Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെങ്ങുകള്‍ക്ക് അജ്ഞാത രോഗം പടരുന്നു
02/03/2017
അജ്ഞാത രോഗം പിടിപെട്ട തെങ്ങുകളിലൊന്ന്.

വൈക്കം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം നാളികേര കര്‍ഷകര്‍ക്ക് തേങ്ങയുടെ വില വര്‍ദ്ധനവ് അല്‍പം ആശ്വാസം നല്‍കിയതിനു തിരിച്ചടി നല്‍കിക്കൊണ്ട് തെങ്ങുകള്‍ക്ക് അജ്ഞാത രോഗം പടരുന്നു. ആരംഭത്തില്‍ ഓല പഴുക്കുകയും വെള്ളയ്ക്ക വ്യാപകമായി കൊഴിഞ്ഞു വീഴാനും തുടങ്ങി. കര്‍ഷകര്‍ ആദ്യം ഇതു മുഖവിലയ്‌ക്കെടുത്തില്ല. എന്നാല്‍ തെങ്ങിന്റെ തലഭാഗം പഴുക്കാന്‍ തുടങ്ങിയതോടെയാണ് കാര്യത്തിന്റെ ഗൗരവം കര്‍ഷകര്‍ക്ക് മനസിലായിത്തുടങ്ങിയത്. കുലവാട്ടമാണ് എന്നു കരുതി ഇതിനു വേണ്ടിയുള്ള മരുന്നുകള്‍ പലരും തളിച്ചുകൊടുത്തു. എന്നാല്‍ ഇതൊന്നും ഗുണപ്പെടാതെ വന്നതോടെ പലരും തെങ്ങിന്റെ മുകള്‍ഭാഗം വൃത്തിയാക്കി കുമ്മായപ്പൊടിയും മറ്റും വിതറി. എന്നാല്‍ ഇതുകൊണ്ടും കാര്യമായ പ്രയോജനമുണ്ടായില്ല. ചെല്ലി ശല്യമാണ് ഇതിനു കാരണമെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിനു വേണ്ടിയുള്ള കീടനാശിനി പ്രയോഗത്തിലാണ് ഇപ്പോള്‍ നാളികേര കര്‍ഷകര്‍. തേങ്ങ വില കുതിച്ചുയര്‍ന്നപ്പോള്‍ ഉണ്ടായ ഈ രോഗം നാളികേര മേഖലയെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. തേങ്ങയ്ക്ക് ഇപ്പോള്‍ ഒരെണ്ണത്തിന് വലിപ്പമനുസരിച്ച് 20 മുതല്‍ 25 രൂപ വരെ ലഭിക്കുന്നു. കിലോ പ്രകാരമാണ് വില്‍പ്പനയെങ്കില്‍ 35 രൂപ വരെ ലഭിയ്ക്കുന്നു. വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നതാണ് നാളികേരത്തിന്റെ വില ഉയരാന്‍ കാരണം. നിര്‍ജീവമായിരുന്ന കൊപ്രാക്കളങ്ങളും ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. നൂറുകണക്കിനു പേര്‍ക്കാണ് ഈ മേഖലയില്‍ ഇപ്പോള്‍ പണി ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കും തിരിച്ചടിയാകും ഇപ്പോഴത്തെ തെങ്ങിന്റെ രോഗബാധ. ടി.വി.പുരം, മൂത്തേടത്തുകാവ്, ചെമ്മനത്തുകര, വെച്ചൂര്‍, തലയാഴം, ഉല്ലല ഭാഗങ്ങളിലാണ് കൊപ്രക്കളങ്ങള്‍ ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്. അജ്ഞാത രോഗം ഏററവും കൂടുതല്‍ പടരുന്നത് മുണ്ടാര്‍, തോട്ടകം, ചെട്ടിക്കരി, ചെമ്മനാകരി, കൊടൂപ്പാടം, തലയാഴം, ഇടയാഴം, മഞ്ചാടിക്കരി, കൊതവറ, മൂത്തേടത്തുകാവ് പ്രദേശങ്ങളിലാണ്. കൂടുതല്‍ തെങ്ങുകളിലേക്ക് രോഗം പടരാതിരിക്കാന്‍ തെങ്ങ് വെട്ടിമാററുക മാത്രമാണ് മാര്‍ഗം. രോഗത്തിനു പുറമെ കൊടുംവരള്‍ച്ചയും നാളികേര കര്‍ഷകരെ വലക്കുകയാണ്. പുരയിടങ്ങളിലും പാടശേഖരത്തിന്റെ വരമ്പുകളിലുമെല്ലാം നില്‍ക്കുന്ന തെങ്ങുകള്‍ക്ക് കൊടുംവരള്‍ച്ചയില്‍ വലിയ തളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഓലമടലുകള്‍ കൂട്ടത്തോടെ പഴുത്തുവീഴുന്നു. വെള്ളമൊഴിക്കാന്‍ ഒരു നിവൃത്തിയുമില്ല. നാട്ടുതോടുകളിലും പാടശേഖരങ്ങളിലുമെല്ലാം ഓരുവെള്ളം കയറിക്കഴിഞ്ഞു. കിണറുകളില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്. വെള്ളം ലഭിക്കാത്തതും നാളികേര കര്‍ഷകരെ വലയ്ക്കുകയാണ്.