Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊയ്ത്തുമെതി യന്ത്രം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് അന്തിമഘട്ടത്തിലെത്തിയ നെല്‍കൃഷി അവതാളത്തില്‍
11/11/2015
കൊയ്ത്തുമെതി യന്ത്രം ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വെച്ചൂരിലെ പാടശേഖരങ്ങളില്‍ കൊയ്ത്തിനുപാകമായ നെല്ലുകള്‍ അടിഞ്ഞനിലയില്‍
പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് അന്തിമഘട്ടത്തിലെത്തിയ നെല്‍കൃഷി കൊയ്ത്തുമെതി യന്ത്രം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് കര്‍ഷകരെ വലക്കുന്നു. വെച്ചൂര്‍ പഞ്ചായത്തിലെ 3500 ഏക്കറോളം വരുന്ന പാടശേഖരത്തിലെ നെല്‍കൃഷിയാണ് ഇപ്പോള്‍ അടിഞ്ഞുകൊണ്ടിരിക്കുന്നത്. വിളവെടുപ്പിന് പാകമായ നെല്ല് കൊയ്‌തെടുക്കുവാന്‍ മുന്‍കാലങ്ങളില്‍ കര്‍ഷകതൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇതിനെല്ലാം മാററമുണ്ടായി. ഇപ്പോള്‍ കൊയ്ത്തുമെതി യന്ത്രങ്ങളാണ് പാടശേഖരങ്ങളുടെ രക്ഷ. എന്നാല്‍ വൈക്കത്തിന്റെ നെല്ലറയായ വെച്ചൂര്‍ പഞ്ചായത്തിന് ഇതുവരെയായി സ്വന്തമായി കൊയ്ത്തുമെതി യന്ത്രം വാങ്ങുവാന്‍ സാധിച്ചിട്ടില്ല. പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തേണ്ട കൃഷിഭവനും കെടുകാര്യസ്ഥതയിലാണ്. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മികച്ച വിജയമാണ് കര്‍ഷകര്‍ വരിച്ചത്. എന്നാല്‍ മെതിയന്ത്രത്തിന്റെ അഭാവം ഈ നേട്ടത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നു. ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്തുമെതി യന്ത്രം ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ലക്ഷ്യപ്രാപ്തിയിലെത്തുന്ന കാര്യം സംശയമാണ്. ഓരോ ദിവസം ചെല്ലുന്തോറും കര്‍ഷകരുടെ അവസ്ഥ ദയനീയമായിക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ കൊയ്ത്തുമെതി യന്ത്രങ്ങളെ ആശ്രയിക്കാനും കര്‍ഷകര്‍ ശ്രമിക്കുന്നുണ്ട്. ഇതിന് മണിക്കൂറിന് 2400 രൂപ വേണ്ടി വരും. ജില്ലാ പഞ്ചായത്തിന്റേതാണെങ്കില്‍ 1400 രൂപ മതിയാകും. സ്വകാര്യ മെതിയന്ത്രങ്ങള്‍ പാടശേഖരങ്ങളില്‍ ഇറക്കുന്നത് കര്‍ഷകര്‍ക്ക് വന്‍ബാദ്ധ്യത ഉണ്ടാക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നുമെല്ലാം വായ്പയെടുത്താണ് പലരും കൃഷി നടത്തിയത്. ഇതുപോലുള്ള സംഭവങ്ങള്‍ കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്തിരിപ്പിക്കാനേ ഉപകരിക്കൂ. വിഷയത്തില്‍ ഇടപെടലുകള്‍ നടത്തേണ്ട അധികാരികള്‍ ഒരു ശ്രദ്ധയും ഇക്കാര്യത്തില്‍ പുലര്‍ത്തുന്നില്ല. പഞ്ചായത്തിലെ അച്ചിനകം, വലിയവെളിച്ചം, വലിയ പുതുക്കരി, അരികുപുറം, എന്നീ പാടശേഖരങ്ങളിലെ മൂവായിരത്തി അഞ്ഞൂറിലധികം ഏക്കറിലെ നെല്‍കൃഷിയാണ് കൊയ്ത്തുമെതിയന്ത്രത്തിന്റെ അഭാവത്തില്‍ അടിഞ്ഞുകിടക്കുന്നത്. വെച്ചൂരിലെ കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് ലക്ഷങ്ങള്‍ വാരിയെറിയുന്ന അധികാരികള്‍ ആദ്യം പരിഹരിക്കേണ്ടത് ഇതുപോലുള്ള അടിസ്ഥാനപ്രശ്‌നങ്ങളാണ്. അല്ലാതെയുളള പണികള്‍ കാര്‍ഷിക മേഖലയ്ക്ക് ഒരു ഗുണവും ചെയ്യില്ലെന്നാണ് പാടശേഖരസമിതികളും കര്‍ഷകരും പറയുന്നത്. കാര്‍ഷിക മേഖലയ്ക്ക് മികച്ചരീതിയില്‍ മുന്നേറുവാന്‍ വെച്ചൂര്‍ പഞ്ചായത്തും കൃഷിഭവനുമെല്ലാം ക്രിയാത്മക ഇടപെടലുകള്‍ നടത്തണം. ഇതിന് സാമ്പത്തികശേഷി കണ്ടെത്തുവാന്‍ സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തുവാന്‍ എം.പിയെയും എം.എല്‍.എയുമെല്ലാം ഇടപെടുത്തണം. ഇവിടെ രാഷ്ട്രീയം മറന്നുള്ള ജനകീയ കൂട്ടായ്മ രൂപപ്പെടേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ വരുംനാളുകളില്‍ വെച്ചൂരിലെ പച്ചപ്പ് നിറഞ്ഞ പാടശേഖരങ്ങള്‍ തരിശുഭൂമിയായി മാറിയേക്കും.