Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ പഞ്ചായത്തിലെ ഭരണമാററത്തിന് മണല്‍ക്കടവുകളെ സജീവമാക്കുവാന്‍ സാധിക്കുമോ?
28/12/2015
വെള്ളൂര്‍ പഞ്ചായത്തിലെ ഭരണമാററത്തിന് മണല്‍ക്കടവുകളെ സജീവമാക്കുവാന്‍ സാധിക്കുമോയെന്ന ചോദ്യം തൊഴിലാളികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ച് രണ്ട് സീററ് വ്യത്യാസത്തില്‍ ഭരണം പിടിച്ചെടുക്കുവാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞതില്‍ പ്രധാനപങ്ക് മണല്‍ക്കടവുകളുടെ നിശ്ചലാവസ്ഥയായിരുന്നു. മണല്‍ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ഭൂരിപക്ഷവും പഞ്ചായത്ത് ഭരണത്തിനെതിരെ വിധിയെഴുതുകയായിരുന്നു. എന്നാല്‍ പുതിയ ഭരണസമിതിയെയും മണല്‍ മേഖലയില്‍ കാത്തിരിക്കുന്നത് വലിയ പ്രശ്‌നങ്ങളാണ്. കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി നിയമങ്ങളാണ് മണല്‍ക്കടവുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തടസ്സം നില്‍ക്കുന്നത്. വര്‍ഷങ്ങളായി തൊഴിലാളികളുടെ നേതൃത്വത്തില്‍ വെള്ളൂര്‍ പഞ്ചായത്തിലെ കടവുകളെല്ലാം സുഗമമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കടവുകള്‍ പൂര്‍ണമായും നിലച്ചിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. കോടികള്‍ വിലമതിക്കുന്ന മൂവാററുപുഴയാററിലെ മണല്‍ ഇപ്പോള്‍ വ്യാപകമായി മാഫിയാസംഘം കടത്തിക്കൊണ്ടു പോവുകയാണ്. ഒരു അടി മണലിന് 100 രൂപവരെയാണ് കരിഞ്ചന്തയില്‍ വില. ചില കരമണല്‍ സൈററുകളുടെ മറവിലാണ് ഈ ചരല്‍ വിററുപോകുന്നത്. നിര്‍മ്മാണ മേഖലയ്ക്കും ഇത് കനത്ത തിരിച്ചടിയായി. കടവുകളുടെ ലേല നടപടികള്‍ സമയത്ത് ആരംഭിക്കാന്‍ പഞ്ചായത്ത് തലത്തില്‍ ശ്രമം ആരംഭിച്ചാല്‍ മാത്രമേ കലക്ടര്‍ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ. വലിയ വെള്ളപ്പൊക്കവും, ഉരുളുപൊട്ടലും മൂവാററുപുഴയാറിലെ മണലിന്റെ അളവില്‍ വന്‍ വര്‍ധനവാണ് ഉണ്ടാക്കിയിട്ടുള്ളത്. അനധികൃതമായി പമ്പ് ഹൗസ്, വെട്ടിക്കാട്ടുമുക്ക് പാലം എന്നിവിടങ്ങളില്‍ രാത്രികാലത്ത് മണലൂററ് ആരംഭിച്ചിട്ടുണ്ട്. കടവുലേലം വൈകുന്തോറും പഞ്ചായത്തിന് ദിവസേന പതിനായിരങ്ങളുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരു കടവില്‍ നിന്ന് ഒരടി മണലിന് ഒന്‍പത് രൂപയാണ് സര്‍ക്കാരിന് റോയല്‍ററി ലഭിക്കുന്നത്. ഒരു ദിവസം 750 അടി മണലാണ് ഒരു കടവില്‍ നിന്നു വാരുന്നത്. പഞ്ചായത്ത് നിവാസികള്‍ക്ക് ഒരടി മണല്‍ 35 രൂപയ്ക്കും പുറത്തുനിന്നുള്ളവര്‍ക്ക് 50 രൂപയ്ക്കുമാണ് മണല്‍ ലഭിക്കുന്നത്. ഒരു കടവില്‍ അഞ്ച് പാസാണ് അനുവദിച്ചിരിക്കുന്നത്. ഒരു പാസിന് 150 അടി മണല്‍ ലഭിക്കും. കരിഞ്ചന്തയില്‍ ഇപ്പോള്‍ നൂറുരൂപയാണ് വില. കടവുകളുടെ ലേലം അടിയന്തിരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ സംയുക്തമായി നിരവധി സമരപരിപാടികള്‍ നടത്തിയിരുന്നു. സമരങ്ങള്‍ ശക്തമാകുമ്പോള്‍ അധികാരികള്‍ മണല്‍ക്കടവുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന ഉറപ്പുനല്‍കി സമരം പൊളിക്കുന്നു. പഞ്ചായത്തില്‍ മണല്‍ക്കടവുകള്‍ നിലച്ചതോടെ താലൂക്കിലെ നിര്‍മാണമേഖലയും പ്രതിസന്ധിയിലായിരിക്കുകയാണ്. സര്‍ക്കാര്‍ തലത്തില്‍ സാധാരണക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന വീടുനിര്‍മാണം പോലും ഇപ്പോള്‍ മുടങ്ങിക്കിടക്കുകയാണ്. മണലിന് പകരമുള്ള എംസാന്റ് ഉപയോഗിച്ചുള്ള നിര്‍മാണം സാധാരണക്കാരനു താങ്ങാന്‍ പററുന്നതല്ല. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അനുവദിച്ചിരിക്കുന്ന ഫണ്ടും ലാപ്‌സായി പോകും. താലൂക്കിലെ കെട്ടിടനിര്‍മാണ മേഖലയിലെ കോണ്‍ട്രാക്ടര്‍മാരും മണല്‍ ക്ഷാമത്താല്‍ വലയുകയാണ്. കാരണം ഇപ്പോഴത്തെ നിര്‍മാണജോലികള്‍ മണല്‍ക്കുറവുമൂലം ഇരട്ടി തുകയിലെത്തുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുവാന്‍ പഞ്ചായത്ത് എം.പി, എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്നിവരെ സമീപിക്കണം. ഇവിടെ രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മ രൂപപ്പെടണം. അല്ലാത്തപക്ഷം മണല്‍മേഖലയിലെ വരുമാനലഭ്യതയില്‍ നിലനിന്നുപോകുന്ന വെള്ളൂര്‍ പഞ്ചായത്തിനെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധികളായിരിക്കും.