Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് ടൗണില്‍ ദീര്‍ഘദൂര ബസുകളുടെ തോന്നുംപടി യാത്രക്കാരെ വലയ്ക്കുന്നു.
19/12/2015
നിന്നുതിരിയാന്‍ ഇടമില്ലാത്ത തലയോലപ്പറമ്പ് ടൗണില്‍ ദീര്‍ഘദൂര ബസുകളുടെ തോന്നുംപടി യാത്രക്കാരെ വലയ്ക്കുന്നു. ടൗണില്‍ എത്താതെ ദീര്‍ഘദൂര ബസുകള്‍ പള്ളിക്കവലയില്‍ നിന്ന് തിരിഞ്ഞുപോകുന്നതായും പരാതിയുണ്ട്. നിര്‍മാണ ജോലികളുടെ ഭാഗമായി ബസ് സ്റ്റാന്‍ഡ് മാസങ്ങള്‍ മുന്‍പു വരെ അടച്ചിട്ടിരിക്കുകയായിരുന്നു. കോടതിയുടെ ഇടപെടലുകളെ തുടര്‍ന്നു തുറന്ന ബസ് സ്റ്റാന്‍ഡില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ആരും ഇല്ലാത്ത സാഹചര്യം ബസ് തൊഴിലാളികള്‍ക്ക് അഴിഞ്ഞാട്ടം നടത്തുന്നതിനുള്ള സാഹചര്യമൊരുക്കുന്നു. മഴ വന്നാല്‍ യാത്രക്കാരുടെ അവസ്ഥ ഏറെ ദയനീയമാണ്. സ്റ്റാന്‍ഡിനു മുന്‍വശത്ത് പോലീസ് സ്റ്റേഷനും, ഗതാഗത നിയന്ത്രണത്തിനു ഹോം ഗാര്‍ഡുമെല്ലാം ഉണ്ടെങ്കിലും ഇതൊന്നും ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടയാക്കുന്നില്ല. ദീര്‍ഘദൂര ബസുകള്‍ പള്ളിക്കവലയില്‍ നിന്ന് തിരിഞ്ഞ് പോകുന്ന സംഭവത്തിലും അധികാരികളുടെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടാകാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. തലയോലപ്പറമ്പിലേക്ക് ടിക്കററ് എടുക്കുന്നവരെ ജീവനക്കാര്‍ പള്ളിക്കവലയില്‍ ഇറക്കിവിടുന്നു. ഇതു സംബന്ധിച്ച് ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കം പതിവാണ്. പള്ളിക്കവലയില്‍ ഇറങ്ങി ടൗണിലെത്താന്‍ യാത്രക്കാര്‍ ഓട്ടോറിക്ഷ വിളിക്കേണ്ട സാഹചര്യമാണ്. ഇടുക്കി, കുമളി, പത്തനംതിട്ട, കൊല്ലം, കൊട്ടാരക്കര ഭാഗങ്ങളിലേക്ക് പോകുന്ന ദീര്‍ഘദൂര ബസുകളാണ് യാത്രക്കാരെ വലയ്ക്കുന്നത്. കോട്ടയം-എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ലിമിററഡ് ബസുകളെ കടത്തി സര്‍വീസ് നടത്തുന്നതിനാണ് ദീര്‍ഘദൂര ബസുകള്‍ പള്ളിക്കവലയില്‍ നിന്നു തിരിയുന്നത്. പള്ളിക്കവല മുതല്‍ കെ.ആര്‍. ഓഡിറേറാറിയം വരെയുള്ള റോഡിലെ രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പഞ്ചായത്തും, പോലീസും, വാഹനവകുപ്പും സംയുക്തമായി ഒട്ടനവധി ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ക്ക് രൂപം നല്‍കിയെങ്കിലും എല്ലാം കടലാസിലൊതുങ്ങി. ഉത്തരവാദിത്ത്വപ്പെട്ടവര്‍ പരസ്പരം പഴിചാരി തടിതപ്പുന്നു. ടൗണിലെ ഗതാഗതക്കുരുക്ക് കോരിക്കല്‍ മാര്‍ക്കററ് റോഡുകള്‍ക്ക് ഏറെ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. മിക്ക സമയവും ഈ റോഡുകളില്‍ തിരക്കുകാരണം ഗതാഗതം സ്തംഭിക്കുന്നു. ഇതെല്ലാം കണ്ടിട്ടും കാണാത്ത ഭാവം നടിച്ച് ബന്ധപ്പെട്ട അധികാരികള്‍ ഉത്തരവാദിത്വം മറക്കുന്നു.