Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലഘട്ടത്തിന്റേതായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലാതെ ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ നേരേകടവ് തുരുത്തേല്‍ ഗ്രാമനിവാസികള്‍.
17/04/2017
സഹപാഠികളുടെ മൃതദേഹം കാണാന്‍ തടിപ്പാലത്തിലൂടെ കടന്നുപോകുന്ന സുഹൃത്തുക്കള്‍.

വൈക്കം: കാലഘട്ടത്തിന്റേതായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലാതെ ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ നേരേകടവ് തുരുത്തേല്‍ ഗ്രാമനിവാസികള്‍. നിരവധി കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഗ്രാമത്തെ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത്. അപകടത്തില്‍പെടുന്നവര്‍ക്ക് വൈദ്യസഹായം നല്‍കണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം റോഡിലെത്തുവാന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യാത്രാക്ലേശം പരിഹരിക്കാന്‍ നാട്ടുകാര്‍ പിരിവെടുത്ത് ബോട്ടുജെട്ടി സ്ഥാപിച്ചു. ഇതോടെ മണപ്പുറം-ചെമ്മനാകരി ഫെറിയിലെത്തുന്ന ബോട്ട് തുരുത്തേല്‍ ജെട്ടിയിലും എത്താന്‍ തുടങ്ങി. വെള്ളം കുറവാകുന്നതും കാലപ്പഴക്കത്താല്‍ ജെട്ടിയുടെ പലകകള്‍ ദ്രവിച്ചും തുടങ്ങിയതോടെ ബോട്ട് അടുപ്പിക്കുന്നത് വിഷമകരമായി. ഇതോടുകൂടി തുരുത്തേല്‍ നിവാസികള്‍ പ്രതിസന്ധിയിലാവുകയായിരുന്നു. ജെട്ടി പുനഃനിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുരുത്തിലേക്കെത്താനുള്ള പാലത്തില്‍ക്കൂടിയുള്ള യാത്രയും അപകടം നിറഞ്ഞതാണ്. തകര്‍ന്ന പാലത്തിനുപകരം തടി പാലം സ്ഥാപിച്ചാണ് പ്രദേശവാസികള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. പാലം പുനഃനിര്‍മ്മിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പുതിയ പാലം നിര്‍മിക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ ഇറക്കിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നുമുള്ള തുടര്‍നടപടികള്‍ ഇനിയും എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ബന്ധുവിനെ രക്ഷിക്കാന്‍ കായലില്‍ ഇറങ്ങിയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചപ്പോള്‍ ഇവരുടെ മൃതദേഹങ്ങള്‍ വീട്ടുമുറ്റത്ത് എത്തിക്കുന്നതിനു പോലും ഏറെ കഷ്ടപ്പെടേണ്ടി വന്നത് തുരുത്തേല്‍ നിവാസികള്‍ക്ക് ഏറെ വേദനയുളവാക്കി.