Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ പ്രധാന പരമ്പരാഗത മേഖലയായ കയറും പ്രതിസന്ധികളിലേക്ക്.
21/12/2015
വൈക്കത്തെ പ്രധാന പരമ്പരാഗത മേഖലയായ കയറും പ്രതിസന്ധികളിലേക്ക്. പരിഹാരനിര്‍ദ്ദേശങ്ങള്‍ ഇനിയും വൈകിയാല്‍ ഈ മേഖലയെ കൂട്ടത്തോടെ കൈവിടേണ്ട അവസ്ഥയിലേക്ക് തൊഴിലാളികള്‍ എത്തിച്ചേരും. കേരളത്തില്‍ കയര്‍ തൊഴിലാളികള്‍ ഏറെയുള്ള നിയോജകമണ്ഡലങ്ങളില്‍ ഒന്നാണ് വൈക്കം. എന്നാല്‍ നാളിതുവരെയായി ഈ മേഖലയെ അടിസ്ഥാനമാക്കിയുള്ള ഒരു വികസന പ്രവര്‍ത്തനങ്ങളും ഇവിടെ ഉണ്ടായിട്ടില്ല. മേഖല സജീവമായി നിലകൊള്ളുന്നത് വെച്ചൂര്‍, ടി.വി പുരം, തലയാഴം, ഉദയനാപുരം, മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളിലാണ്. ഏകദേശം 20000ലധികം തൊഴിലാളികള്‍ ഇതില്‍ പണിയെടുക്കുന്നുണ്ട്. 25 കയര്‍ സംഘങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിസന്ധികള്‍ക്കിടയിലും ചുരുക്കം ചില സംഘങ്ങള്‍ നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നത്. ഇവരിലേക്കും മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുഴപ്പങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് മുന്‍കാലങ്ങളില്‍ ലഭിച്ചതുപോലുള്ള മൂലധനം ലഭ്യമായാല്‍ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ സംഘങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. മുന്‍കാലങ്ങളില്‍ അഞ്ച് ലക്ഷം രൂപ വരെ സര്‍ക്കാരില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്നുവെന്ന് സംഘങ്ങള്‍ പറയുന്നു. അതുപോലെ തന്നെ കേരളത്തില്‍ ഏററവുമധികം ഡിമാന്റുണ്ടായിരുന്ന വൈക്കം കയറിന് ഇപ്പോള്‍ വ്യാജനുമിറങ്ങിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് വ്യാജകയര്‍ വിലകുറച്ച് കേരളത്തിലെത്തുന്നത്. ഇതിനുതടയിടേണ്ട ഉദ്യോഗസ്ഥര്‍ പടിവാങ്ങി ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന ചകിരിയുടെ വിപണനത്തിലും ഇടനില ചൂഷണം അതിരുവിടുന്നതാണ്. ഇവര്‍ സംഘങ്ങളില്‍ നിന്നും ഇരട്ടിവിലയാണ് ചകിരി വാങ്ങുന്നത്. സംഘങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ സ്ഥിരമായി പണി ഇല്ലാത്ത സാഹചര്യമാണ്. പതിനായിരത്തിലേറെ തൊഴിലാളികള്‍ ഇപ്പോള്‍ തൊഴിലില്ലാതെ നട്ടംതിരിയുകയാണ്. മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന സ്ത്രീകളെയാണ് കയര്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി കൂടുതല്‍ ബാധിച്ചിരിക്കുന്നത്. പിരിക്കുന്ന കയറിന് ഇപ്പോഴും തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നത്. കാലത്തിന്റേതായ കൂലി വര്‍ദ്ധനവില്ലാത്ത ഏക മേഖലയും കയറാണ്. കയര്‍ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും ഇപ്പോള്‍ കിട്ടുന്നില്ല. ആനുകൂല്യങ്ങള്‍ മുറപോലെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതുതേടി തൊഴിലാളികളെത്തുമ്പോള്‍ ഒന്നുമറിയില്ലെന്ന ഭാവമാണ് കയര്‍ ഫെഡിനുള്ളത്. ഇതിനു മാറ്റമുണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കയര്‍ മേഖലയില്‍ പണിയെടുക്കാന്‍ തൊഴിലാളികളെ തപ്പിനടക്കേണ്ട സാഹചര്യം ഊരിത്തിരിയും. പരമ്പരാഗത മേഖലകളെല്ലാം പ്രതിസന്ധികളെ അതിജീവിച്ച് പുനരുജ്ജീവിക്കുമ്പോള്‍ കയര്‍ മേഖലയില്‍മ മാത്രമാണ് ഇപ്പോഴും കരിനിഴല്‍ നില്‍ക്കുന്നത്. കയര്‍ ഉല്‍പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കുന്നുണ്ടെങ്കിലും ഇതില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മാത്രമാണ് ഗുണവശങ്ങള്‍ ലഭിക്കാത്തത്. കൂലി വര്‍ദ്ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പലരും തൊഴിലില്‍ തന്നെ നിലയുറപ്പിക്കുകയാണ്. മാറ്റമുണ്ടായില്ലെങ്കില്‍ ഇനിയും ഈ മേഖലയില്‍ തുടരാന്‍ ജീവിതസാഹചര്യങ്ങള്‍ അനുവദിക്കില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അങ്ങനെ സാഹചര്യം ഊരിത്തിരിഞ്ഞാല്‍ വരും തലമുറക്ക് കയര്‍ മേഖല ഓര്‍മ മാത്രമാകും.