Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ പഞ്ചായത്തില്‍ നിലംനികത്തല്‍ വ്യാപകം
14/01/2017
വെച്ചൂര്‍ ബണ്ട് റോഡ് ജംഗ്ഷനുസമീപം നിലംനികത്തി കപ്പയും വാഴയും നട്ട നിലയില്‍.

വൈക്കം: വൈക്കത്തിന്റെ നെല്ലറയായ വെച്ചൂര്‍ പഞ്ചായത്തില്‍ പാടശേഖരങ്ങള്‍ വ്യാപകമായി നികത്തപ്പെടുന്നു. ഭൂമാഫിയയാണ് സംഭവത്തിനുപിന്നില്‍. വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമായ വിവരങ്ങള്‍ വില്ലേജ്, താലൂക്ക്, കൃഷിവകുപ്പ് അധികാരികളെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് പ്രധാന പരാതി. പഞ്ചായത്തിലെ അച്ചിനകം ഭാഗത്ത് ഇപ്പോള്‍ നിലം നികത്തല്‍ തകൃതിയായി നടക്കുകയാണ്. ബണ്ട് റോഡ് ജംഗ്ഷനുസമീപം പാടശേഖരങ്ങള്‍ നികത്തി മാഫിയ വാഴയും കപ്പയും നട്ടുകഴിഞ്ഞു. മാഫിയക്കുപിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചില പ്രാദേശിക നേതാക്കളുണ്ടെന്നു പറയപ്പെടുന്നു. തലയാഴം പഞ്ചായത്തിലെ കൊതവറയിലും വ്യാപകമായി നിലം നികത്തുകയാണ്. നാട്ടുകാര്‍ ഇതുസംബന്ധിച്ച് റവന്യു അധികാരികള്‍ക്കും പോലീസിനും രേഖാമൂലം പരാതി നല്‍കിയിട്ടും ഇതുവരെയായി ഒരു നടപടിയും ഉണ്ടായിട്ടില്ല. ചില സ്ഥലങ്ങളില്‍ നിലം നികത്തുമ്പോള്‍ കൊടിനാട്ടി പ്രതിഷേധങ്ങളെല്ലാം അരങ്ങേറാറുണ്ട്. ദിവസങ്ങള്‍ കഴിയുമ്പോള്‍ പ്രതിഷേധക്കാര്‍ കളംവിടുകയും നികത്തല്‍ ജോലികള്‍ തകൃതിയായി നടക്കുകയും ചെയ്യുന്നതുപതിവാണ്. പാടശേഖരങ്ങള്‍ വ്യാപകമായി നികത്തുന്നതിനെതിരെ ഇനിയും നടപടികള്‍ വൈകിയാല്‍ വെച്ചൂര്‍ പഞ്ചായത്തിലെ ഭൂരിഭാഗം പാടശേഖരങ്ങളും മാഫിയകളുടെ കയ്യില്‍ അകപ്പെടും. വര്‍ഷങ്ങളായി കാര്‍ഷിക വൃത്തിയിലൂടെ ഉപജീവനം നടത്തുന്ന സാധാരണക്കാരായ കര്‍ഷകര്‍ക്കുപോലും ഇപ്പോള്‍ മാഫിയയുടെ ഭീഷണികള്‍ ഉണ്ടാകാറുണ്ട്. കാരണം കൃഷികള്‍ നിര്‍ത്തി ഭൂമി നല്‍കണമെന്നതാണ് ഇവരുടെ ആവശ്യം. മോഹവിലയാണ് പല കര്‍ഷകര്‍ക്കും ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. പലരും സമ്മര്‍ദ്ദങ്ങള്‍ മുറുകുമ്പോള്‍ ഇവര്‍ക്ക് അടിമപ്പെടുന്ന കാഴ്ചാവിശേഷവും ഉണ്ട്.