Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കള്ള് വ്യവസായത്തെ സംരക്ഷിക്കാന്‍ അബ്കാരി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് കേരള സ്റ്റേറ്റ് ചെത്തുതൊഴിലളി ഫെഡറേഷന്‍
17/04/2017
ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടത്തിയ സായാഹ്‌ന ധര്‍ണ കേരള സ്റ്റേറ്റ് ചെത്തുതൊഴിലളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

കടുത്തുരുത്തി: കള്ള് വ്യവസായത്തെ സംരക്ഷിക്കാന്‍ അബ്കാരി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് കേരള സ്റ്റേറ്റ് ചെത്തുതൊഴിലളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍. ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടത്തിയ സായാഹ്‌ന ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കള്ള് വ്യവസായത്തെ സുപ്രീംകോടതി ഉത്തരവിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ പര്യാപ്തമായ നിയമഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറാകണം. ദേശീയ-സംസ്ഥാന പാതയില്‍ മദ്യ ഷാപ്പുകള്‍ 500 മീറ്റര്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ നിന്നും കള്ളുഷാപ്പുകളെ ഒഴിവാക്കിയെടുക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചനിലപാട് സ്വീകരിക്കണമെന്നും ടി.എന്‍ രമേശന്‍ പറഞ്ഞു. കള്ളിനെയും മറ്റ് വീര്യം കൂടിയ മദ്യത്തെയും ഒരുപോലെ കാണാന്‍ കഴിയില്ല. കള്ള് വ്യവസായം ഒരു പരമ്പരാഗതവും തൊഴിലധിഷ്ഠിതവുമായ വ്യവസായമാണ്. കള്ള് വ്യവസായ സംരക്ഷണത്തിനുവേണ്ടിയുള്ള ചെത്തുതൊഴിലാളികളുടെ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം സദന്‍, എം.എസ് സുരേഷ്, സി.എം മോഹനന്‍, ബിജു കൈപ്പാറേടന്‍, സി.എന്‍ രാജു, പി.ജി ത്രിഗുണസെന്‍, കെ.കെ തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.