Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ 2017-18 വര്‍ഷത്തേക്ക് 51,724,000 രൂപയുടെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് വികസന സെമിനാറില്‍ അംഗീകാരം.
02/05/2017
ഉദയനാപുരം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ 2017-18 വര്‍ഷത്തേക്ക് 51,724,000 രൂപയുടെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് വികസന സെമിനാറില്‍ അംഗീകാരം. നവകേരള പദ്ധതിയുടെ ഭാഗമായി ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ ദൗത്യങ്ങളില്‍ ഊന്നിയുള്ള പദ്ധതികളാണ് അംഗീകരിച്ചത്. കാര്‍ഷിക മേഖലയ്ക്ക് പ്രാമുഖ്യം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് മുന്‍തൂക്കം. സമ്പൂര്‍ണ ജൈവകൃഷിയായിരിക്കും പ്രോത്സാഹിപ്പിക്കുക. തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ കരനെല്‍ കൃഷിക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. അഞ്ഞൂറു കുടുംബങ്ങളില്‍ ജൈവകൃഷിയും പശു വളര്‍ത്തലും കിണറും ബയോഗ്യാസ് യൂണിറ്റും കമ്പോസ്റ്റ് സംവിധാനവും ഉള്‍പ്പെടുന്ന സംയോജിത പദ്ധതിയായ ഹരിതഭവനം പദ്ധതി നടപ്പിലാക്കുന്നതിനും നിര്‍ദ്ദേശമുണ്ട്. ക്ഷീരഗ്രാമം, ആടുഗ്രാമം പദ്ധതികളും ഈ സാമ്പത്തിക വര്‍ഷം ഏറ്റെടുക്കും. പാലിയേറ്റീവ് കെയര്‍ പദ്ധതി വിപുലമാക്കും. സ്‌ക്കൂളുകളില്‍ ഹൈടെക് ക്ലാസ്മുറികള്‍, സേവനങ്ങള്‍ വീട്ടുമുറ്റത്ത് എത്തിക്കുന്നതിന് ഗ്രാമകേന്ദ്രങ്ങള്‍, നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദയനാപുരം ഓണം ഫെസ്റ്റ്, ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ്, യോഗ-നീന്തല്‍ പരിശീലനം, വയോജനങ്ങള്‍ക്ക് പകല്‍വീട്, വികലാംഗര്‍ക്ക് മുച്ചക്ര വാഹനം, ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്ട്‌സ് കിറ്റ് എന്നിവയാണ് വികസന സെമിനാര്‍ മുന്നോട്ടുവെച്ച മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍. പട്ടികജാതി-പട്ടിക വര്‍ഗ മേഖലകള്‍ക്കും വനിത, ശിശു, വയോജനങ്ങള്‍, വികലാംഗര്‍ എന്നിവര്‍ക്കും പ്രത്യേകം പദ്ധതികള്‍ക്ക് സെമിനാറില്‍ രൂപം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് മോഹനന്‍ കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, പി.ആര്‍.എസ് മേനോന്‍, ഡോ. വിജിത്ത് ശശിധര്‍, പ്രൊഫ. രാമചന്ദ്രപണിക്കര്‍, അക്കരപ്പാടം രാജന്‍, സുരേഷ് ബാബു, ഷീല ശശിധരന്‍, പി.ടി മുരളീധരന്‍, പ്രവീണ സിബി, പി.പി ദിവാകരന്‍, പി.ഡി ജോര്‍ജ്ജ്, ഡി.സുനില്‍കുമാര്‍, സന്ധ്യാമോള്‍, അഡ്വ. പി.കെ സുരേഷ്ബാബു, ജമീല നടരാജന്‍, സുലോചന പ്രഭാകരന്‍, കെ.എസ് സജീവ്, എം.വി ശശികല, ജയ ഷാജി, ഗിരിജ പുഷ്‌ക്കരന്‍, പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ജാവേദ് എന്നിവര്‍ പ്രസംഗിച്ചു.