Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റബറിന്റെ വിലയിടിവുമൂലം നട്ടം തിരിയുന്ന കര്‍ഷകര്‍ മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റി മറ്റുകൃഷികളിലേക്ക് ചേക്കേറുന്നു.
04/05/2017
വെള്ളൂര്‍ പഞ്ചായത്തിലെ ഇറുമ്പയം മേഖലയില്‍ റബര്‍ മരങ്ങള്‍ വെട്ടിമാറ്റി ചെയ്ത പൈനാപ്പിള്‍ കൃഷി.

വൈക്കം: റബറിന്റെ വിലയിടിവുമൂലം നട്ടം തിരിയുന്ന കര്‍ഷകര്‍ മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റി മറ്റുകൃഷികളിലേക്ക് ചേക്കേറുന്നു. വെള്ളൂര്‍, തലയോലപ്പറമ്പ്, മുളക്കുളം, മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളിലാണ് റബര്‍ കൃഷിയെ കര്‍ഷകര്‍ കൈവിടുന്നത്. വെളളൂര്‍, മുളക്കുളം പഞ്ചായത്തുകളിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഏക്കര്‍കണക്കിന് ഭൂമിയിലെ റബര്‍ മരങ്ങള്‍ വെട്ടിമാറ്റി കഴിഞ്ഞു. ഇവിടെയെല്ലാം പൈനാപ്പിള്‍ കൃഷിയാണ് തകൃതിയായി നടക്കുന്നത്. കുന്നുകളിലും മലനിരകളിലുമാണ് പൈനാപ്പിള്‍ ഇടംപിടിച്ചിരിക്കുന്നത്. റബറിനെ അപേക്ഷിച്ച് വലിയ ലാഭമാണ് കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ലഭിക്കുന്ന ആദായം തുടര്‍ന്നും ലഭിച്ചാല്‍ റബര്‍ കൃഷി ഇപ്പോള്‍ നിലനിര്‍ത്തി പോരുന്നവരും ഇതില്‍നിന്നും പിന്‍മാറും. ഇടക്കാലത്ത് റബറിന് ചെറിയ വിലവര്‍ദ്ധനവ് ഉണ്ടായപ്പോള്‍ പലരും കൃഷിയില്‍ സജീവമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും പഴയപടിയിലെത്തിയിരിക്കുകയാണ്. വിലക്കുറവിന്റെ പേരില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ ഇപ്പോള്‍ റബര്‍ ഷീറ്റാക്കുന്നതിനുപകരം പാല്‍ സൊസൈറ്റികള്‍ക്കു നല്‍കുകയാണ്. ടാപ്പിംഗ് മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കും ഇപ്പോള്‍ തൊഴിലില്ലാത്ത അവസ്ഥയാണ്. കാരണം ടാപ്പിംഗ് തൊഴിലാളികള്‍ക്ക് കൂലി നല്‍കിയാല്‍ ഒരു ലാഭവുമുണ്ടാകുന്നില്ലെന്ന് തോട്ടം ഉടമകള്‍ പറയുന്നു. പലരും നഷ്ടം സഹിച്ച് ഇപ്പോഴും ടാപ്പിംഗിനു തൊഴിലാളികളെ വെക്കുന്നുണ്ട്. റബര്‍ ഷീറ്റിന് ഇനിയും വില വര്‍ദ്ധിച്ചില്ലെങ്കില്‍ വൈക്കത്തുനിന്നും റബര്‍ മരങ്ങള്‍ കൂട്ടത്തോടെ തുടച്ചുനീക്കപ്പെട്ടേക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റബ്ബറിന്റെ വിലക്കയറ്റത്തില്‍ ആവേശംപൂണ്ട് പലരും തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങള്‍ വെട്ടമാറ്റി പുരയിടങ്ങളില്‍ റബര്‍ നട്ടിരുന്നു. വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും കൃഷിയെ നോക്കിക്കണ്ടത്. എന്നാല്‍ റബര്‍ മരങ്ങള്‍ വളര്‍ന്ന് ആദായത്തോട് അടുത്തപ്പോള്‍ ഇടിത്തീയായി റബറിന്റെ വില കുത്തനെ ഇടിഞ്ഞു. ഒരു കിലോയ്ക്ക് 250ലധികം രൂപ ലഭിച്ചിരുന്ന സമയത്താണ് വൈക്കത്തുകാര്‍ റബര്‍ നട്ടുതുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ഇത് 120ല്‍ എത്തി നില്‍ക്കുമ്പോഴാണ് ഇതിലും ഭേദം പുരയിടങ്ങളില്‍ നിന്നിരുന്ന ഫലവൃക്ഷങ്ങളാണെന്ന യാഥാര്‍ത്ഥ്യം ഇവര്‍ മനസ്സിലാക്കുന്നത്. തലയാഴം, വെച്ചൂര്‍, ഉദയനാപുരം, ടി.വി പുരം പഞ്ചായത്തുകളിലാണ് ഫലവൃക്ഷങ്ങള്‍ വെട്ടിമാറ്റി റബര്‍ കൃഷി തുടങ്ങിയത്. ഇപ്പോള്‍ പലരും പൂര്‍ണമായും റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റിക്കൊണ്ടിരിക്കുകയാണ്. റബ്ബറിന്റെ ഇടയില്‍ മറ്റൊരു കൃഷിയും നടക്കില്ലെന്ന കാരണവും മരങ്ങള്‍ വെട്ടിമാറ്റുവാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നു. റബറിന്റെ വിലക്ക് എളുപ്പമൊരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയൊന്നും കര്‍ഷകര്‍ക്കില്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് റബര്‍ മരങ്ങള്‍ക്കുപകരം കപ്പ, വാഴ, പൈനാപ്പിള്‍, പച്ചക്കറികള്‍, ചേമ്പ്, ചേന കൃഷികള്‍ വ്യാപിക്കുന്നത്. റബറിന്റെ വില തകര്‍ച്ചക്കെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളുമെല്ലാം കളത്തില്‍ നിറഞ്ഞുനില്‍പ്പുണ്ടെങ്കിലും പ്രശ്‌നപരിഹാരത്തിന് വിദൂരമായ സാധ്യത മാത്രമേ അവശേഷിക്കുന്നുള്ളു. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിന്റെ മറ്റൊരു പരമ്പരാഗത കാര്‍ഷിക മേഖലയുടെ അസ്തമനത്തിനായിരിക്കും സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.