Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗായത്രി വീണമീട്ടി സംഗീതലോകത്തെ വിസ്മയിപ്പിച്ച് വൈക്കം വിജയലക്ഷ്മി
07/03/2017
ഗായത്രി വീണമീട്ടി ലോകറെക്കോര്‍ഡ് സ്ഥാപിച്ച വൈക്കം വിജയലക്ഷ്മി പ്രശസ്തി പത്രവുമായി സ്വന്തം ഭവനത്തില്‍.

വൈക്കം: കാറേറ കാറേറ ഈ പൂക്കാമരത്തില്‍ പാട്ടുംപാടി വന്ന വൈക്കം വിജയലക്ഷ്മി ലോകറെക്കോര്‍ഡിന്റെ നാദസൗന്ദര്യം ഗായത്രി വീണയിലൂടെ കരസ്ഥമാക്കിയപ്പോള്‍ നൂറുകണക്കിന് കാതോരങ്ങള്‍ക്ക് അത് കുളിരുപകരുന്ന നിമിഷമായിരുന്നു. അവാര്‍ഡ് ലഭിച്ചതില്‍ വൈക്കത്തപ്പനും ഗുരുനാഥന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും നന്ദി പറയുന്നു. എങ്കിലും തന്റെ സംഗീതത്തിന് പിന്തുണയുമായി എത്തിയ എം.ജയചന്ദ്രന്റെ മൃദംഗം വായനയാണ് തനിക്കുലഭിച്ച ഏററവും വലിയ അവാര്‍ഡെന്ന് വിജയലക്ഷ്മി പറയുന്നു. സഹാനാരാഗത്തില്‍ തുടങ്ങി ശങ്കരാഭരണത്തില്‍ പാട്ട് അവസാനിക്കുമ്പോള്‍ ആറുമണിക്കൂര്‍ കൊണ്ട് അറുപതില്‍പരം പാട്ടുകള്‍ പാടാന്‍ സാധിച്ചത് ഈശ്വരന്റെ പ്രത്യേക അനുഗ്രഹമാണ്. പാട്ടിന്റെ പല്ലവികള്‍ തന്റെ മനസ്സില്‍ എത്തിക്കുന്നത് കരിന്തിരി കത്തിയ കണ്ണുകളില്‍ ഇന്നും കത്തിച്ചുവെച്ച ഒരു സംഗീതവെളിച്ചമാണ്.
ഗായത്രി വീണയും മണിക്കൂറുകള്‍ വായിച്ചപ്പോള്‍ തന്റെ വിരലുകള്‍ക്കുണ്ടായ കോച്ചലുകള്‍ ഫിസിയോതെറാപ്പിസ്റ്റ് തന്റെ വിരലുകള്‍ക്ക് നല്‍കിയ ഊര്‍ജ്ജവും വിജയലക്ഷ്മി അനുസ്മരിച്ചു. ഗായത്രി വീണയാണ് വിജയലക്ഷ്മിയുടെ പ്രിയപ്പെട്ട കൂട്ടുകാരി. അച്ഛന്‍ തനിക്കുനല്‍കിയ ഈ വീണയിലൂടെ മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങള്‍ പാടാന്‍ സാധിക്കുന്നത് ഈശ്വരന്‍മാരുടെയും അച്ഛന്റെയും അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ്.
വിജയലക്ഷ്മിയുടെ സംഗീതശബ്ദം കേട്ട് ദൈവികതനിറഞ്ഞ ശബ്ദമെന്ന് സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ ഇന്നും വിജയലക്ഷ്മിയുടെ മനസ്സില്‍ വേദവാക്യം പോലെ സൂക്ഷിക്കുന്നു. വിജയലക്ഷ്മിക്ക് ചിലപ്പോള്‍ പി.ലീലയുടെ വിശ്രുതമായ ശബ്ദവും ഓര്‍മിപ്പിക്കുന്ന നിമിഷങ്ങള്‍ കടന്നുവരാറുണ്ട്. അവാര്‍ഡ് കിട്ടി വീട്ടിലെത്തിയ വിജയലക്ഷ്മി തിങ്കളാഴ്ച രാവിലെ തന്നെ തിരുവനന്തപുരം ശംഖുമുഖത്ത് പോകുവാനുള്ള തിരിക്കിലായിരുന്നു. ആരാധകര്‍ക്കും ആസ്വാദകര്‍ക്കുമുള്ള മറുപടി ഫോണിലൂടെ അമ്മയാണ് പറയുന്നത്. തമിഴ്പാട്ടില്‍ താളം പിടിച്ച് വളര്‍ന്ന കൈവിരലുകള്‍കൊണ്ട് വിജയലക്ഷ്മി മീട്ടിയുണര്‍ത്തിയ രാഗങ്ങള്‍ സംഗീതലോകത്തിന് എന്നെന്നും മുതല്‍ക്കൂട്ടായിരിക്കും.