Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളക്കുറവുമൂലം കര്‍ഷകര്‍ ദുരിതത്തില്‍
09/01/2017
വെള്ളക്കുറവുമൂലം പ്രതിസന്ധി നേരിടുന്ന വടയാര്‍ പാടശേഖരത്തിലെ നെല്‍കൃഷി.

വൈക്കം: മഴ പെയ്തില്ലെങ്കില്‍ കര്‍ഷകര്‍ വെള്ളം കുടിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. നോട്ട് പ്രതിസന്ധിക്കിടെ പലരും കടമെടുത്താണ് പാടശേഖരങ്ങളില്‍ കൃഷിയിറക്കിയത്. തലയോലപ്പറമ്പ് പഞ്ചായത്തിലാണ് കര്‍ഷകര്‍ ഏററവും ദുരിതത്തിലായിരിക്കുന്നത്. പഞ്ചായത്തിലെ എണ്ണൂറിലധികം ഏക്കറിലെ കൃഷിയെയാണ് വെള്ളക്കുറവ് വലക്കുന്നത്. മഴ പെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും. തളിര്‍ത്തുനില്‍ക്കുന്ന നെല്‍ച്ചെടികള്‍ക്ക് വരുംദിവസങ്ങളില്‍ വെള്ളക്കുറവ് അനുഭവപ്പെട്ടാല്‍ കൃഷിയുടെ വിളവെടുപ്പിനെ ദോഷകരമായി ബാധിക്കും. പഞ്ചായത്തിലെ ആലങ്കേരി, കോലത്താര്‍, തെക്കേപുതുശ്ശേരി, വടക്കേപുതുശ്ശേരി, തെക്കേക്കരി, നടുക്കരി, മനയ്ക്കക്കരി, പൊന്നുരുക്കുംപാറ, പഴമ്പെട്ടി, എസ്.എന്‍.വി, കുറിച്ചി പാടശേഖരത്തിന്റെ ഒരു ഭാഗം, അടിയം ചാല്‍, കോളോത്ത് പാടശേഖരങ്ങളിലാണ് വെള്ളത്തിന്റെ കുറവ് പ്രശ്‌നമാകുന്നത്. വരുംദിവസങ്ങളില്‍ മനമുരുകി പ്രാര്‍ത്ഥിച്ചാണ് കര്‍ഷകര്‍ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. മഴ കാര്യമായ രീതിയില്‍ ലഭിച്ചാല്‍ റെക്കോര്‍ഡ് വിളവെടുപ്പായിരിക്കും പാടശേഖരങ്ങളില്‍ നിന്നും ലഭിക്കുക. അല്ലാത്തപക്ഷം വായ്പ എടുത്ത് കൃഷിയിറക്കിയ കര്‍ഷകരെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക പരാധീനതകളായിരിക്കും. വെച്ചൂര്‍ പഞ്ചായത്തില്‍ വലിയ രീതിയില്‍ കൃഷി നടന്നിട്ടില്ല. കൃഷിയിറക്കിയിരിക്കുന്ന പാടശേഖരങ്ങളില്‍ വെള്ളക്കുറവ് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഓരുവെള്ള ഭീഷണി ഉണ്ടാകുമെന്ന കാരണത്താല്‍ കാലങ്ങളായി വെച്ചൂര്‍ പഞ്ചായത്തിലെ ഭൂരിഭാഗം പാടങ്ങളിലും ഈ കാലയളവില്‍ കൃഷിയിറക്കാറില്ല.