Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിസന്ധികള്‍ക്കിടയില്‍ ഇന്നും തുടരുന്നു തഴപ്പായനിര്‍മ്മാണം
13/05/2017
തഴപ്പായ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന വീട്ടമ്മ.

വൈക്കം: ആയുര്‍വേദവും അലോപ്പതിയും ഹോമിയോയും ഒരുപോലെ കിടന്നുറങ്ങുവാന്‍ ആരോഗ്യത്തിന് അനിവാര്യമാണെന്ന് അടിവരയിടുന്ന തഴപ്പായയുടെ പ്രധാന ഉറവിടമായ തഴയോലകളിലൂടെ വീട്ടമ്മമാര്‍ സംതൃപ്തരാകുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരയിടങ്ങളുടെ അതിര്‍വരമ്പുകളിലും പാടശേഖരങ്ങളുടെ ബണ്ടുകളിലും തോടുകളുടെ ഓരങ്ങളിലുമെല്ലാം കൈതകള്‍ സുലഭമായിരുന്നു. കൈതകളില്‍നിന്ന് വെട്ടിയെടുക്കുന്ന തഴയോലകള്‍ കീറിമിനുക്കി ഇത് വട്ടത്തില്‍ മെനഞ്ഞെടുത്ത് വെയിലില്‍ ഉണക്കിയതിനുശേഷമാണ് തഴപ്പായയുടെ പ്രാഥമികഘട്ടം ആരംഭിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുവരെ വൈക്കത്തെ എല്ലാവീടുകളും തഴയോലകളും തഴപ്പായ നിര്‍മാണവും കൊണ്ട് സമ്പന്നമായിരുന്നു. ഇത് ഒരുക്കുന്നതിന് പ്രത്യേക രീതിയിലുള്ള തഴക്കത്തികളുമുണ്ടായിരുന്നു. തഴപ്പായകള്‍ക്ക് ഇന്നും ആവശ്യക്കാര്‍ ഏറെയാണ്. ഒരു ദിവസം രണ്ട് പായകള്‍ വരെ നെയ്യുന്ന വീട്ടമ്മമാരുണ്ട്. വലിയ പായകള്‍ക്ക് 150 മുതല്‍ 200 രൂപ വരെ ലഭിക്കും. ചെറിയ പായകള്‍ക്ക് 80 മുതല്‍ 160 രൂപ വരെയും വിലയുണ്ട്. തഴയോലകളുടെ നിറത്തിനും പായകളുടെ ആകര്‍ഷണത്തിനുമാണ് വില. തഴയോലകള്‍ ഒരുക്കി ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ഈ മേഖലയിലുണ്ട്. ഇവരെയെല്ലാം കുഴപ്പത്തിലാക്കുന്നത് കൈതകളുടെ കുറവാണ്. ഇപ്പോള്‍ പുരയിടങ്ങളിലും പാടത്തിന്റെ വരമ്പുകളിലുമെല്ലാം കൈതകള്‍ക്കുപകരം വേലിപ്പത്തലുകളും മറ്റു ചെടികളുമെല്ലാമാണ് പലരും വെച്ചുപിടിപ്പിക്കുന്നത്. കൈത ഓലകള്‍ നിറഞ്ഞുനില്‍ക്കുന്ന പുരയിട ഉടമകള്‍ക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട്. വീട്ടമ്മമാര്‍ പുരയിടങ്ങളില്‍ നില്‍ക്കുന്ന കൈതകള്‍ക്ക് വില നിശ്ചയിച്ച് ഇത് ചെത്തിയെടുക്കുന്നു. വരുമാന ലഭ്യത ലഭിക്കുന്ന ഒരു വസ്തുവിനെ ഇന്ന് പലരും വെട്ടിനശിപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. വിനോദസഞ്ചാരികള്‍ പോലും ആയുര്‍വേദ ചികിത്സാശാലകളില്‍ എത്തുമ്പോള്‍ കിടന്നുറങ്ങാന്‍ ആവശ്യപ്പെടുന്നത് തഴപ്പായകളെയാണ്. തഴയോലകള്‍ പായ നിര്‍മാണത്തിനുപുറമെ പടക്കനിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തഴയോലകള്‍ കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ പലതരം വസ്തുക്കളും ഒരുക്കുന്നവരുമുണ്ട്. ഇതിലെല്ലാം ടൂറിസ്റ്റുകള്‍ക്കുപുറമെ നാട്ടിന്‍പുറത്തുള്ളവരും ആകൃഷ്ടരാണ്. പുതിയ തലമുറയില്‍പ്പെട്ട വനിതകളാരും തഴപ്പായ നിര്‍മാണത്തില്‍ അത്ര തല്‍പരരല്ല. അന്‍പതിനും എണ്‍പതിനും ഇടയിലുള്ള വീട്ടമ്മമാരാണ് ഇപ്പോഴും ഈ മേഖലയെ സജീവമാക്കി കൊണ്ടുപോകുന്നത്. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന തഴപ്പായകള്‍ വീടുകളില്‍ വന്ന് എടുത്തുകൊണ്ടുപോയി വില്‍പന നടത്തി ഉപജീവനം നടത്തുന്നവരുമുണ്ട്. പലരും തലയോലപ്പറമ്പ് മാര്‍ക്കറ്റില്‍ നേരിട്ടെത്തിയാണ് ഇപ്പോള്‍ പായകള്‍ വില്‍ക്കുന്നത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനാണ് വീട്ടമ്മമാര്‍ നേരിട്ടുതന്നെ പായയുമായി മാര്‍ക്കറ്റിലെത്തുന്നത്. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തലയോലപ്പറമ്പ് ചന്തയെ ഇന്നും സജീവമാക്കുന്നതില്‍ പ്രധാനപങ്ക് തഴപ്പായകള്‍ക്ക് തന്നെയാണ്. വൈക്കത്ത് തലയാഴം, തോട്ടകം, വെച്ചൂര്‍, ഇടയാഴം, കൊതവറ, മാരാംവീട്, വിയറ്റ്‌നാം, പുതുക്കരി, ചെട്ടിക്കരി മേഖലകളില്‍ തഴപ്പായ നെയ്ത്തും തഴയോലകളുടെ നിര്‍മാണവുമെല്ലാം പ്രതിസന്ധികള്‍ക്കിടയിലും സജീവമായി നില്‍ക്കുന്നുണ്ട്. ഈ മേഖലയെ സജീവമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ നിരവധി സൊസൈറ്റികളും സംഘങ്ങളുമെല്ലാമുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെങ്കിലും പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ മേഖലയ്ക്ക് പുതിയ വെളിച്ചം പകരുവാന്‍ മാത്രം ഇത് വഴിയൊരുക്കുന്നില്ല. ഇവിടെയെല്ലാം അധികാരികളുടെ ഇടപെടലുകള്‍ ഉണ്ടാകണം.