Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചികിത്സാപിഴവുമൂലം വീട്ടമ്മ മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിക്ക് നേരെ ആക്ഷേപം ഉയരുന്നു
05/01/2017

വൈക്കം: നിര്‍ദ്ധനയായ വീട്ടമ്മ ചികിത്സാപിഴവുമൂലം മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിക്ക് നേരെ നിരവധി ഒളിയമ്പുകളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പോലീസിനും ഗുരുതരമായ വീഴ്ച പററിയെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ചെമ്മനത്തുകര പുത്രേഴത്ത് കോളനിയില്‍ ശോഭന (60) മരിച്ച സംഭവത്തിലാണ് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ശോഭനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചൊവ്വാഴ്ച താലൂക്ക് ആശുപത്രിയില്‍ വെച്ചുതന്നെ ഇവര്‍ മരിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഡോക്ടറുടെ പിഴവാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ സമയം ശോഭനക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പെണ്‍മക്കളെ മാററിനിര്‍ത്തി ഇവര്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ നിന്നുതന്നെ രോഗി മരിച്ചെന്നു വാദങ്ങളെല്ലാം ഉയര്‍ന്നെങ്കിലും ഇതിനെല്ലാം പുല്ലുവിലയാണ് കല്‍പിക്കപ്പെട്ടത്. രോഗിക്കൊപ്പം ഒരിക്കല്‍ പോലും ഒരു ഡോക്ടറും ആംബുലന്‍സില്‍ പോയ സാഹചര്യമില്ല. ഇതിനെച്ചുററിയും നിരവധി ദുരൂഹതകള്‍ നിറയുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗിയെ ഒരു പരിചരണവും നടത്താതെ ഐ.സിയുവിലേക്ക് മാററുകയായിരുന്നെന്നും പറയുന്നു. ഇതിനുകാരണം രോഗി മരിച്ചെന്ന വിവരം മററുള്ളവര്‍ അറിയാതിരിക്കാനാണ്. ഇതിനിടയില്‍ രോഗി മരിച്ച സംഭവത്തില്‍ പരാതി ഉയര്‍ന്നിട്ടും വൈക്കത്തെ പോലീസ് ഏറെ നേരം ഇന്‍ക്വസ്റ്റ് തയ്യാറാക്കുവാന്‍ മടികാണിച്ചതായും ആക്ഷേപമുണ്ട്. ജീവനക്കാരെ സംരക്ഷിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇവര്‍ക്കുണ്ടായിരുന്നത്. വീട്ടമ്മ മരിച്ച സംഭവത്തില്‍ ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതെല്ലാം പിന്നീട് കെട്ടടങ്ങി. വലിയ സമ്മര്‍ദ്ദങ്ങള്‍ പലര്‍ക്കുമേലെയും ഉയര്‍ന്നതായാണ് ഇതിനുപിന്നിലെ കാര്യമെന്നതാണ് അണിയറ സംസാരം. വീട്ടമ്മയുടെ ബന്ധുക്കള്‍ ഇന്ന് പട്ടികജാതി കമ്മീഷനെ നേരില്‍കണ്ട് പരാതി നല്‍കുവാനുള്ള നീക്കത്തിലാണ്. വൈക്കം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ നേരിടുന്ന കഷ്ടതകള്‍ അനുഭവിക്കുന്ന ഏററവും ഒടുവിലത്തെ നേര്‍ക്കാഴ്ചയാണ് ശോഭനയിലൂടെ പുറത്തായിരിക്കുന്നത്. ഇനിയും ഇതിന് തടയിടുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ തുടര്‍ക്കഥയായേക്കും.