Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവു നായ്ക്കള്‍ ഫാം തകര്‍ത്ത് ഇറച്ചിക്കോഴികളെ കൊന്നുതിന്നു
30/03/2017

വൈക്കം: കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ കോഴി ഫാമിലെ കൂടു തകര്‍ത്ത് അകത്തുകടന്നു നൂറില്‍പരം ഇറച്ചികോഴികളെ കൊന്നുതിന്നു. തലയാഴം കൊതവറയില്‍ ഒരുമ്പക്കാട്ട് സിബിയുടെ ഫാമിലെ കോഴികളെയാണ് ചൊവ്വാഴ്ച രാത്രി നായ്ക്കള്‍ കൊന്നത്. ഇന്നലെ രാവിലെ കോഴി ഫാമിന്റെ ഉടമ സിബി ഫാമിലെത്തിയപ്പോഴാണ് കോഴികളെ കൊന്നിട്ടിരിക്കുന്ന ദയനീയമായ കാഴ്ച കണ്ടത്. കൊന്നിട്ട നൂറില്‍പരം കോഴികളില്‍ രണ്ടെണ്ണത്തെ മാത്രമാണ് നായ്ക്കള്‍ തിന്നത്. 45 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. ഇരുപത്തി അയ്യായിരം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ സിബി പറഞ്ഞു. കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളില്‍ കൊതവറയിലും സമീപ പ്രദേശങ്ങളിലുമായി പത്തോളം ആടുകളെയും നിരവധി മുട്ടക്കോഴികളേയും തെരുവു നായ്ക്കള്‍ കൊല്ലുകയും വീട്ടുമൃഗങ്ങളെ പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കൊതവറ ചേമ്പുതൂക്കല്‍ മത്തായിയുടെ മൂന്നും, താഴത്ത് ഓനച്ചന്റെ നാല് ആടുകളും, പുലരിയില്‍ തമ്പിയുടെ ഒരാടും തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ചത്തിട്ടുണ്ട്. കരിയാര്‍ സ്പില്‍വേയുടെ കിഴക്കുഭാഗത്തെ ഒഴിഞ്ഞ പുരയിടം നായ്ക്കളുടെ സങ്കേതമാണെന്നും പകല്‍പോലും വീട്ടുമൃഗങ്ങളെയും മറ്റും കൂട്ടത്തോടെ എത്തി നായ്ക്കള്‍ ആക്രമിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ ഭീതിയോടെ പറയുന്നു. മനുഷ്യര്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം എന്നാണുണ്ടാകുക എന്നു പറയാനാകില്ല. തെരുവു നായ് ശല്യത്തിനെതിരെ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.