Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുട്ടികളുടെ പാര്‍ക്കിന് ശാപമോക്ഷമായി.
12/04/2017
വൈക്കം നഗരസഭ പാര്‍ക്കില്‍ പുതുതായി സ്ഥാപിച്ച കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍.

വൈക്കം: കാലങ്ങളായി വൈക്കം നിവാസികളുടെ ആവശ്യമായിരുന്ന കായലോരത്തുള്ള കുട്ടികളുടെ പാര്‍ക്കിന് ശാപമോക്ഷമായി. നവീകരിച്ച നഗരസഭ പാര്‍ക്കിന്റെ ഉദ്ഘാടനം 15ന് നടക്കും. നഗരസഭയുടെ കായലോരത്തുള്ള കുട്ടികളുടെ പാര്‍ക്ക് കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായിരുന്നു. സായാഹ്നങ്ങളില്‍ നൂറുകണക്കിന് കുട്ടികളാണ് പാര്‍ക്കില്‍ എത്തുന്നത്. എന്നാല്‍ വര്‍ഷംതോറും പാര്‍ക്കിലൂടെ ലേലങ്ങള്‍ നടത്തി ലക്ഷങ്ങളുടെ വരുമാനം പറ്റുന്ന നഗരസഭ അധികൃതര്‍ ഒരു തരത്തിലുമുളള വികസനപദ്ധതികളും ഇവിടെ നടപ്പിലാക്കിയിരുന്നില്ല. കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ദയനീയമായ അവസ്ഥയിലായിരുന്നു. സ്ലൈഡ്, ഊഞ്ഞാല്‍, റൗണ്ട് ബെല്‍ എന്നിവയെല്ലാം തുരുമ്പെടുത്ത നിലയിലായിരുന്നു. പാര്‍ക്കിലുള്ള മൂത്രപ്പുരകളുടെ അവസ്ഥയും ദയനീയമാണ്. കുട്ടികളുമായി എത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടേണ്ട മൂത്രപ്പുരകളില്‍ മിക്കസമയങ്ങളിലും വെള്ളം ലഭിക്കാറില്ല. കുട്ടികള്‍ ഉപയോഗിക്കുന്ന പാര്‍ക്കിലെ കളി ഉപകരണങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും പതിവാണ്. പാര്‍ക്കിന്റെ ശോച്യാവസ്ഥമൂലം ദിവസേന ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരുന്നത്. ഇതിനെല്ലാമാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. 50 ലക്ഷം രൂപ മുതല്‍മുടക്കിയാണ് പാര്‍ക്കിന്റെ നവീകരണജോലികള്‍ പൂര്‍ത്തിയാക്കിയത്. വൈകുന്നേരം 4.30ന് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരാദേവി, ജി.ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ ഷിബി സന്തോഷ്, ശ്രീകുമാരി യു.നായര്‍ എന്നിവര്‍ പ്രസംഗിക്കും.