Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ മേഖല പ്രതിസന്ധിയില്‍
24/12/2015
വൈക്കം കയര്‍ മാററ് ആന്‍ഡ് മാററിംഗ്‌സ് സൊസൈററിയില്‍ പണിയെടുക്കുന്ന തൊഴിലാളി.
വൈക്കത്തിന്റെ പ്രധാനപരമ്പരാഗത മേഖലയായ കയര്‍ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ ഒരുപോലെ ഇരുമുന്നണികളെയും വെള്ളംകുടിപ്പിക്കും. ടി.വി പുരം, തലയാഴം, വെച്ചൂര്‍, ഉദയനാപുരം പഞ്ചായത്തുകളിലാണ് ഇതിന്റെ അലയൊലികള്‍ ഏറെയും നിറഞ്ഞുനില്‍ക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കയര്‍മേഖലയിലേക്ക് കോടികള്‍ ഒഴുക്കുമ്പോഴും അടിസ്ഥാനവര്‍ഗ തൊഴിലാളികള്‍ ഇന്നും പ്രതിസന്ധിയില്‍ തന്നെയാണ്. ഇടനിലക്കാരായ കയര്‍മാഫിയ തൊഴിലാളികളുടെ പോലും നേട്ടങ്ങള്‍ പിടിച്ചുപറിയ്ക്കുന്നു. വിദേശരാജ്യങ്ങളിലേക്ക് കയറും, കയറുല്‍പ്പന്നങ്ങളും കയററി അയക്കുമ്പോള്‍ സര്‍ക്കാരിനെ പോലും കാഴ്ചക്കാരാക്കി നിര്‍ത്തി മാഫിയകളാണ് ഇവിടേയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. തൊഴിലാളിച്ചൂഷണം അതിരുവിട്ടപ്പോള്‍ ഒരു ദിവസം ഒരു തൊഴിലാളിവച്ച് കയര്‍മേഖലയെ ഉപേക്ഷിക്കുന്നു. കയര്‍മേഖല കാലഘട്ടം മാറിയതറിയാതെ പോകുന്നതാണ് പ്രധാന പ്രതിസന്ധി. മറേറതു മേഖലയിലും ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ കൂലിയും, ഒരാനുകൂല്യങ്ങളും ഇല്ലാത്ത മേഖലയാണ് കയര്‍. എന്നാല്‍ ഇന്നത്തെ പരമ്പരാഗത മേഖലയുടെ നട്ടെല്ല് കയറാണ്. പ്രതിസന്ധികള്‍ക്കിടയിലും വൈക്കത്ത് 25 പിരിമേഖലാ കയര്‍ സൊസൈററികളും, ഉല്‍പ്പന്ന മേഖലയില്‍ ഒരു കയര്‍ മാററ് ആന്‍ഡ് മാററിംഗ്‌സ് സൊസൈററിയും പ്രവര്‍ത്തിക്കുന്നുണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാര്‍, ടി.വി.പുരം പഞ്ചായത്തിലെ പറക്കാട്ടുകുളങ്ങര, ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന്, മറവന്‍തുരുത്ത് പഞ്ചായത്തിലെ ചെമ്മനാകരി എന്നിവ പ്രതിസന്ധികളെ അതിജീവിച്ച് കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഏക ഉല്‍പ്പന്ന സൊസൈററിയായ മാററ് ആന്‍ഡ് മാററിംഗ്‌സ് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സംഘം പ്രസിഡന്റ് അക്കരപ്പാടം ശശി പറയുന്നു. തൊഴിലാളികളുടെ കുറവാണ് പ്രധാന പ്രശ്‌നം. തൊഴിലാളികളുടെ ജീവിതസാഹചര്യത്തിന് അനുസരിച്ചുള്ള കൂലി നല്‍കാന്‍ സ്ഥാപനത്തിനു കഴിയാതെവന്നതോടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നൂറിലധികം തൊഴിലാളികള്‍ പണിയെടുത്തിരുന്നിടത്ത് ഇന്ന് അന്‍പത് പേര്‍ മാത്രമാണുള്ളത്. തടുക്ക്, കയററുപായ, വലപ്പായ, കയര്‍പിരി, ചകിരിയുണ്ടാക്കല്‍ എന്നിവയാണ് ഈ സൊസൈററിയില്‍ നടക്കുന്നത്. പ്രതിസന്ധികളെ തരണംചെയ്യാന്‍ സര്‍ക്കാര്‍ പിരിമേഖലയിലേക്കും അനുബന്ധ തൊഴിലാളികള്‍ക്കും ഫെബ്രുവരി മാസം മുതല്‍ 75 മുടിക്കയര്‍ പിരിക്കുന്ന ഒരു സ്ത്രീ തൊഴിലാളിയ്ക്ക് 300 രൂപ കൂലി വര്‍ദ്ധിപ്പിച്ചിരുന്നു. കയറിന്റേയും ഉല്‍പ്പന്നങ്ങളുടേയും ആഭ്യന്തര വിപണി വര്‍ദ്ധിപ്പിച്ചെങ്കില്‍ മാത്രമേ ഈ മേഖലയെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. മാസങ്ങള്‍ക്കുമുമ്പ് കയര്‍ തൊഴിലാളി മേഖലയിലെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ വൈക്കത്തും സെക്രട്ടറിയേററിനു മുന്നിലും കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാപ്പകല്‍ സമരം നടത്തിയിരുന്നു. സമരത്തില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ പരിഹരിക്കപ്പെട്ടെന്ന് സമരം നടത്തിയവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതൊന്നും തൊഴിലാളികള്‍ക്ക് എത്തിയിട്ടില്ലെന്നതാണ് വാസ്തവം. ഇതിനെ എതിര്‍ക്കാന്‍ യു.ഡി.എഫുകാര്‍ ശ്രമിച്ചാല്‍ അവരും വെള്ളം കുടിക്കും. രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മയിലൂടെ മാത്രമേ കയര്‍ മേഖലയ്ക്ക് രക്ഷപ്പാടൊരുങ്ങൂ. കൂടാതെ ചകിരി ഉല്‍പ്പാദനം കേരളത്തില്‍ ഉറപ്പുവരുത്തുകയും വേണം. ഇപ്പോള്‍ തമിഴ്‌നാട് ലോബിയുടെ വിലപേശല്‍ തന്ത്രമാണ് നടക്കുന്നത്. സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന മാഫിയകളേയും, ഇവര്‍ക്കു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരേയും നിയന്ത്രിക്കാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.