Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറാട്ട് എഴുന്നള്ളിപ്പ് ഭക്തി നിര്‍ഭരമായി.
04/03/2017
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് എഴുന്നള്ളിപ്പിന് നിറപറയും വിളക്കും വച്ച് ഭക്തര്‍ വരവേല്‍പ്പ് നല്‍കുന്നു

വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിന് പരിസമാപ്തി കുറിച്ച് നടന്ന ആറാട്ട് എഴുന്നള്ളിപ്പ് ഭക്തി നിര്‍ഭരമായി. കാളീശ്വരം ക്ഷേത്ര കുളത്തില്‍ നടന്ന ആറാട്ട് ചടങ്ങുകള്‍ക്ക് തന്ത്രി കാശാങ്കോടത്ത് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരി, കാശാങ്കോടത്ത് ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരി,മേല്‍ശാന്തി പ്രവീണ്‍ എന്നിവര്‍ കാര്‍മികരായി. ആറാട്ടിനു ശേഷം കാളീശ്വരം ക്ഷേത്രത്തിനു മുന്നില്‍ എഴുന്നള്ളത്ത് നിരന്നു. വാദ്യകലാകാരന്‍ മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയുടെ പ്രമാണത്വത്തില്‍ നാല്‍പ്പത്തഞ്ചോളം കലാകാരന്‍മാര്‍ ചേര്‍ന്ന് ഒരുക്കിയ പാണ്ടിമേളം എഴുന്നള്ളത്തിന് പ്രൗഢിയേകി. മയിലാട്ടവും ചാരുത പകര്‍ന്നു. തുടര്‍ന്ന് പുതിയകാവ് ദേവീക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നള്ളിപ്പ് പുറപ്പെട്ടു. ഉല്ലല 1996-ാം നമ്പര്‍ എന്‍ എസ് എസ് വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ താലപ്പൊലി എഴുന്നള്ളിപ്പിന് വരവേല്‍പ്പ് നല്‍കി. പുതിയകാവ് ദേവീക്ഷേത്രത്തിന്റെ തെക്കേമുററത്ത് നിരവധി നിലവിളക്കുകള്‍ തെളിയിച്ചും നിറപറവെച്ചും ഭക്തര്‍ വരവേല്‍പ്പ് നല്‍കി. ഉദയന്‍ നമ്പൂതിരിയും സംഘവും പഞ്ചാരിമേളമൊരുക്കി .തുടര്‍ന്ന് ചുററുവിളക്ക്, നിറപറ, എതിരേല്‍പ്പ്, വലിയകാണിക്ക, കലശാഭിഷേകം എന്നിവയും നടന്നു. ദേവസ്വം പ്രസിഡന്റ് രാമേന്ദ്രന്‍പിള്ള, വൈസ്പ്രസിഡന്റ്‌സുരേഷ് ബാബു, മാനേജര്‍ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.