Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെ തടഞ്ഞുവെച്ചു.
02/03/2017
ബി.പി.എല്‍ പട്ടികയില്‍ നിന്നും അര്‍ഹരായവരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെ തടഞ്ഞുവെച്ചിരിക്കുന്നു.

വൈക്കം: ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ പട്ടികയില്‍ നിന്നും അര്‍ഹരായവരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെ തടഞ്ഞുവെച്ചു. പുതുതായി പ്രസിദ്ധീകരിച്ച ബി.പി.എല്‍ പട്ടിക ഗ്രാമസഭാ യോഗങ്ങള്‍ അംഗീകരിച്ച് നല്‍കണമെന്ന നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന ഗ്രാമസഭാ യോഗങ്ങള്‍ വലിയ വാഗ്വാദങ്ങളിലും തര്‍ക്കങ്ങളിലുമാണ് കലാശിച്ചത്. ദരിദ്രരായ അര്‍ഹതയുള്ള നിരവധി പേര്‍ ലിസ്റ്റില്‍ നിന്നും പുറത്തായപ്പോള്‍ ജീവിതസൗകര്യങ്ങളുള്ള പലരും ലിസ്റ്റില്‍ ഇടംപിടിച്ചതാണ് ഗ്രാമസഭാ യോഗങ്ങള്‍ ബഹളത്തില്‍ മുങ്ങാന്‍ കാരണം. ഒരു മാസം മുന്‍പ് പ്രസിദ്ധീകരിച്ച കരട് ലിസ്റ്റ് എല്ലാ റേഷന്‍ കടകളിലും നല്‍കിയിരുന്നു. എന്നാല്‍ കരട് ലിസ്റ്റില്‍ പേരുണ്ടായിരുന്ന പല കുടുംബങ്ങളും അന്തിമലിസ്റ്റില്‍ ഒഴിവാക്കപ്പെട്ടു. ഏറ്റവും അര്‍ഹതയുള്ള മൂന്ന് സെന്റില്‍ താമസിക്കുന്ന കോളനി നിവാസികളും വിധവകളും ശാരീരിക അഴശതയുള്ളവരും ഒഴിവാക്കപ്പെട്ടത് യാതൊരു പരിശോധനയും നടത്താതെ പ്രസിദ്ധീകരിച്ചതുമൂലമാണെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചു. പഞ്ചായത്തുകളില്‍ നൂറുകണക്കിന് സാധാരണക്കാരാണ് ദിവസേന പരാതിയുമായെത്തി ബഹളമുണ്ടാക്കുന്നത്. പരിശോധന നടത്തി ലിസ്റ്റില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ വൈസ് പ്രസിഡന്റ് കെ.ബി രമ, അംഗങ്ങളായ പി.വി പ്രസാദ്, അഡ്വ. പി.വി കൃഷ്ണകുമാര്‍, ലീന ഡി.നായര്‍, പി.കെ മല്ലിക, സ്മിത മനോജ്, രമാദേവി മനോഹരന്‍, സുഷമ സന്തോഷ്, കനകമ്മ, ബിന്ദു സുനില്‍, ടി.കറുത്തകുഞ്ഞ്, ബിന്ദു പ്രദീപ് എന്നിവര്‍ പങ്കെടുത്തു.