Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷിക സംസ്‌ക്കാരത്തിനു പകരം ഉപഭോക്തൃ സംസ്‌ക്കാരത്തിലേക്ക് സമൂഹം വൃതിചലിച്ചതാണ് ആരോഗ്യമേഖലയിലെ അപചയത്തിന്റെ പ്രധാന കാരണമെന്ന് സി കെ ആശ എം എല്‍ എ
17/03/2017
എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയും തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ഇടവക ഫാമിലി യൂണിയന്‍ കേന്ദ്രസമിതിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സഹൃദയ കാര്‍ഷിക മേളയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കുന്നു.

വൈക്കം: കാര്‍ഷിക സംസ്‌ക്കാരത്തിനു പകരം ഉപഭോക്തൃ സംസ്‌ക്കാരത്തിലേക്ക് സമൂഹം വൃതിചലിച്ചതാണ് നമ്മുടെ ആരോഗ്യമേഖലയിലെ അപചയത്തിന്റെ പ്രധാന കാരണമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സുസ്ഥിര കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി നാമോരോരുത്തരും മാറുമ്പോഴാണ് നാട്ടില്‍ ജൈവ സമൃദ്ധി ഉണ്ടാകുന്നതെന്ന് സി.കെ ആശ എം.എല്‍.എ. എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയും തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ഇടവക ഫാമിലി യൂണിയന്‍ കേന്ദ്രസമിതിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സഹൃദയ കാര്‍ഷിക മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ആഗോളതാപനമെന്ന ദുരന്തത്തിന് സിംപോസിയങ്ങളും ചര്‍ച്ചകളുമല്ല മരങ്ങള്‍ നട്ടുപിടിപ്പിക്കുകയെന്നതാണ് ശരിയായ പ്രതിവിധി. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ ഓരുവെളള ഭീഷണി നേരിടാനാണ് മൂവാറ്റുപുഴയാറിന്റെ കൈവഴികളില്‍ സ്പില്‍വേ നിര്‍മ്മിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സഹൃദയ സ്വന്തം കൃഷിയിടത്തില്‍ ഉത്പാദിപ്പിച്ച ജൈവ അരിയുടെ വിപണന ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. വൈക്കം ഫൊറോനാ വികാരി ഫാ. പോള്‍ ചിറ്റിനപ്പിളളി അധ്യക്ഷനായിരുന്നു. മറ്റുളളവരെ മാനിക്കാന്‍ വൈമുഖ്യമുളള മനോഭാവമാണ് പ്രകൃതിക്കെതിരെയും സഹോദരങ്ങള്‍ക്കെതിരെയുമുളള അതിക്രമങ്ങളുടെ അടിസ്ഥാനകാരണമെന്ന് അദ്ദേഹം പറഞ്ഞു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിളളി ആമുഖ പ്രഭാഷണം നടത്തി. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പളളി വികാരി ഫാ. ജോണ്‍ പുതുവ, ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ആന്റണി കളമ്പുകാടന്‍ എന്നിവര്‍ പ്രസംഗിച്ചു . ഊര്‍ജ സംരക്ഷണ സെമിനാറിന് കെ.എന്‍ അയ്യര്‍, ജൈവ കൃഷി സെമിനാറിന് മേരി ബനീജ എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞ് ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനുളള യോഗ തെറാപ്പിയെ കുറിച്ച് യോഗാചാര്യന്‍ ഫാ. പീറ്റര്‍ തീരുതനത്തില്‍ ക്ലാസ് നയിച്ചു. ഭിന്നശേഷിയുളള കലാകാരന്മാരുടെ നേതൃത്വത്തിലുളള സഹൃദയ മെലഡീസിന്റെ മെഗാഷോയും നടത്തി. മുപ്പതിലേറെ സ്റ്റാളുകളിലായി നാടന്‍ പച്ചക്കറികള്‍, നാടന്‍ ഭക്ഷ്യവിഭവങ്ങള്‍, ചക്ക കൊണ്ടുളള ഭക്ഷ്യവസ്തുക്കള്‍, കാര്‍ഷിക നഴ്‌സറി, മാലിന്യ സംസ്‌ക്കരണ-ഊര്‍ജ സംരക്ഷണ ഉപാധികള്‍ തുടങ്ങിയവയുടെ വിപുലമായ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഇന്നു രാവിലെ 10.30 ന് ജൈവകൃഷിയെ കുറിച്ചുളള സെമിനാര്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്യും സഹൃദയ ഫൊറോന ഡയറക്ടര്‍ ഫാ. ബൈജു ഇടശ്ശേരി അധ്യക്ഷനായിരിക്കും.