Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നതിന് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും വൈക്കം നഗരസഭയുടെയും ഭരണാധികാരികള്‍ ശ്രമം ആരംഭിച്ചു.
16/12/2015
വൈക്കം ജങ്കാര്‍ ജെട്ടി
വാഹനയാത്രക്കാര്‍ക്ക് പ്രതീക്ഷ നല്‍കി വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നതിന് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും വൈക്കം നഗരസഭയുടെയും ഭരണാധികാരികള്‍ ശ്രമം ആരംഭിച്ചു. മൂന്ന് വര്‍ഷം മുന്‍പാണ് വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് നിലച്ചത്. ദേശീയ പാതയിലൂടെ എത്തുന്നവര്‍ക്ക് കോട്ടയം ജില്ലയില്‍ പ്രവേശിക്കാന്‍ വളരെ എളുപ്പമാര്‍ഗമായിരുന്നു തവണക്കടവ്- വൈക്കം ജങ്കാര്‍ സര്‍വീസ്. തുറവൂര്‍-പമ്പ പാതയിലെ തൈക്കാട്ടുശേരി പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ദേശീയ പാതയില്‍ നിന്ന് കോട്ടയം ജില്ലയിലേക്ക് മുന്‍പുണ്ടായിരുന്നതിലും എളുപ്പമാര്‍ഗം വാഹനയാത്രക്കാര്‍ക്ക് എത്തിച്ചേരാന്‍ കഴിയും. ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി ഭരണമേററ ചേന്നംപള്ളിപ്പുറം പഞ്ചായത്തിന്റെയും വൈക്കം നഗരസഭയുടെയും സാരഥികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. 2002ല്‍ ആരംഭിച്ച വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് ലാഭകരമല്ലെന്ന കാരണം പറഞ്ഞ് 2012 ജൂണിലാണ് കരാറെടുത്ത വ്യക്തി കാലാവധി തീരുംമുന്‍പ് മുന്നറിയിപ്പില്ലാതെ സര്‍വീസ് നിര്‍ത്തിയത്. ഇതേത്തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചേന്നംപള്ളിപ്പുറം പഞ്ചായത്ത് കരാറുകാരനെതിരെ കേസ് നല്‍കിയിരുന്നു. പിന്നീട് നഗരസഭയും പഞ്ചായത്തും സംയുക്തമായി ടെണ്ടര്‍ നടത്തിയെങ്കിലും കരാറെടുക്കാന്‍ ആരും മുന്നോട്ടുവന്നിരുന്നില്ല. റീ ടെണ്ടറിലും ഇതേ സാഹചര്യം ആവര്‍ത്തിച്ചു. തുടര്‍ന്ന് ഇപ്പോള്‍ ജങ്കാര്‍ വാടകക്കെടുത്ത് നേരിട്ട് സര്‍വീസ് നടത്തുന്നതിന് ആലോചിച്ചു. ഇതിനായി കൊച്ചി കേന്ദ്രമായുള്ള ജങ്കാര്‍ നടത്തിപ്പുകാരെയും സമീപിച്ചു. ജങ്കാര്‍ നല്‍കുന്നതിനുള്ള തുക സംബന്ധിച്ചും ഏകദേശ ധാരണയായിരുന്നു. മുന്‍പുണ്ടാക്കിയ ധാരണപ്രകാരമാണ് ഇപ്പോഴും ജങ്കാര്‍ സര്‍വീസ് ആരംഭിക്കാന്‍ ശ്രമിക്കുന്നത്. ജങ്കാര്‍ സര്‍വീസ് നിലച്ചതോടെ ജില്ലയില്‍ നിന്നും പൂഴി, ചെങ്കല്ല്, പാറ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ ആലപ്പുഴ ജില്ലയിലേക്ക് എത്തിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ട് നേരിട്ടത്. ഇപ്പോള്‍ തണ്ണീര്‍മുക്കം ബണ്ട് വഴി കിലോമീറററുകള്‍ സഞ്ചരിച്ചാണ് ചേര്‍ത്തലയുടെ വിവിധ ഭാഗങ്ങളിലെത്തുന്നത്.