Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ടുകായല്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാലങ്ങളായി മുറവിളി ഉയരുന്നുണ്ടെങ്കിലും പ്രായോഗികതലത്തിലുള്ള നടപടികള്‍ ഇനിയുമകലെ.
02/05/2017
കയ്യേറ്റവും മലിനീകരണ ഭീഷണിയും മൂലം നാശത്തിന്റെ വക്കിലായ വേമ്പനാട്ടുകായല്‍.

വൈക്കം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായല്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാലങ്ങളായി മുറവിളി ഉയരുന്നുണ്ടെങ്കിലും പ്രായോഗികതലത്തിലുള്ള നടപടികള്‍ ഇനിയുമകലെ. ദിനംപ്രതി കയ്യേറ്റവും മാലിന്യ നിക്ഷേപവും വര്‍ദ്ധിച്ചുവരുന്നു. ടൂറിസത്തിന്റെ പേരില്‍ ഹൗസ് ബോട്ടുകളുടെ എണ്ണം പെരുകുന്നു. കായലില്‍ തണ്ണീര്‍മുക്കം ബണ്ട് മുതല്‍ പൂത്തോട്ട വരെ മണലൂറ്റ് നിര്‍ബാധം നടക്കുന്നുണ്ട്. സന്നദ്ധ-യുവജന സംഘടനകള്‍ കായല്‍ സംരക്ഷണം തങ്ങളുടെ പ്രചരണായുധമാക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. കായല്‍ മൂന്നിലൊന്നായി ചുരുങ്ങിയിട്ടും സമ്പത്ത് ഗണ്യമായി കുറഞ്ഞിട്ടും സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍ പേടിപ്പെടുത്തുന്ന കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ ചുറ്റുപാടും കായല്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും, പ്രസ്താവനകളും ഉയരുന്നത് പതിവുകാഴ്ചയാണ്. ഇവര്‍ക്കൊന്നും കായല്‍ സംരക്ഷിക്കണമെന്ന ഒരാത്മാര്‍ത്ഥതയുമില്ല. കാരണം ഇവര്‍ നടത്തുന്ന സമരങ്ങളെല്ലാം പ്രഹസനങ്ങളാണ്. സമരം തുടങ്ങുന്നത് കൊട്ടിഘോഷിച്ചാണെങ്കിലും അവസാനിക്കുന്നത് ആരും അറിയാറുപോലുമില്ല. കായലില്‍ നടക്കുന്ന മണല്‍ ഖനനം മത്സ്യ സമ്പത്തിനെയും കറുത്തകക്കയുടെ പ്രജനനത്തേയും ഗുരുതരമായി ബാധിച്ചുകഴിഞ്ഞു. ബണ്ടിന്റെ തെക്കുവടക്ക് ഭാഗങ്ങളിലായി അമ്പതിനായിരത്തോളും മത്സ്യതൊഴിലാളികളുണ്ട്. 14 സൊസൈറ്റികളിലായി ആയിരത്തിലേറെ കക്കാ തൊഴിലാളികള്‍ പണിയെടുത്തിരുന്നൊരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇവരെല്ലാം ഇന്ന് കായലിന്റെ ശോച്യാവസ്ഥ മൂലം നിത്യവൃത്തിക്ക് ബുദ്ധിമുട്ടുകയാണ്. മത്സ്യതൊഴിലാളികളുടെ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്നു. 120 ഇനം മത്സ്യങ്ങളാണ് കായലില്‍ ഉള്ളതെന്ന് ഈ മേഖലയില്‍ പഠനം നടത്തിയിട്ടുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇന്ന് പലതരം മത്സ്യങ്ങളും ഇന്ന് കായലിനു അന്യമായിക്കഴിഞ്ഞു. 72 ഇനം പക്ഷികളുള്ളതില്‍ ഏതാണ്ട് 40 എണ്ണം ദേശാടന പക്ഷികളാണ്. ഇവയെല്ലാം കായലിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന ചെമ്മീന്‍, കരിമീന്‍, ഞണ്ട് എന്നിവ അതിന്റെ ജീവിതചക്രം പൂര്‍ത്തീകരിക്കുന്നത് വേമ്പനാട്ട് കായലിലാണ്. കായലിനെ ആശ്രയിച്ച് അറിയപ്പെടുന്ന രണ്ട് മത്സ്യമാര്‍ക്കറ്റുകളും വൈക്കത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കോവിലകത്തും കടവ്, മുറിഞ്ഞപുഴ ഫിഷ്‌ലാന്റിംഗ് സെന്റര്‍ എന്നിവയാണവ. കടല്‍ മത്സ്യങ്ങള്‍ ഈ മാര്‍ക്കറ്റുകളില്‍ വിപണനത്തിലെത്തുന്നുണ്ടെങ്കിലും മാര്‍ക്കറ്റിന്റെ സമ്പത്ത് കായല്‍ മത്സ്യങ്ങളാണ്. വേമ്പനാട്ട് കായലിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന ബണ്ട് കയ്യേറ്റത്തിലൂടെ തകരാനുള്ള സാധ്യത വര്‍ഷങ്ങളായി തെളിഞ്ഞുനില്‍ക്കുന്നു. ഇതിന് ഇപ്പോള്‍ ആശ്വാസമായി പുതിയ ബണ്ട് ഉയര്‍ന്നുകഴിഞ്ഞു. ബണ്ട് തകര്‍ന്നാല്‍ യാത്രാക്ലേശത്തോടൊപ്പം കുട്ടനാട്ടിലെ കൃഷിയും തകരും. തീരദേശ പരിപാലന നിയമപ്രകാരം വേമ്പനാട്ട് കായലിനും ഇതിന്റെ തീരത്തുനിന്നും 300 മീറ്റര്‍ പരിധിയില്‍ യാതൊരുതരത്തിലുമുള്ള ഖനനമോ, നിര്‍മാണപ്രവര്‍ത്തനമോ നടത്തുന്നത് കുറ്റകരമാണ്. എന്നാല്‍ ഇതിനെ കാറ്റില്‍ പറത്തി നിര്‍മ്മാണ ജോലികള്‍ തകൃതിയാണ്. ടൂറിസത്തെ മുന്‍നിര്‍ത്തിയാണ് കായല്‍ കയ്യേറ്റത്തെ പലരും മറപ്പിക്കുന്നത്. കായലിനെ കൊലവിളി ഉയര്‍ത്തി അഴിഞ്ഞാടുന്ന ടൂറിസ്റ്റ് മാഫിയകള്‍ക്കും മറ്റുമെതിരെ പ്രതികരിക്കേണ്ടവര്‍ ഒന്നുമറിയാത്ത ഭാവത്തിലാണ്. ഇതിനു മാറ്റമുണ്ടായില്ലെങ്കില്‍ കായലിന്റെ പേരില്‍ അഹങ്കരിക്കുന്ന ഒരു നാടിന് വലിയ വെല്ലുവിളികളായിരിക്കും വരുംനാളുകളില്‍ ഉണ്ടാവുക.