Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ പരിധിയിലുള്ളവര്‍ ഇറച്ചിവാങ്ങണമെങ്കില്‍ കിലോമീറററുകള്‍ താണ്ടേണ്ടുന്ന അവസ്ഥ
11/04/2017

വൈക്കം: നഗരസഭ പരിധിയിലുള്ളവര്‍ ഇറച്ചിവാങ്ങണമെങ്കില്‍ കിലോമീറററുകള്‍ താണ്ടണം. തോട്ടുവക്കത്ത് പ്രവര്‍ത്തിച്ചിരുന്ന അറവുശാല മലിനീകരണപ്രശ്‌നത്തിന്റെ പേരില്‍ നഗരസഭ പൂട്ടിച്ചതാണ് ഇതിനുകാരണം. അറവുശാല അടച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അതിനുശേഷം ഇത് തുറക്കുവാനോ ഇവിടെ നവീകരണ ജോലികള്‍ നടത്തുവാനോ അധികാരികള്‍ തയ്യാറായിട്ടില്ല. നഗരസഭയുടെ ഒരു പ്രധാന വരുമാന മാര്‍ഗമാണ് ഇതുമൂലം നിലച്ചത്. അറവുശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളും പരിസരവും ഇപ്പോള്‍ ഉപയോഗശൂന്യമായി കാടുപിടിച്ച് കിടക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വൈക്കത്തിന് അഭിമാനമായിരുന്ന അറവുശാല ഉള്‍പ്പെടുന്ന ഈ മാര്‍ക്കറ്റ് രാവിലെയും വൈകുന്നേരവും പ്രവര്‍ത്തിച്ചിരുന്ന ചന്തകളിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും വിപണനങ്ങള്‍ നടത്തുന്നതിനും എത്തുന്നവര്‍ ഏറെയായിരുന്നു. നിയോജക മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ മതിയായ വിലക്ക് ഇവിടെ വില്‍പ്പന നടത്തുവാനുള്ള സാഹചര്യവും ഉണ്ടായിരുന്നു. ഇറച്ചി, മത്സ്യം, പച്ചക്കറികള്‍, കപ്പ, പലചരക്ക്, സുഗന്ധവ്യഞ്ജനങ്ങള്‍, കുടംപുളി, തഴപ്പായ, കയറുല്‍പ്പന്നങ്ങള്‍, കൊട്ട എന്നിവയെല്ലാം മാര്‍ക്കറ്റിലെ സജീവസാന്നിദ്ധ്യങ്ങളായിരുന്നു. മാര്‍ക്കറ്റിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നശേഷം നഗരസഭ ഭരണത്തിലിരുന്നവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതാണ് മാര്‍ക്കറ്റിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം. മാര്‍ക്കറ്റിനെ ആശ്രയിച്ച് കഴിഞ്ഞിരുന്നവരെല്ലാം ഇന്നും മാര്‍ക്കറ്റിനെ സജീവമാക്കാന്‍ അധികാരികള്‍ക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണ്. അറവുശാല പ്രവര്‍ത്തിച്ചിരുന്ന സമയത്ത് മാര്‍ക്കറ്റിലേക്ക് രാവിലെ സമയങ്ങളില്‍ കുറച്ച് ആളുകള്‍ എത്തുമായിരുന്നു. എന്നാല്‍ ഇതുനിന്ന ശേഷം ആരും വരുന്നില്ല. ഇവിടെ ഒരു മാര്‍ക്കററ് ഉണ്ടായിരുന്നു എന്നറിയിക്കാന്‍ ഒരു കോഴിക്കടയും വര്‍ക്ക്‌ഷോപ്പും മാത്രമേ ഇന്നിവിടെ ഉള്ളൂ. ഇവരും ഏതുനിമിഷവും കച്ചവടം നിറുത്തുവാനുള്ള തയ്യാറെടുപ്പിലാണ്. അടിയന്തിരമായി ഈ വിഷയത്തില്‍ അധികാരികള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രതാപം ഓര്‍മ്മയാക്കിയ ഈ മാര്‍ക്കറ്റ് അന്യമാകും. വരുമാന ദാരിദ്രത്താല്‍ പൊറുതിമുട്ടുന്ന നഗരസഭ ഇതുപോലുള്ള സംരംഭങ്ങള്‍ക്ക് പൂട്ടുവീണിട്ടും ഉണര്‍ന്നുപ്രവര്‍ത്തിക്കാതിരിക്കുന്നത് ജനങ്ങളുടെ ഇടയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നു.