Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോലീസുകാരിയുടെ പരാതിയില്‍ കേസെടുക്കാത്തതായി ആക്ഷേപം
03/04/2017

തലയോലപ്പറമ്പ്: പോലീസുകാരി നല്‍കിയ പരാതിയിലും കേസെടുക്കാതെ പോലീസ്. സമൂഹമാധ്യമങ്ങളിലൂടെ തന്റെ ഫോട്ടോയും അപകീര്‍ത്തികരമായ വാര്‍ത്തയും പ്രചരിപ്പിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ സപ്ന അതേ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഒരാഴ്ചയായിട്ടും പോലീസ് കേസെടുക്കുകയൊ അന്വേഷണം നടത്തുകയോ ചെയ്യുന്നില്ലെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. അപമാനം താങ്ങാതെ തങ്ങളുടെ കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നു കാണിച്ച് പോലീസുകാരിയുടെ മാതാവ് ജലജാമണി എറണാകുളം ഐ.ജി പി.വിജയനും പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ സപ്നയെ രാമപുരത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായതും അവാസ്തവുമായ വാര്‍ത്തയും പടവും പ്രചരിക്കുന്നതുമൂലം സപ്നക്ക് ജോലിക്ക് പോകുന്നതിനോ, മൂന്നാം ക്ലാസില്‍ പഠിക്കുന്ന സപ്നയുടെ മകള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനോ കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. തലയോലപ്പറമ്പ് സ്റ്റേഷനില്‍ തന്നെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ താമസസ്ഥലത്ത് കേസിന്റെ ആവശ്യത്തിനായി സ്‌റ്റേഷനില്‍ അറിയിച്ച് സപ്ന പോയതുമായി ബന്ധപ്പെട്ട വിവാദമാണ് സംഭവത്തിനാധാരം. കഴിഞ്ഞ ആഴ്ച രാവിലെ 11ന് തലയോലപ്പറമ്പില്‍ തന്നെയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ സപ്ന എത്തി. ഈ സമയത്ത് അവിടെ അനാശാശ്യ പ്രവര്‍ത്തനം നടക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ ഉയര്‍ന്ന പോലീസ് അധികാരികളെ ഫോണില്‍ അറിയിച്ചു. അപ്പോള്‍ തന്നെ തലയോലപ്പറമ്പ് എസ്.ഐ സുധീഷ്‌കുമാര്‍, വൈക്കം സി.ഐ വി.എസ് നവാസ് എന്നിവര്‍ പോലീസുകാരന്റെ വീട്ടില്‍ എത്തി. എന്നാല്‍ ഫോണില്‍ പറഞ്ഞ വിവരത്തില്‍ കഴമ്പില്ലെന്ന് കണ്ട് പോലീസുദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. അപ്പോള്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. അതേസമയം ഇതു സംബന്ധിച്ച് രണ്ട് പരാതികള്‍ ലഭിച്ചതായും കോടതി അനുമതിയോടെ കേസെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് പറഞ്ഞു.