Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ടു കായലിന് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് കായലോരത്ത് മാലിന്യങ്ങള്‍ നിറഞ്ഞു കവിയുന്നു
18/04/2017
വൈക്കം താലൂക്ക് ആശുപത്രിയുടെ കായല്‍തീരത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യകൂമ്പാരം.

വൈക്കം: വേമ്പനാട്ടു കായലിന് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് കായലോരത്ത് മാലിന്യങ്ങള്‍ നിറഞ്ഞു കവിയുന്നു. കായലിലെ മാലിന്യനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയില്‍ ഇതൊന്നും കണക്കിലെടുക്കാതെ വീണ്ടും കായല്‍ മാലിന്യവാഹിനിയായി മാറുന്നു. കായലിന്റെ തീരങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് വസ്തുക്കളും ഉപയോഗശൂന്യമാകുമ്പോള്‍ സൂക്ഷിക്കുവാന്‍ വേണ്ടി മാത്രമായി കായല്‍ മാറുന്നു. മനോഹരമായി അലങ്കരിച്ച നഗരസഭയുടെ കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്നു കായല്‍തീരത്ത് നഗരത്തിലെ മാലിന്യവസ്തുക്കളും ആശുപത്രി മാലിന്യങ്ങളും കൊണ്ട് നിറഞ്ഞുകവിഞ്ഞതോടെ പാര്‍ക്കില്‍ വൈകുന്നേരങ്ങളിലെത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കായല്‍കാഴ്ച ഭീതീജനകമാണ്. ആശുപത്രി മതിലിനോടു ചേര്‍ന്ന് മാലിന്യങ്ങള്‍ അടിഞ്ഞുകൂടാതിരിക്കുന്നതിനുവേണ്ടി എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് കമ്പിവേലി കെട്ടിയത് പാഴായതു തന്നെ മിച്ചം. കമ്പിവേലികള്‍ തകര്‍ന്നതോടെ ആശുപത്രി മതിലിനോടു ചേര്‍ന്ന ഭാഗത്ത് ഏറ്റസമയത്ത് മാലിന്യം അടിഞ്ഞുകൂടുന്നു. ആശുപത്രി കോമ്പൗണ്ടില്‍ എത്തുന്ന രോഗികള്‍ക്ക് ഇതുമൂലം ദുര്‍ഗന്ധം അനുഭവിക്കേണ്ട അവസ്ഥയാണ്. ഇറക്കസമയത്ത് ഈ മാലിന്യങ്ങള്‍ ഒഴുകിപ്പോകാതെ ഇവിടെത്തന്നെ മൂലയില്‍ അടിഞ്ഞുകൂടുന്ന സാഹചര്യമാണ്. പോരാത്തതിന് ആശുപത്രി മതിലിനോടു ചേര്‍ന്നു നിര്‍മിച്ച കമ്പിവേലികള്‍ക്കുള്ളില്‍ നിറയെ നീളംകൂടിയ വന്‍പുല്ലുകള്‍ പടര്‍ന്നുപിടിച്ചത് കാടിന്റെ അവസ്ഥയിലേക്ക് ആശുപത്രി പരിസരത്തെ മാറ്റുന്നു. ഏതുസമയത്ത് കായല്‍ പാമ്പുകള്‍ ആശുപത്രി കോമ്പൗണ്ടിലേക്ക് കടന്നുകയറുന്നതെന്നറിയാതെ വൈകുന്നേരങ്ങളില്‍ ആശുപത്രിയോരത്തെ ബഞ്ചുകളില്‍ വിശ്രമിക്കുന്നവര്‍ ഭീതിയിലാണ്. നവീകരിച്ച പാര്‍ക്കിന്റെ സമീപത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം നീക്കം ചെയ്ത് കായല്‍ സംരക്ഷിക്കുവാന്‍ അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന ജനകീയ ആവശ്യം ശക്തമാണ്.