Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരു കോടി രൂപയുടെ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കും: സി കെ ആശ എം എല്‍ എ
07/03/2017

വൈക്കം: ക്ഷീരവികസനവകുപ്പിന്റെ പുതിയ പദ്ധതിയിലൂടെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് ക്ഷീരഗ്രാമമാകുമെന്ന് സി കെ ആശ എം എല്‍ എ അറിയിച്ചു. സംസ്ഥാനത്തെ മൂന്ന് ഗ്രാമപഞ്ചായത്തുകളെയാണ് ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാല്‍ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഒരു കോടി പതിനൊന്ന് ലക്ഷം രൂപയാണ് ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കുന്നത്. ഒരു പശു, രണ്ട് പശു, അഞ്ച് പശു, പത്ത് പശു വരെയുള്ള ഡയറി യൂണിറ്റുകള്‍, വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറി യൂണിറ്റുകള്‍, അഞ്ച് കിടാരി, പത്ത് കിടാരി യൂണിറ്റുകള്‍, കറവയന്ത്രങ്ങള്‍, ബയോഗ്യാസ് പ്ലാന്റ്, അത്യാധുനിക നിലവാരമുള്ള പശുത്തൊഴുത്തുകള്‍ എന്നിങ്ങനെ വിവിധ സൗകര്യങ്ങളാണ് ക്ഷീരഗ്രാമം പദ്ധതിയിലൂടെ ലഭ്യമാക്കുക. കൊല്ലം ജില്ലയിലെ ഏരൂര്‍ പഞ്ചായത്തും, തൃശ്ശൂര്‍ ജില്ലയിലെ വെള്ളങ്ങല്ലൂര്‍ പഞ്ചായത്തുമാണ് പദ്ധതിയിലുള്‍പ്പെട്ട മറ്റ് രണ്ട് ഗ്രാമപഞ്ചായത്തുകള്‍. ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായിരിക്കും പദ്ധതി നിര്‍വ്വഹണത്തിന്റെ മുഖ്യ ചുമതല വഹിക്കുന്നത്. ഗോധനം സ്‌കീമില്‍ ഒരു പശു വീതമുള്ള 50 യൂണിറ്റുകള്‍, രണ്ട് പശുവീതമുള്ള 40 യൂണിററുകള്‍, അഞ്ച് പശുവീതമുള്ള 8 യൂണിററുകള്‍, പത്ത് പശുവീതമുള്ള 7 യൂണിറ്റുകള്‍, അഞ്ച് കിടാരി വീതമുള്ള 3 യൂണിററുകള്‍, പത്ത് കിടാരി വീതമുള്ള 3 യൂണിററുകള്‍ എന്നിങ്ങനെയാവും യൂണിററുകള്‍ രൂപീകരിക്കുക. പുതുതായി കടന്നു വരുന്ന കര്‍ഷകരെയും സംരംഭകരെയുമാവും 5 പശു, 10 പശു യൂണിററികള്‍ക്കായി കൂടുതല്‍ പരിഗണിക്കുക. ഗോധനം സ്‌കീമില്‍ വെച്ചൂര്‍പശു ഉള്‍പ്പെടെയുള്ള പരമ്പരാഗത ഇനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. ഗുണഭോക്താക്കളുടെ പ്രതിനിധികള്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍, വെറ്റിനറി സര്‍ജന്‍, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന ഒരു ഗുണഭോക്തൃകമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പാലുല്പാദനത്തില്‍ സ്വയംപര്യാപ്തമാവുക എന്ന ലക്ഷ്യത്തോടെ ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി മാര്‍ച്ച് 11ന് വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും.