Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പില്‍ ജോണ്‍ ഓര്‍മയായി.
18/12/2015
കഥാരചനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചെമ്പില്‍ ജോണ്‍ (ഫയല്‍ ചിത്രം)
മലയാളികള്‍ക്ക് വായനയുടെ ലോകത്ത് ഒരുപിടി കഥകളും അതിലേറെ കഥാപാത്രങ്ങളും നല്‍കിയ ചെമ്പില്‍ ജോണ്‍ (90) ഓര്‍മയായി. വായനയുടെ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ജോണിന് സാധിച്ചിരുന്നു. എഴുപതിലധികം നോവലുകള്‍ അദ്ദേഹത്തിന്റെ സൃഷ്ടിയില്‍ പിറന്നു. ഇതില്‍ ആറെണ്ണം സിനിമയും ഒരെണ്ണം സീരിയലുമായി. രണ്ട് നാടകങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയില്‍ ഉടലെടുത്തിരുന്നു. 'മംഗളം' വാരികയില്‍ ജോണ്‍ എഴുതിയ സ്വപ്നം കൊണ്ടൊരു കൊട്ടാരം, അലമാലകള്‍, ശരശയ്യയിലെ പക്ഷി എന്നിവയെല്ലാം വായനക്കാരുടെ പ്രശംസ പിടിച്ചുപററിയവയായിരുന്നു. ഇതില്‍ സ്വപ്നം കൊണ്ടൊരു കൊട്ടാരം പിന്നീട് സീരിയലായും ശ്രദ്ധ നേടിയിരുന്നു. ജോണിന്റെ ആറ് നോവലുകള്‍ ചലച്ചിത്രങ്ങളായി അഭ്രപാളിയിലെത്തിയിരുന്നു. ആറ് സിനിമകളും ഏറെ ജനശ്രദ്ധ പിടിച്ചു പററിയവയായിരുന്നു. കല്യാണഫോട്ടോ, നാടന്‍പെണ്ണ്, പടക്കുതിര, കോട്ടയം കൊലക്കേസ്, കരിമ്പൂച്ച, അമൃചുംബനം എന്നിവയായിരുന്നു സിനിമകള്‍. മനുഷ്യന്‍ നരകം സൃഷ്ടിക്കുന്നു, കള്ളസന്യാസി എന്നിവയായിരുന്നു ജോണിന്റെ സൃഷ്ടിയില്‍ പിറന്ന നാടകങ്ങള്‍. കഥാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജോണിനെ പലപ്പോഴും അംഗീകാരങ്ങള്‍ മാത്രം തേടിയെത്തിയിരുന്നില്ല. അംഗീകാരങ്ങള്‍ ലഭിക്കാത്തതില്‍ ഒരിക്കല്‍പോലും ഒരു പരിഭവവും പ്രകടിപ്പിച്ചിരുന്നില്ല. ഇവിടെയെല്ലാം വായനക്കാരുടെ മനസ്സ് കീഴടക്കുന്ന കഥകള്‍ സൃഷ്ടിച്ചാണ് ജോണ്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നത്. 22-ാം വയസ്സില്‍ തുടങ്ങിയ കഥാരചന 85 വയസ്സ് വരെ തുടര്‍ന്നു. ഇതിനുശേഷം കൈയ്യുടെ ചലനശേഷിക്ക് അല്‍പം തടസമുണ്ടായപ്പോള്‍ മകന്‍ ജോയിക്ക് കഥകള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. ആരംഭത്തില്‍ ജോയ് അല്‍പം താല്‍പര്യക്കുറവ് കാട്ടിയിരുന്നെങ്കിലും അച്ഛന്റെ കഥകളെഴുത്ത് ജോയിയെയും എഴുത്തുകാരനാക്കി മാററി. ഇപ്പോള്‍ കഥാരചനയില്‍ സജീവസാന്നിദ്ധ്യമാണ്. തന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ മകന് കഴിഞ്ഞതില്‍ അവസാനനാളുകളില്‍ ജോണ്‍ ഏറെ സന്തോഷവാനായിരുന്നു.