാജവെളിച്ചെണ്ണകളുടെ കടന്നുകയറ്റമാണ്. കമ്പനികളെല്ലാം നേട്ടങ്ങള്‍ കൊയ്യുവാന്‍ വ്യാജനിര്‍മിതമായ പല ഓയിലുകളും കലര്‍ത്തിയാണ് വെളിച്ചെണ്ണ വ്യാപാരം കൊഴുപ്പിക്കുന്നത്. ഇവിടെയെല്ലാം നിര്‍ണായക ഇടപെടലുകള്‍ നടത്തേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെറും കാഴ്ചക്കാരായി നില്‍ക്കുകയാണ്. ഇതിനു മാറ്റമുണ്ടായെങ്കില്‍ മാത്രമേ ഇനിയുള്ള നാളുകളില്‍ കൊപ്രകളങ്ങള്‍ക്കും യഥാര്‍ത്ഥ നാളികേര കര്‍ഷകര്‍ക്കും ഈ തൊഴിലില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്ന യാഥാര്‍ത്ഥ്യം നേര്‍കാഴ്ചയായി നിലകൊള്ളുന്നു.