Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടെര്‍മിനല്‍ ഉപയോഗമില്ലാതെ നശിക്കുന്നു.
23/12/2015
ഉപയോഗമില്ലാതെ നശിക്കുന്ന വൈക്കം ടെര്‍മിനല്‍
1997ല്‍ കേന്ദ്ര ഗവണ്‍മെന്റ് മണ്ഡലത്തിന്റെ വികസന പദ്ധതികളുടെ ഭാഗമായി നിര്‍മിച്ച വൈക്കം ടെര്‍മിനല്‍ ഉപയോഗമില്ലാതെ നശിക്കുന്നു. നഗരസഭ അധികൃതര്‍ക്കുപോലും അറിവില്ലാതെയാണ് ഇതിന്റെ നിര്‍മ്മാണ ജോലികള്‍ നടന്നത്. കോടികള്‍ മുടക്കി മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇതിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായി. എന്നാല്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ക്കാര്‍ക്കും സാധിച്ചില്ല. പ്രാദേശിക തലത്തിലുള്ളവര്‍ക്ക് നിര്‍മ്മാണ ജോലികളില്‍ സാന്നിദ്ധ്യം അറിയിക്കാന്‍ കഴിയാതെ വന്നതാണ് പ്രധാന തടസം. ദീര്‍ഘവീക്ഷണമില്ലായ്മയും ജനകീയ പങ്കാളിത്തമില്ലാത്തതും മറെറാരു പ്രശ്‌നമായി. മത്സ്യ മേഖലയില്‍ പണിയെടുക്കുന്നവരാണ് ഇതിനെതിരേ ഏറെ ശബ്ദമുയര്‍ത്തിയത്. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന ആയിരത്തിലധികം കുടുംബങ്ങള്‍ ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമായാല്‍ വഴിയാധാരമാകുമെന്ന പ്രചരണം വ്യാപകമായി. ഇതോടെ പലരും ഇതിനെതിരെ രംഗത്തുവന്നു. കായിപ്പുറം ഭാഗത്തുള്ള കായലിന്റെ ഭാഗം ടെര്‍മിനലിനു വേണ്ടി ആഴംകൂട്ടി. കപ്പല്‍ മാതൃകയിലുള്ള ബാര്‍ജ് തീരത്ത് അടുപ്പിക്കത്തക്ക രീതിയിലാണ് ആഴം കൂട്ടല്‍ നടന്നത്. പണികള്‍ നടക്കുമ്പോള്‍ സമീപവാസികള്‍ പലരും ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇതിനുശേഷമായിരുന്നു പ്രതീക്ഷയില്‍ ഒളിഞ്ഞിരിക്കുന്ന ഒളിയമ്പുകള്‍ സമീപവാസികള്‍ക്ക് മനസിലായിത്തുടങ്ങിയത്. ടെര്‍മിനലിനുവേണ്ടി പ്രദേശം ഏറെറടുത്തതോടെ സമീപവാസികള്‍ക്ക് ഉടമസ്ഥയിലുള്ള ഭൂമിയും ഏത് രീതിയിലുള്ള നിര്‍മാണ ജോലികള്‍ നടത്തണമെങ്കിലും കേന്ദ്ര തീരദേശ വകുപ്പിന്റെ അനുവാദം വാങ്ങേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഉപയോഗമില്ലാതെ കിടക്കുന്ന ടെര്‍മിനലിന്റെ സംരക്ഷണത്തിന് മാസംതോറും ആയിരങ്ങളാണ് അധികാരികള്‍ പാഴാക്കുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ എത്തുന്ന ചരക്ക് സാധനങ്ങള്‍ കോട്ടയം ഭാഗത്തേക്ക് കായല്‍ മാര്‍ഗം എത്തിക്കുന്നതിനും തിരിച്ച് കോട്ടയം ഭാഗത്തുള്ള സാധനങ്ങള്‍ ഷിപ്പ്‌യാഡിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് വൈക്കം ടെര്‍മിനല്‍ സ്ഥാപിച്ചത്. തൊഴിലാളി പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രഹസ്യമായാണ് അധികാരികള്‍ ഇതിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. ടെര്‍മിനല്‍ പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് കാര്യമായ രീതിയിലുള്ള ഒരു ഇടപെടലും ഉണ്ടാകുന്നില്ല. വികസന ദാരിദ്ര്യത്താല്‍ നട്ടംതിരിയുന്ന നിയോജകമണ്ഡലത്തിന് ഏറെ ആശ്വാസമായിരിക്കും ഈ ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍. പുതിയ നഗരസഭ ഭരണസമിതി ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയാല്‍ വലിയ നേട്ടമായിരിക്കും ടെര്‍മിനലിലൂടെ ഉണ്ടാകാന്‍ പോകുന്നത്.