Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹൃദയുടെ കാര്‍ഷിക മേള ശ്രദ്ധേയമാവുന്നു
18/03/2017
എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയും തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ഇടവക ഫാമിലി യൂണിയന്‍ കേന്ദ്രസമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച സഹൃദയ കാര്‍ഷിക മേളയുടെ സ്റ്റാളുകളില്‍ ഒന്ന്.

തലയോലപ്പറമ്പ്: ചക്കപ്പഴം മുതല്‍ ചക്കച്ചമ്മന്തിയും ചക്കയുടെ കേക്കും വരെ; ജൈവ അരി മുതല്‍ നാടന്‍ പച്ചക്കറികളും പഴങ്ങളുമൊക്കെയായി അറിവും ആരോഗ്യ ശീലങ്ങളും പകര്‍ന്ന് തലയോലപ്പറമ്പില്‍ നടക്കുന്ന സഹൃദയ കാര്‍ഷിക മേള ശ്രദ്ധേയമാവുകയാണ്. എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളി ഫാമിലി യൂണിയന്‍ കേന്ദ്രസമിതിയുടെ സഹകരണത്തോടെയാണ് കാര്‍ഷികമേള സംഘടിപ്പിച്ചിരിക്കുന്നത്. സഹൃദയയുടെ കാര്‍ഷിക സംഘങ്ങളില്‍ നിന്നു ശേഖരിക്കുന്ന നാടന്‍ പച്ചക്കറികള്‍, സംഘാംഗങ്ങള്‍ തയ്യാറാക്കിയ കറിപ്പൊടികള്‍, ധാന്യപ്പൊടികള്‍ മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവയൊക്കെ മേളയിലുണ്ട്. പൂച്ചെടികളും അലങ്കാരച്ചെടികളുമൊക്കെ മേളയുടെ ഭാഗമായിട്ടുണ്ട്. ഫലവൃക്ഷത്തൈകളും, പൂച്ചെടികളും അലങ്കാരച്ചെടികളുമൊക്കെ മേളയുടെ കവാടത്തില്‍ കാണാം. പട്ടുനൂല്‍ പുഴുവിന്റെ കൊക്കൂണില്‍ നിന്ന് ശുദ്ധമായ സില്‍ക്ക് വസ്ത്രങ്ങള്‍ ഉത്പാദിപ്പിക്കുന്ന സഹൃദയ സില്‍ക്ക് കേന്ദ്രയില്‍ നിന്നുള്ള സാരികള്‍, മററു തുണിത്തരങ്ങള്‍, നൈവേദ്യ ആയുര്‍വേദ ആശുപത്രിയില്‍ തയ്യാറാക്കിയ ഔഷധങ്ങള്‍, മാലിന്യസംസ്‌ക്കരണത്തിനു സഹായകരമായ ബയോഗ്യാസ് പ്ലാന്റുകള്‍, മണ്ണിര കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ് രീതികള്‍, മഴവെള്ള സംഭരണികള്‍, സോളാര്‍ വാട്ടര്‍ ഹീററര്‍, സോളാര്‍ ഡ്രൈയര്‍ തുടങ്ങിയവയെക്കുറിച്ച് അറിവുപകരുന്ന സ്റ്റാളുകള്‍ ശ്രദ്ധേയമാണ്. ചക്കകൊണ്ടുള്ള ഇരുപതിലേറെ വിഭവങ്ങളൊരുക്കി അവതരിപ്പിച്ചിട്ടുള്ള സ്റ്റാളും ജനങ്ങളെ ആകര്‍ഷിക്കുന്നു. അസ്സീസി ആശാഭവനിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ ഒരുക്കിയിട്ടുള്ള അലങ്കാര വസ്തുക്കളുടേയും സ്റ്റാള്‍ പ്രദര്‍ശനത്തിലുണ്ട്. പ്രവേശനം തികച്ചും സൗജന്യമായ മേള നാളെ സമാപിക്കും. രാവിലെ ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ബദല്‍ജീവിതശൈലി എന്ന വിഷയത്തെക്കുറിച്ചു നടത്തിയ സെമിനാര്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. സഹൃദയ ഫൊറോനാ ഡയറക്ടര്‍ ഫാ.ബൈജു ഇടശ്ശേരി അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, തലയോലപ്പറമ്പ് വികാരി ഫാ.ജോണ്‍ പുതുവ, സഹൃദയ അസി. ഡയറക്ടര്‍ ഫാ.ഡേവിസ് പടന്നയ്ക്കല്‍, ട്രസ്റ്റി ജോസഫ് മണ്ണാര്‍കണ്ടം എന്നിവര്‍ സംസാരിച്ചു. മേരി ബനീജ ക്ലാസ് നയിച്ചു. നാളെ (19ന്) വൈകിട്ട് 3.30-ന് ഫാ.ജോണ്‍ പുതുവയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ട്രസ്റ്റി ജോര്‍ജ്ജ് നാവംകുളങ്ങര സംസാരിക്കും.