Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനധികൃത ചീനവലകള്‍ നടപടിയെടുക്കാനാവാതെ ഫിഷറീസ് വകുപ്പ്
03/03/2017
ചീനവലകള്‍

വൈക്കം: കായലില്‍ അനധികൃതമായി ഫിഷറീസ് വകുപ്പിന്റെ അനുവാദമില്ലാതെ പ്രവര്‍ത്തിക്കുന്ന ചീനവലകള്‍ നീക്കം ചെയ്യാനായി ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചെങ്കിലും, വീട്ടാവശ്യത്തിനായി എടുത്ത വൈദ്യുതി ഉപയോഗിച്ച് തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കുഭാഗത്തും വടക്കുഭാഗത്തുമായി നൂറോളം ചീനവലകള്‍ പ്രവര്‍ത്തിക്കുന്നു. 200 മീറററോളം ഫൈബര്‍ കേബിള്‍ ഉപയോഗിച്ച് വീടുകളില്‍ നിന്നും അനധികൃതമായി വൈദ്യുതി എടുത്താണ് ചീനവലകള്‍ പ്രവര്‍ത്തിക്കുന്നത്. കേരള ധീവരസഭ വൈക്കം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിററി മുഖേന നല്‍കിയ പരാതിയില്‍ ചീനവലകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ കെ എസ് ഇ ബി അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഒരു ചീനവലകളിലും വൈദ്യുതി വിച്ഛേദിച്ചില്ല. ഫിഷറീസ് വകുപ്പ് പരിശോധന നടത്തിയപ്പോള്‍ എല്ലാ ചീനവലകളിലും വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. രാത്രികാലങ്ങളില്‍ 80 വാട്ട്‌സിന്റെ അഞ്ചും, ആറും ബള്‍ബുകള്‍ കത്തിച്ചാണ് ചീനവല പ്രവര്‍ത്തിക്കുന്നത്. ഫിഷറീസ് നിയമം അനുസരിച്ച് നൂറ് വാട്ട്‌സില്‍ കൂടുതല്‍ പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിക്കരുതെന്ന് നിയമം ഉണ്ടെങ്കിലും അതെല്ലാം ലംഘിക്കപ്പെടുകയാണ് ചെയ്യുന്നത്. അഞ്ചും, ആറും ബള്‍ബുകള്‍ ഒരുമിച്ചിടാവുന്ന ഹോള്‍ഡറുകള്‍ പ്രത്യേകമായി തയ്യാറാക്കിയാണ് വൈദ്യുതി ഉപയോഗിക്കുന്നത്. ചീനവലകള്‍ അഴിച്ചുമാറ്റാന്‍ ഫിഷറീസ് വകുപ്പ് നടത്തിയ ശ്രമം വൈദ്യുതി കാരണത്താല്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. അനധികൃത ചീനവലകള്‍ക്കെതിരെ മത്സ്യത്തൊഴിലാളികളില്‍ നിന്നും ശക്തമായ പ്രതിക്ഷേധങ്ങള്‍ ഉയര്‍ന്നതാണ് ചീനവലകള്‍ എടുത്തു മാററാന്‍ ഫിഷറീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. കെ എസ് ഇ ബി അധികൃതര്‍ക്ക് ഫിഷറീസ് വകുപ്പ് രേഖാ മൂലം കത്തു നല്‍കിയിട്ടുണ്ടെന്നും ഈ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ചീനവലകളിലെ അനധികൃതമായി എടുത്ത വൈദ്യുതി അടിയന്തിരമായി വിച്ഛേദിച്ചു കളയാന്‍ കെ എസ് ഇ ബി അധികൃതര്‍ തയ്യാറാകണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സഹായിക്കണമെന്നും ഇല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മത്സ്യത്തൊഴിലാളി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഒരാള്‍ക്ക് തന്നെ ഒന്നിലധികം ചീനവലകളുണ്ടെന്നും അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നു.