Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരമ്പരാഗത ക്രിസ്ത്യന്‍ വേഷമണിഞ്ഞ് കുരുന്നുകളുടെ കാഴ്ചവിരുന്ന്
11/01/2017
തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ 2017 കുട്ടികളുടെ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പള്ളിയില്‍ പരമ്പരാഗത ക്രിസ്ത്യന്‍ വേഷമണിഞ്ഞെത്തിയ കുരുന്നുകള്‍.

തലയോലപ്പറമ്പ് : മാടപ്രാവുകളെ അനുസ്മരിപ്പിക്കുന്ന പരമ്പരാഗത ശുഭ വസ്ത്രങ്ങളണിഞ്ഞു ആയിരത്തിലേറെ കുരുന്നുകള്‍ തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയില്‍ സംഗമിച്ചപ്പോള്‍ നിത്യസഹായ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം മറെറാരു പാല്‍ക്കടലായി. '2017' കുട്ടികളുടെ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കുരുന്നുകള്‍ ദിവ്യബലിക്ക് പരമ്പരാഗത വസ്ത്രത്തില്‍ അണിങ്ങൊരുങ്ങിയത്. ഒന്ന് മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സിലെ ആണ്‍കുട്ടികള്‍ പരമ്പരാഗത നസ്രാണി വേഷമായ മുണ്ടും ജൂബയും പെണ്‍കുട്ടികള്‍ ചട്ടയും മുണ്ടും ധരിച്ചാണ് എത്തിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു ദേവാലയത്തില്‍ പാരമ്പര്യത്തനിമ വിളിച്ചോതുന്ന വസ്ത്രങ്ങളണിഞ്ഞു മുഴുവന്‍ കുട്ടികളും അണിനിരന്നത്. എല്ലാ ഞായറാഴ്ചകളിലും നേതൃത്വം നല്‍കുന്ന അതാതു ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ ഈ പരമ്പരാഗത വേഷത്തിലാണ് പള്ളിയിലെത്തുക. കുട്ടികളുടെ വര്‍ഷം ഉദ്്ഘാടനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ഈ പരമ്പരാഗത നസ്രാണി വേഷം ധരിച്ചു ദേവാലയത്തിലെത്തിയപ്പോള്‍ ആയിരക്കണക്കിനാളുകള്‍ക്കു അതൊരു കാഴ്ചവിരുന്നായി. സെപ്‌ററംബര്‍ എട്ടിനും, മാതാവിന്റെ തിരുന്നാള്‍ ദിവസവും ഈ പരമ്പരാഗത വേഷത്തിലെത്തുന്നത് വലിയൊരു നേര്‍ച്ചയാണ്. തലയോലപ്പറമ്പ് പള്ളിയില്‍ '2017' കുട്ടികളുടെ വര്‍ഷമായാണ് ആചരിക്കുന്നത്. കുട്ടികളുടെ വര്‍ഷാചരണത്തിന്റെ ഉത്ഘാടനം ഗോരക്പൂര്‍ മുന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡൊമിനിക് കോക്കാട്ട് നിര്‍വഹിച്ചു. കുട്ടികളെ മൂല്യബോധമുള്ളവരായി വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്കും, സമൂഹത്തിനും നിര്‍ണായക പങ്കുവഹിക്കാനാകുമെന്നു അദ്ദേഹം പറഞ്ഞു. വചനാധിഷ്ഠിത ജീവിതം കുട്ടികളെ നന്മയുടെ സന്ദേശവാഹകരാക്കും. ആധുനിക യുഗത്തിന്റെ പ്രലോഭനങ്ങളില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇടവക തലത്തില്‍ കുട്ടികളുടെ ബൗദ്ധിക, ആത്മീയ, ധാര്‍മിക മൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കും. പഠനക്ലാസ്സുകള്‍, പഠനയാത്രകള്‍, തലയോലപ്പറമ്പിന്റെ സാംസ്‌കാരിക, സാഹിത്യ സംഭാവനകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ തയ്യാറാക്കുന്ന ആല്‍ബം, സാംസ്‌കാരിക സംഗമം, ജീവകാരുണ്യ നിധി, അഗതിമന്ദിര സന്ദര്‍ശനം തുടങ്ങി നിരവധി കര്‍മ പരിപാടികള്‍ ഈ വര്‍ഷം നടപ്പിലാക്കുമെന്ന് ഇടവക വികാരി ഫാദര്‍ ജോണ്‍ പുതുവ അറിയിച്ചു. ഫാദര്‍ ജിജു വലിയകണ്ടത്തില്‍, ജോര്‍ജ് നവംകുളങ്ങര, ജോസഫ് മണ്ണാര്‍കാട്, ടോമി മരങ്ങോലി, കെ.ജെ.സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.