Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിജ്ഞാനവ്യാപന സമുച്ചയത്തിന്റെയും ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനകര്‍മ്മം 11ന്
09/03/2017

വൈക്കം: മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രം രണ്ട് കോടി രൂപയോളം ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തന സജ്ജമാക്കിയതായി സി കെ ആശ എം എല്‍ എ അറിയിച്ചു. കോട്ടയം, ഇടുക്കി ജില്ലകള്‍ പ്രവര്‍ത്തനപരിധിയായുള്ള തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ചിട്ടുള്ള വിജ്ഞാനവ്യാപന സമുച്ചയത്തിന്റെയും ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനകര്‍മ്മം 11ന് വൈകുന്നേരം 3.30ന് നടക്കും. കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വിഷയങ്ങളില്‍ സൗജന്യപരിശീലനം നല്‍കുക, ട്രെയിനിംഗ് സര്‍ട്ടിഫിക്കററ് നല്‍കുക, സാങ്കേതിക വിഭാഗം ജീവനക്കാരുടെ ട്രെയിനിംഗ്, റിഫ്രഷര്‍ ട്രെയിനിംഗ്, പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കല്‍, മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്കായി മാധ്യമങ്ങളിലൂടെ വിഷയവും തീയതിയും അറിയിച്ച് ഇന്‍ ക്യാമ്പസ് ട്രെയിനിംഗ്, സര്‍ക്കാരിതര സംഘടനകളും മററും ആവശ്യപ്പെടുന്നതിനനുസരിച്ച് അതാതിടങ്ങളില്‍ ഓഫ് ക്യാമ്പസ് ട്രെയിനിംഗ് എന്നിവ നല്‍കുക എന്ന പ്രവര്‍ത്തന ലക്ഷ്യത്തോടെ 2006-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് പരിശീലന കേന്ദ്രം. പശു, ആട്, എരുമ, മുയല്‍, പന്നി, പോത്ത്, വളര്‍ത്തുനായ്ക്കള്‍, കാട, ഇറച്ചിക്കോഴി, മുട്ടക്കോഴി, താറാവ്, എമു, ടര്‍ക്കി എന്നിവയുടെ വളര്‍ത്തലും പരിപാലനവുമാണ് പരിശീലന വിഷയങ്ങള്‍. പഴയ ട്രെയിനിംഗ് ഹാള്‍ നവീകരിച്ച് എ സി, ഇന്‍വെര്‍ട്ടര്‍ എന്നീ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, നല്ല നിലയില്‍ നടക്കുന്ന ഫാമുകള്‍ സന്ദര്‍ശിക്കുന്നതിനായി സ്വന്തമായി വാഹനസൗകര്യം ഏര്‍പ്പെടുത്തല്‍, അമ്പതോളം പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറററികള്‍, അടുക്കള, ഭക്ഷണഹാള്‍ എന്നീ സൗകര്യങ്ങളോടെ ഹോസ്റ്റല്‍ സൗകര്യം, ഡെമോണ്‍സ്‌ട്രേഷന്‍ ലാബ്, മൃഗസംരക്ഷണ ഉപകരണങ്ങളുടെയും വിജ്ഞാനവ്യാപന ഉപാധികളുടെയും വിപുലമായ ശേഖരം, ട്രെയിനികള്‍, സ്‌ക്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ഒരു സ്ഥിരം എക്‌സിബിഷന്‍ ഹാള്‍, കേബിള്‍ കണക്ഷനോടെയുള്ള ടെലിവിഷനും വൈ-ഫൈ സൗകര്യത്തോടെ ഇന്റര്‍നെററ് സൗകര്യം ലഭ്യമാക്കല്‍, സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ തുടങ്ങി ഒട്ടനവധി നവീകരണപ്രവര്‍ത്തങ്ങളും നടത്തിയിട്ടുണ്ട്. പ്രദര്‍ശന ഇനങ്ങളായി മാതൃകാ പശുത്തൊഴുത്തും, വിവിധതരം കൂടുകളും, ഇരുപത് ഇനം തീററപ്പുല്ലുകളുടെ മാതൃക ഡെമോന്‍സ്‌ട്രേഷന്‍ എന്നിവയുമുണ്ട്. അസോളയ്ക്കായി അസോളാ പോണ്ടും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി തുമ്പൂര്‍മൂഴി മോഡല്‍ സംവിധാനവും, ബയോഗ്യാസ് പ്ലാന്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജ്ഞാനവ്യാപന സമുച്ചയത്തിന്റെയും ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനത്തിന്റെ ഭാഗമായി 'അറിവ് 2017' എന്ന പേരില്‍ ഇന്നും നാളെയുമായി (10, 11 തീയതികളില്‍) കാര്‍ഷിക മൃഗസംരക്ഷണ പ്രദര്‍ശനം നടക്കും. പ്രദര്‍ശനത്തില്‍ മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, കേരളാ ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോര്‍ഡ്, കെപ്‌കോ, മില്‍മ, ശുചിത്വമിഷന്‍, കുടുംബശ്രീ, ആത്മാ, ആരോഗ്യവകുപ്പ്, റബര്‍ ബോര്‍ഡ് എന്നിവയുടെ പങ്കാളിത്തത്തോടെ കാര്‍ഷിക-മൃഗസംരക്ഷണ-അനുബന്ധ പ്രദര്‍ശനവും സെമിനാറുകളും സംഘടിപ്പിക്കും. പ്രദര്‍ശന ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കും. വൈകിട്ട് 7മണി വരെയായിരിക്കും പ്രദര്‍ശനം. എകിസിബിഷന്‍ ഉദ്ഘാടനം കോട്ടയം മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ എം ദിലീപ് നിര്‍വ്വഹിക്കും. 11ന് വൈകുന്നേരം 3.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം വനം -മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. സി കെ ആശ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം പി മുഖ്യപ്രഭാഷണം നടത്തും.