Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശിച്ച വികസനം വൈക്കത്തിന് സ്വന്തമാകുന്നു.
03/03/2017

വൈക്കം: ആശിച്ച വികസനം വൈക്കത്തിന് സ്വന്തമാകുന്നു. വൈക്കത്തെ ജനങ്ങള്‍ ഈ ബജററില്‍ ഉററ് നോക്കിയിരുന്നത് വൈക്കം താലൂക്ക് ആശുപത്രിയുടെ സമഗ്രവികസന പദ്ധതി പ്രഖ്യാപിക്കപ്പെടുമോ എന്നാണ്. പതിററാണ്ടുകളായി ഏറെ പരാധീനതകളുടെ നടുവില്‍പ്പെട്ട് വീര്‍പ്പുമുട്ടിയിരുന്ന താലൂക്ക് ആശുപത്രിക്ക് ശാപമോക്ഷമാവുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ്ണ ബജററില്‍തന്നെ താലൂക്ക് ആശുപത്രി വികസനത്തിന് പദ്ധതി പ്രഖ്യാപിച്ചത് വൈക്കത്തുകാര്‍ക്ക് ഏറെ സന്തോഷം പകരുന്നു. ധനകാര്യവകുപ്പ് മന്ത്രിയോട് വൈക്കം എം എല്‍ എ സി കെ ആശ നടത്തിയ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് ഈ പ്രഖ്യാപനം ഇപ്പോള്‍ ഉണ്ടായത്. ഉടന്‍ തന്നെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സി കെ ആശ എം എല്‍ എ അറിയിച്ചു. എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയായിരിക്കും ആശുപത്രി നവീകരിക്കുക. അതോടൊപ്പം വൈക്കത്തെ പ്രധാന ശുദ്ധജല സ്രോതസ്സായ മൂവാററുപുഴയാറില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും മൂവാററുപുഴയാറിനെ ശുദ്ധജല സ്രോതസ്സായി നിലനിര്‍ത്തുന്നതിനും ആറ് വേമ്പനാട്ടുകായലില്‍ പതിക്കുന്ന ഇത്തിപ്പുഴ, മുറിഞ്ഞപുഴ, പൂത്തോട്ട എന്നിവിടങ്ങളില്‍ സ്പില്‍വേകള്‍ സ്ഥാപിക്കുന്നതിനും ബജററില്‍ പ്രഖ്യാപനമുണ്ട്. നിരവധി കുടിവെള്ള പദ്ധതികളുടെ ഉറവിടമായ മൂവാററുപുഴയാറില്‍ ഈ വര്‍ഷത്തെ കടുത്തവേനലില്‍ ഓരുവെള്ളം കയറിയത് മൂലം നൂറ് കണക്കിന് ഹെക്ടര്‍ കൃഷി നശിച്ചത് കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാകണമെന്നും അതിനായി മൂന്നിടങ്ങളില്‍ സ്പില്‍വേ സ്ഥാപിക്കണമെന്നും സി കെ ആശ എം എല്‍ എ ജലസേചന വകുപ്പ് മന്ത്രിയോടും ധനകാര്യവകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസ്തുത സ്പില്‍വേകളും ബജററില്‍ പ്രഖ്യാപിക്കപ്പെട്ടത്. കേരളത്തിലെ തന്നെ ഏററവും പ്രശസ്തമായ ബ്രയ്ന്‍ ആന്റ് സ്‌പൈന്‍ ആശുപത്രി സ്ഥിതി ചെയ്യുന്ന ചെമ്മനാകരിയിലേക്ക് ദുര്‍ഘടമായ യാത്രസൗകര്യമാണ് നിലവിലുള്ളത്. ഗുണനിലവാരം കുറഞ്ഞതും വീതി ഇല്ലാത്തതുമായ റോഡ് ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി പലതവണ വെട്ടിപ്പൊളിച്ചും തകര്‍ന്നിരുന്നു. ഈ ബജററിലൂടെ പ്രസ്തുത ടോള്‍ ചെമ്മനാകരി റോഡിന്റെ ആധുനിക വത്ക്കരണത്തിന് 10 കോടി രൂപയാണ് അനുവദിക്കപ്പെട്ടത്. കൂടാതെ തലയോലപ്പറമ്പ് ഏ ജെ ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്റി സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. വൈക്കത്തിന്റെ പ്രിയ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ട്രസ്റ്റിന് ഗ്രാന്റായി 10 ലക്ഷം രൂപയും ബജററിലൂടെ അനുവദിച്ചിട്ടുണ്ടെന്ന് സി കെ ആശ എം എല്‍ എ അറിയിച്ചു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജററിലൂടെ പല വികസന പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരുന്നത്. ഇവ ഓരോന്നും പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. സുപ്രധാനമായ വൈക്കം-വെച്ചൂര്‍ റോഡ് വീതി കൂട്ടി അഞ്ചുമനപാലം പുതുക്കിപ്പണിയല്‍, ചെമ്പ് വാലയില്‍ പാലം, അക്കരപ്പാടം പാലം, മൂലേക്കടവ് പാലം, കല്ലുപുര-വാക്കേത്തറ റോഡ് തുടങ്ങി വിവിധ പദ്ധതികള്‍ ആദ്യ ബജററിലൂടെ വൈക്കത്തിന് ലഭ്യമായപ്പോള്‍ ഈ വര്‍ഷത്തെ ബജററിലൂടെ വൈക്കം താലൂക്ക് ആശുപത്രിക്കാണ് ഏറെ നേട്ടമുണ്ടാകുന്നത്. വൈക്കത്തിന്റെ സമഗ്ര വികസനലക്ഷ്യം വച്ച് മുന്നോട്ട് പോകുവാന്‍ ഏറെ പ്രചോദനം പകരുന്നതാണ് ബജററ് പ്രഖ്യാപനമെന്നും സി കെ ആശ എം എല്‍ എ അറിയിച്ചു.