Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കായല്‍ മലിനമുക്തമാക്കണം: കേന്ദ്രമന്ത്രി ഗോയല്‍
13/01/2017
സൗരോര്‍ജ്ജ യാത്രാ ബോട്ടിന്റെ സ്വിച്ച് ഓണ്‍ കര്‍മം വൈക്കത്ത് കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ നിര്‍വഹിക്കുന്നു.

വൈക്കം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ കായലുകള്‍ മലിനീകരണ വിമുക്തമാക്കണമെന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി പിയൂഷ് ഗോയല്‍. രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ്ജ യാത്രാ ബോട്ടിന്റെ സ്വിച്ച് ഓണ്‍ കര്‍മം വൈക്കത്ത് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജ്ജരംഗത്തുള്ള മാററത്തിന്റെ തുടക്കമാണ് സോളാര്‍ ബോട്ടുകള്‍. ഫിന്‍ലാന്റിലെ യാത്രാനുഭവം തനിക്ക് ഇത്തരം ബോട്ടുകളെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കി. രാജ്യം ഇതേക്കുറിച്ച് ആലോചിച്ചപ്പോള്‍ കേരളം അത് അതിവേഗം പൂര്‍ത്തിയാക്കി മാതൃകയായി. മത്സ്യബന്ധനമേഖലയിലും വിനോദസഞ്ചാരമേഖലയിലും സോളാര്‍ ബോട്ടുകള്‍ വരണം. കേരളത്തിന്റെ തനിമ കാത്തുസൂക്ഷിച്ചിരുന്ന നാലുകെട്ടും നടുമുറ്റവുമുള്ള വീടുകള്‍ പ്രകൃതിയോടിണങ്ങി ചേര്‍ന്നവയായിരുന്നു. ഈ തനിമയാണ് സോളാര്‍ ബോട്ടിലുമുള്ളത്. ഇതിലൂടെ പ്രകൃതിയെയും ജലാശയങ്ങളെയും സംരക്ഷിക്കാം. സി.എഫ്.എല്‍ ബള്‍ബുകള്‍ക്കുപകരം രാജ്യത്താകമാനം എല്‍.ഇ.ഡി ബള്‍ബുകള്‍ ആക്കിമാറ്റണം. ഇതിലൂടെ ഊര്‍ജ്ജരംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനാവും. സോളാര്‍ ബോട്ട് അതിവേഗം നിര്‍മാണം പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കിയ സംസ്ഥാന സര്‍ക്കാരിനെ മന്ത്രി അഭിനന്ദിച്ചു. പത്ത് സോളാര്‍ ബോട്ടുകള്‍ കേരളത്തിന് അനുവദിക്കണമെന്ന് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നല്‍കിയ അനുകൂലമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വേദിയില്‍വെച്ച് ഉറപ്പുനല്‍കി.