Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗത്തെ ആര്‍.എസ്.എസില്‍ നിന്ന് ഓച്ചാരം വാങ്ങി വെള്ളാപ്പള്ളി നടേശന്‍ വില്‍പനച്ചരക്കാക്കി മാററിയിരിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍.
28/12/2015
വര്‍ഗീയ ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിററി വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ സംഘടിപ്പിച്ച മതേതര യുവസംഗമം കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്യുന്നു
ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗത്തെ ആര്‍.എസ്.എസില്‍ നിന്ന് ഓച്ചാരം വാങ്ങി വെള്ളാപ്പള്ളി നടേശന്‍ വില്‍പനച്ചരക്കാക്കി മാററിയിരിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍. വര്‍ഗീയ ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിററി ബോട്ട്‌ജെട്ടി മൈതാനിയില്‍ സംഘടിപ്പിച്ച മതേതര യുവസംഗമം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വര്‍ഗീയത അഴിച്ചുവിട്ട് നേട്ടം കൊയ്യുവാന്‍ വെള്ളാപ്പള്ളിക്ക് കരുത്തേകുവാനാണ് അമിത്ഷായും മോഡിയുംകൂടി കുമ്മനം രാജശേഖരനെ ബി.ജെ.പിയുടെ തലപ്പത്തെത്തിച്ചിരിക്കുന്നത്. രാജ്യത്താകമാനം മോഡി സര്‍ക്കാര്‍ വര്‍ഗീയത അഴിച്ചുവിടുകയാണ്. ഇന്‍ഡ്യയുടെ ആത്മാവ് വെട്ടിമുറിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ബ്രിട്ടീഷുകാരില്‍നിന്ന് പൊരുതിനേടിയ സ്വാതന്ത്ര്യവും രാജ്യത്തിന്റെ യശസ്സും നഷ്ടപ്പെടാന്‍ പോകുന്ന സാഹചര്യമാണ്. നിലവിലെ സാഹചര്യമനുസരിച്ച് രണ്ടാം സ്വാതന്ത്ര്യസമരത്തിന് രാജ്യം തയ്യാറെടുക്കേണ്ട അവസ്ഥയാണ്. വിദേശരാജ്യങ്ങള്‍ കറങ്ങി നടന്ന് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ മോഡി കൊള്ളയടിക്കുന്നു. കേരളത്തിലും ത്രിപുരയിലും മാത്രം വേരുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോഴും കോണ്‍ഗ്രസിനെ പഴിചാരാനാണ് ശ്രമിക്കുന്നത്. ഇനിയെങ്കിലും ഇവര്‍ക്ക് മാററമുണ്ടായില്ലെങ്കില്‍ പശ്ചിമബംഗാളിലെ അവസ്ഥയായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കുവാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളുവെന്ന് അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. വെള്ളാപ്പള്ളി കേരളത്തില്‍ വര്‍ഗീയത അഴിച്ചുവിടുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്നു പറഞ്ഞ് കളത്തിലിറങ്ങിയ വെള്ളാപ്പള്ളിയുടെ ചിറകൊടിഞ്ഞു. ഇപ്പോള്‍ കുമ്മനത്തെ കൂട്ടുപിടിച്ച് കേരളത്തിന്റെ സംസ്‌കാരം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ യുവസമൂഹം ഉണരണമെന്നും ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. എ.ഐ.സി.സി മുന്‍സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി സെക്രട്ടറിമാരായ പി.എ സലിം, നാട്ടകം സുരേഷ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ജോബി അഗസ്റ്റിന്‍, കെ.പി.സി.സി എക്‌സി. അംഗങ്ങളായ മോഹന്‍ ഡി.ബാബു, അഡ്വ. വി.വി സത്യന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.വി പ്രസാദ്, അബ്ദുല്‍സലാം റാവുത്തര്‍, ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.