Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊയ്തുകൂട്ടിയ നെല്ലെടുക്കാന്‍ ആളില്ല; കര്‍ഷകര്‍ വലയുന്നു
03/04/2017
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മാനാപ്പള്ളി ബ്ലോക്കില്‍ നെല്ലെടുക്കാന്‍ ഏജന്‍സികള്‍ വരാത്തതിനെ തുടര്‍ന്ന് കൂട്ടിയിട്ട അവസ്ഥയില്‍

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മാനാപ്പള്ളിയില്‍ നൂറ്റിഅറുപത് ഏക്കറോളം വരുന്ന പാടശേഖരത്തില്‍ നെല്ല് കെട്ടിക്കിടക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. 240 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ 160 ഏക്കറിലാണ് കൃഷി നടന്നത്. അറുപതോളം കര്‍ഷകരാണ് കൃഷി ഇറക്കിയത്. പലരും പാട്ട വ്യവസ്ഥയിലാണ് നെല്ല് വിതച്ചത്. നല്ല രീതിയില്‍ വിളവെടുപ്പിനു സമയമായപ്പോള്‍ അപ്രതീക്ഷിതമായി ഓരുവെള്ളം എത്തിയതാണ് കര്‍ഷകരെ തകര്‍ത്തത്. ഓരുവെള്ള ഭീഷണി ഒഴിവാക്കാന്‍ പല സ്ഥലങ്ങളിലും ലക്ഷങ്ങള്‍ മുടക്കി മുട്ടുകള്‍ സ്ഥാപിച്ചെങ്കിലും ഇതിന്റെ പ്രയോജനം കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ലഭിച്ചത്. ലക്ഷങ്ങളുടെ അഴിമതിയാണ് ഇതിന്റെ പിന്നില്‍ നടന്നിരിക്കുന്നത്. ഇവിടെയെല്ലാം ബുദ്ധിമുട്ടനുഭവിക്കുന്നത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകരാണ്. പാടശേഖരങ്ങളില്‍ നെല്ല് ശേഖരിക്കാന്‍ വിവിധ ഏജന്‍സികള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും കര്‍ഷകരുമായി വില നിര്‍ണയത്തിലും പതിരിന്റെ പേരിലും തര്‍ക്കങ്ങളുണ്ടാകുന്നു. ഒരു ക്വിന്റല്‍ നെല്ലില്‍നിന്ന് മുപ്പത് കിലോ പതിര് മാറ്റുമെന്ന് ഏജന്‍സികള്‍ പറയുമ്പോള്‍ ഇത് അംഗീകരിക്കാന്‍ ഒരു രീതിയിലും കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ക്വിന്റലിനു പത്ത് കിലോ പതിരെന്ന സാധാരണ നിരക്കാണ് കര്‍ഷകര്‍ മുന്നോട്ടു വെക്കുന്നത്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്തും കൃഷിഭവനും ക്രിയാത്മക ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ വരുംനാളുകളില്‍ മാനാപ്പള്ളി ബ്ലോക്കില്‍ കൃഷി വെറും ഓര്‍മ മാത്രമായി മാറിയേക്കും. ഇപ്പോള്‍ തന്നെ കൃഷി ഇറക്കിയ പലരും കടക്കെണിയിലാണ്. ഭീമമായ പലിശയാണ് ഇവര്‍ക്കു മുന്നില്‍ കൂടിയിരിക്കുന്നത്.